Enter your Email Address to subscribe to our newsletters

Malappuram , 22 സെപ്റ്റംബര് (H.S.)
പൂക്കോട്ടുംപാടം ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശി സജിതയാണ് (27) മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ആറായി ഉയർന്നു.
കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഒഴുക്കിൽപ്പെട്ട് കാണാതായ സജിതയ്ക്കായി പ്രദേശവാസികളും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്നാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വനംവകുപ്പും പോലീസും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് (സെപ്റ്റംബര് 22) ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അപകടം ഉണ്ടായതിന് പിന്നാലെ പുഴയിലും സമീപ പ്രദേശങ്ങളിലും തെരച്ചില് തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ തെരച്ചില് ആരംഭിച്ചെങ്കിലും ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യയാണ് സജിത.
നാടിനെ നടുക്കിയ മലവെള്ളപ്പാച്ചില്
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കോട്ടപ്പുഴയില് മലവെള്ളപ്പാച്ചില് ഉണ്ടായത്. പൊടുന്നനെ പാറകള്ക്കിടയിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഇതിനിടെ പുഴയില് കുളിക്കാനിറങ്ങിയവരാണ് ഒഴുക്കില്പ്പെട്ടത്. സംഭവ ദിവസം രണ്ട് പേരുടെയും ഇന്നലെ ഒരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), വണ്ടൂർ ചെട്ടിയാർ എംഎൽ കുറുപ്പത്ത് റഫീഖ് (39), കരുവാരക്കുണ്ട് സ്രാമ്പിക്കൽ റഹീം (45), വണ്ടൂർ കുപ്പനത്ത് സജാദ് (23) എന്നിവരുടെ മൃതദേഹമാണ് നേരത്തെ കണ്ടെത്തിയത്.
പുഴയില് ജലനിരപ്പ് ഉയര്ന്നതോടെ നിരവധി പേര് പുഴയില് കുടുങ്ങിയിരുന്നുവെങ്കിലും നാട്ടുകാരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സഞ്ചാരികളുടെ ഏറ്റവും തിരക്കുള്ള ഒളർവട്ടം കനാൽ മുതൽ ടികെ കോളനി വരെ നിരവധി സഞ്ചാരികളാണ് അപകട സമയം പുഴയിൽ ഉണ്ടായിരുന്നത്. ഒഴിവ് ദിവസമായതിനാൽ നൂറുക്കണക്കിന് ആളുകളാണ് കെട്ടുങ്ങല്, ആനക്കുണ്ട്, ബാലവാടിപ്പടി,കോയിപ്ര മലവാരത്തോട് ചേർന്നുള്ള വിവിധ ഭാഗങ്ങളിലെത്തിയത്. വെള്ളം ഉയർന്നതോടെ പുഴയുടെ മധ്യത്തിൽ അകപ്പെട്ട 30ഓളം ആളുകളെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. പല ഭാഗത്തും ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെ ഏറെ നേരം കുടുങ്ങി കിടന്നു. സംഭവം നടന്നയുടൻ നാട്ടുകാർ സാഹസികമായാണ് രക്ഷപ്രവർത്തനം നടത്തിയത്. തുടർന്ന് ഫയർ, പൊലീസ് സേനകളും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവര്ത്തനത്തിനെത്തുകയായിരുന്നു.
രക്ഷാപ്രവര്ത്തനം ഏകോപിപ്പിച്ച് നേതാക്കള്
റവന്യൂ മന്ത്രി എപി അനിൽകുമാർ, എംഎല്എ ആര്യാടന് ഷൗക്കത്ത്, ജില്ലാ കലക്ടർ ഡോ.വിനയ് ഗോയാൽ, നിലമ്പൂർ തഹസിൽദാർ സിന്ധു തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്ത്തനം ഏകോപിച്ചത്. അപകടത്തിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശനും സ്ഥലത്തെത്തി സ്ഥിതി ഗതികള് വിലയിരുത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR