ദുരിതാശ്വാസ സന്ദർശനത്തിനിടെ പ്രത്യേക വിമാനയാത്ര: മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി വിവാദത്തിൽ
Thiruvananthapuram, 22 സെപ്റ്റംബര് (H.S.) കനത്ത മഴയിലും പ്രകൃതിദുരന്തത്തിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ച മലപ്പുറം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവം സംസ്ഥാന രാഷ്ട്രീയത
V D Satheeshan


Thiruvananthapuram, 22 സെപ്റ്റംബര് (H.S.)

കനത്ത മഴയിലും പ്രകൃതിദുരന്തത്തിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ച മലപ്പുറം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്ത സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് വഴിതുറന്നു. ബെംഗളൂരുവില് നിന്നും എത്തിച്ച വിമാനത്തിലാണ് മുഖ്യമന്ത്രി കരിപ്പൂരിലേക്ക് തിരിച്ഛത്.

പോലീസ് ഹെലികോപ്റ്ററിന്റെ പാട്ടക്കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അടിയന്തര ദുരിതാശ്വാസ സന്ദർശനത്തിനായി പ്രത്യേക വിമാനം ഏർപ്പെടുത്തിയതെന്നും ഇതിനായി സംസ്ഥാന ഖജനാവിൽ നിന്ന് പണമൊന്നും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, സർക്കാർ പണം ചെലവാക്കിയില്ലെങ്കിൽ ആരാണ് ഈ വിമാനയാത്രയുടെ സ്പോൺസർ എന്ന് പരസ്യപ്പെടുത്തണമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര് മുറുകിയതോടെ വിഷയം ചൂടുപിടിച്ച ചർച്ചയായി മാറി. കോർപ്പറേറ്റ് താൽപ്പര്യങ്ങളും സുതാര്യതയില്ലായ്മയും ഉന്നയിച്ച് സി.പി.ഐ.എം നേതൃത്വവും വൈസ് പൈലറ്റ് ഉൾപ്പെടെയുള്ള യാത്രകളെ ചോദ്യം ചെയ്ത് എൽ.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പ്രകൃതിദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് സമയബന്ധിതമായി എത്തുന്നതിനാണ് യാത്ര ക്രമീകരിച്ചതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ മാനങ്ങൾ ഇല്ലെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.

ഭരണപക്ഷത്തിൻ്റെ നിലപാട്: ധൂർത്തല്ല, ദുരന്തനിവാരണത്തിനുള്ള അടിയന്തര ഇടപെടൽ

പൊലീസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാടക ഹെലികോപ്റ്ററിൻ്റെ കരാർ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള ഔദ്യോഗിക യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ക്രമീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാർ ഖജനാവിന് നഷ്ടമില്ലെന്നും യാത്രയ്ക്കായി സർക്കാരിൻ്റെ പണമോ പൊതുജനങ്ങളുടെ നികുതിപ്പണമോ ഉപയോഗിച്ചിട്ടില്ലെന്ന് ഭരണപക്ഷം വ്യക്തമാക്കുന്നു.

സ്പോണ്സറെ വെളിപ്പെടുത്തി ഷെഫീര്

അതേസമയം, വിവാദമായതോടെ സ്പോണ്സറെ വെളിപ്പെടുത്തി കോണ്ഗ്രസ് നേതാവ് ഷെഫീര് തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനം കേലചന്ദ്ര ലോജിസ്റ്റിക് പ്രൈവറ്റി ലിമിറ്റിഡ് എന്ന കമ്പനിയുടെ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ കമ്പനി കർണാടക മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോൾ ഊർജ മന്ത്രിയുമായ കെ ജെ ജോർജ് എന്ന മലയാളി കൂടിയായ സീനിയർ കോൺഗ്രസ് നേതാവ് തുടങ്ങിയ കമ്പനിയാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ സുജ ജോർജ് ആണ് കമ്പനി എം.ഡി, മകൻ റാണ ജോർജ് ഡയറക്ടറും ആണെന്നും ഷെഫീര് വ്യക്തമാക്കി.

അതായത് കോണ്ഗ്രസിൻ്റെ മുഖ്യമന്ത്രിക്ക് ദുരിത മേഖലയിൽ അതിവേഗം എത്തണമെങ്കിൽ സർക്കാരിൻ്റെയോ പൊതു ജനത്തിൻ്റെയോ പണം ധൂർത്ത് അടിക്കേണ്ട കാര്യമില്ലെന്നും സ്വന്തം പാർട്ടിക്കാരുടെ തന്നെ കിട്ടുമെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം വേഗത്തിലാക്കുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രഥമ ലക്ഷ്യമെന്നും ഇതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് വക്താക്കൾ കൂട്ടിച്ചേർത്തു.

വിവാദമാക്കി പ്രതിപക്ഷം: സ്പോൺസർഷിപ്പ് സുതാര്യമല്ല

സംസ്ഥാനം വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴും ഇത്തരം വി.ഐ.പി യാത്രകൾ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ഇടതുപക്ഷത്തിൻ്റെ വിമര്ശനം.

സ്പോൺസർ ആരാണ്?

വിമാനയാത്രയുടെ ചെലവ് വഹിച്ചത് സ്വകാര്യ വ്യക്തിയാണെന്ന വിശദീകരണം ആനുകൂല്യം പറ്റി ഭരണം നടത്തുന്നതിന് തുല്യമാണെന്നും, ഇത് ഗൗരവമുള്ള സത്യപ്രതിജ്ഞാലംഘനമാണെന്നും എസ്.എഫ്.ഐ അടക്കമുള്ള ഇടത് സംഘടനകൾ ആരോപിച്ചു. ഭരണത്തിലേറി വെറും നാല് മാസത്തിനുള്ളിൽ തന്നെ ഇത്തരം സ്വകാര്യ സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നത് എടുത്ത ഔദ്യോഗിക സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ്. വിമാനയാത്രയ്ക്ക് ഖജനാവിൽ നിന്ന് പണം ചിലവഴിച്ചിട്ടില്ലെന്ന് യു.ഡി.എഫും മുസ്ലിം ലീഗും വാദിച്ചേക്കാം. സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമില്ല, ലാഭം മാത്രമേ ഉള്ളൂ എന്ന് അവർ ന്യായീകരിക്കുമ്പോൾ, ഈ ഭീമമായ തുക സ്പോൺസർ ചെയ്തത് ആരാണെന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർ തയ്യാറാകുന്നില്ല. ഇത് അഴിമതിയുടെയും ബിനാമി ബന്ധങ്ങളുടെയും തുടക്കമാണ്, -എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

ഭരണാധികാരികൾ ഇത്തരം വ്യക്തിഗത/സ്വകാര്യ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് സുതാര്യതയില്ലാത്ത നടപടിയാണെന്ന് സിപിഎം നേതാക്കള് ആരോപിച്ചു. സ്പോൺസർഷിപ്പിൽ ഭരണം നടത്തുന്നത് ഔദ്യോഗിക പദവിയുടെ ലംഘനമാണ്. വിമാനക്കമ്പനിക്ക് ആരാണ് പണം നൽകിയതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇടത് നേതാക്കള് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ട്രോളുമായി സി.പി.എം നേതാവ് വി. ശിവൻകുട്ടിയും രംഗത്തെത്തി. സ്പോൺസറുണ്ടോ പൂക്കീ ഒരു വിമാനമെടുക്കാൻ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്ശിച്ചാണ് മുൻ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News