Enter your Email Address to subscribe to our newsletters

Kasaragod , 22 സെപ്റ്റംബര് (H.S.)
വിഡി സതീശൻ്റെ അജ്ഞാതരായ സ്പോൺസർമാർ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പേര് വെളിപ്പെടുത്താൻ കഴിയാത്ത വിധം കളങ്കിത പശ്ചാത്തലമുള്ളവരാണോ ഇവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സ്പോൺസർഷിപ്പുകൾക്ക് പിന്നിൽ ഉപകാര സ്മരണയാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
കഴിഞ്ഞ 10 വർഷം ഭരണമില്ലാതിരുന്നതിൻ്റെ ആർത്തിയിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ, മുൻ പിണറായി സർക്കാർ പത്ത് വർഷം കൊണ്ട് ചെയ്ത കാര്യങ്ങൾ മൂന്ന് മാസം കൊണ്ട് ചെയ് തീർക്കാനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ദേശീയ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി കാസർകോട് എത്തിയപ്പോഴായിരുന്നു കെ. സുരേന്ദ്രൻ്റെ പ്രതികരണം.
ഗ്രഹണി പിടിച്ച പിള്ളേർ ചക്കകൂട്ടാൻ കണ്ടത് പോലെയെന്ന് പരിഹാസം
മന്ത്രിമാർ വിദേശത്ത് സുഹൃത്തുക്കളുടെ ചെലവിൽ പോകുന്നത് ആരാണെന്ന് പറഞ്ഞാലല്ലേ അത് തന്തവൈബ് ആണോ കുട്ടി വൈബ് ആണോയെന്ന് അറിയാൻ പറ്റുവെന്നും സുരേന്ദ്രൻ പറഞ്ഞു. കെഎം ഷാജി സുഹൃത്തിൻ്റെ റേഞ്ചറോവർ കാർ ഉപയോഗിച്ചതിന് പിന്നിലും ഉപകാരസ്മരണയാണോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ഇത്രമാത്രം ആളുകൾ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സ്നേഹിക്കുന്നതിൽ അത്ഭുതമുണ്ടെന്നും കൂട്ടിച്ചേർത്തു. ഗ്രഹണി പിടിച്ച പിള്ളേർ ചക്കകൂട്ടാൻ കണ്ടത് പോലെയാണ് മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും പ്രവർത്തികളെന്നും പരിഹസിച്ചു.
ദേവസ്വം മന്ത്രിക്ക് വാചകമടി മാത്രം
ശബരിമല വിഷയത്തിൽ സർക്കാർ സമ്പൂർണ പരാചയമാണെന്നും ദേവസ്വം മന്ത്രിക്ക് വാചകമടി മാത്രമേയുള്ളെന്നുമായിരുന്നു മറ്റൊരു പരാമർശം. മന്ത്രി നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെയാണ് നടക്കുന്നത്. ദേവസ്വം പ്രസിഡൻ്റിനെ കുറ്റപ്പെടുത്തുക മാത്രമാണ് മന്ത്രിയുടെ പണി. മണ്ഡലകാലം തുടങ്ങാൻ 50 ദിവസം മാത്രമുള്ളപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഇത്തവണത്തെ ശബരിമല തീർത്ഥാടനംഅലങ്കോലമാകുമെന്ന് ഉറപ്പാണ്.
എങ്ങനെ ശ്രമിച്ചാലും ആവശ്യത്തിന് അരവണ ഉണ്ടാക്കാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല സീസൺ മുന്നൊരുക്കങ്ങളിൽ അപാകതകളും നിർമാണ ജോലികൾ പൂർത്തിയാകാത്തതും അരവണ ലഭ്യത സംബന്ധിച്ച ആശങ്കകളും നിലനിൽക്കുന്നതായി സെപ്റ്റംബർ 22 ലെ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇഡി കേസിലും സർക്കാരിനെതിരെ ആരോപണം
ഇഡി കേസുമായി ബന്ധപ്പെട്ട് കേസെടുക്കാനായി ലഭിച്ച കത്തിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കത്ത് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും സർക്കാർ അടിയന്തരമായി ഇടപെടുന്നില്ലെന്നാണ് ആരോപണം. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള എല്ലാ വസ്തുതകളും ഇഡിയുടെ കത്തിൽ കൃത്യമായി ഉണ്ടായിട്ടും സർക്കാർ പിണറായി വിജയനെ സഹായിക്കുകയാണ്.
പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. വിഷയത്തിൽ നിയമോപദേശം ലഭിച്ചിട്ടും തുടർനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്ന് വിശദീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR