അനധികൃതമായി മദ്യം സൂക്ഷിച്ച കേസില് ആന്റോ അഗസ്റ്റിന് ജാമ്യം; കര്ശന ഉപാധികള് മുന്നോട്ടുവച്ച് ഹൈക്കോടതി
Kochi, 22 സെപ്റ്റംബര്‍ (H.S.) വയനാട്ടിലെ വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മ
anto


Kochi, 22 സെപ്റ്റംബര്‍ (H.S.)

വയനാട്ടിലെ വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ആന്റോ ഹൈക്കോടതി സമീപിച്ചത്.ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ആന്റോ. കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആന്റോ ഇന്ന് തന്നെ ജയില്‍ മോചിതനാകും. മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു. ഇതേ വാദം തന്നെയാണ് ഹൈക്കോടതിയിലും ഉന്നയിച്ചത്.

എന്നാല്‍ വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകള്‍ എക്‌സൈസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനായി മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം തെളിവ് ശേഖരിച്ചു. 2025 വര്‍ഷത്തെ കെട്ടിടനികുതി 2026 മാര്‍ച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിര്‍മിച്ച് പത്തുവര്‍ഷത്തിനുശേഷം 2022-ല്‍ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നു. ഹോംസ്റ്റേ പോലെ വാണിജ്യാവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു എന്നും എക്സൈസ് കോടതിയെ അറിയിച്ചു.

വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി കാമറകളിലെയും ദൃശ്യങ്ങള്‍ കാണാനില്ലെന്ന് എക്‌സൈസ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ എടുത്തുമാറ്റിയ നിലയിലാണെന്നും എക്‌സൈസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണ്. എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടതും തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയതും പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലെ കര്‍ശന ഉപാധികളില്‍ കോടതി ഉത്തരവ് പുറത്ത് വന്നാല്‍ മാത്രമേ വ്യക്തത വരികയുള്ളൂ.

---------------

Hindusthan Samachar / Sreejith S


Latest News