Enter your Email Address to subscribe to our newsletters

New delhi, 22 സെപ്റ്റംബര്‍ (H.S.)
മതപരമായ കാരണങ്ങളാല്‍ വന്ദേമാതരം ആലപിക്കാത്ത പൗരന്മാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. 2026-ലെ ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയല്‍ ഭേദഗതി നിയമത്തെയും, ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറ് പാദങ്ങളും നിര്‍ബന്ധമായും ആലപിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ദേശീയ ഗാനമായ 'വന്ദേമാതര'ത്തിന് ക്രിമിനല്‍ ശിക്ഷാ പരിരക്ഷ നല്‍കുന്ന 2026-ലെ നിയമഭേദഗതിക്കും, ആറ് പാദങ്ങളും നിര്‍ബന്ധമായും ആലപിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ക്കുമെതിരെ പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി , ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ആദ്യ രണ്ട് ചരണങ്ങള്‍ രാജ്യത്തിന്റെ പ്രകൃതി ഭംഗിയെ വര്‍ണിക്കുന്നതാണ്. പിന്നീടുള്ള വരികള്‍ ലക്ഷ്മിയോടും ദുര്‍ഗയോടും ഉപമിക്കുന്നതുമാണ്. ആ ഭാഗങ്ങള്‍ പാടാന്‍ നിര്‍ബന്ധിക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ലംഘിക്കുന്നതാണ് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ പറഞ്ഞു.
ഏതാണ് ദേശീയ ഗാനം എന്ന് തീരുമാനിക്കുന്നത് കോടതിയുടെ പരിധിയിലുള്ള വിഷയമല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, എന്നാല്‍ വിശ്വസപരമായോ മനസ്സക്ഷിപരമായോ ഗാനം ആലപിക്കാത്തവരുടെ അവകാശം സംരക്ഷിക്കപ്പെടുമെന്ന് നിരീക്ഷിച്ചു. 1986-ലെ ചരിത്രപരമായ 'ബീജോയ് ഇമ്മാനുവല്‍' കേസിലെ തത്ത്വങ്ങള്‍ ഈ നിയമത്തിനും ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, മതപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
വന്ദേമാതരത്തിലെ അവസാനത്തെ നാല് പാദങ്ങളില്‍ ഹിന്ദു ദേവിമാരെക്കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഇവ ആലപിക്കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി. ആദ്യ രണ്ട് പാദങ്ങള്‍ മാത്രമാണ് പരമ്പരാഗതമായി ആലപിച്ചിരുന്നതെന്നും, ആഭ്യന്തര മന്ത്രാലയം പെട്ടെന്ന് ആറ് പാദങ്ങളും നിര്‍ബന്ധമാക്കി ഉത്തരവിറക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. എസ്. മുരളിധര്‍ വാദിച്ചു.
2026-ലെ പുതിയ ഭേദഗതി പ്രകാരം ദേശീയ ഗാനത്തെയോ ദേശീയ ഗീതത്തെയോ ബോധപൂര്‍വ്വം തടസ്സപ്പെടുത്തുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍പ് ഈ നിയമത്തില്‍ ക്രിമിനല്‍ ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നില്ല. പുതിയ ഭേദഗതിയിലൂടെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്നാണ് സുപ്രീം കോടതി ഇനി പരിശോധിക്കുക
---------------
Hindusthan Samachar / Sreejith S