Enter your Email Address to subscribe to our newsletters

Kalpetta, 22 സെപ്റ്റംബര് (H.S.)
കൽപ്പറ്റ: വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് വൻതോതിൽ അനധികൃത മദ്യശേഖരം പിടികൂടിയ സംഭവത്തിൽ തടിയൂരാൻ ശ്രമിച്ച റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി. റെയ്ഡ് നടന്ന വീടും സ്ഥലവും തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ പ്രതിരോധ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു. വീടും വസ്തുവും വൈദ്യുതി കണക്ഷനുമെല്ലാം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽത്തന്നെയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകൾ
വാഴവറ്റയിലെ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റെ പേരിലുള്ളതാണെന്നുമാണ് അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ നേരത്തെ കോടതിയിൽ വാദിച്ചത്. എന്നാൽ, പരിശോധനയിൽ വീടിന്റെ വസ്തുനികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ, ഇവിടുത്തെ വൈദ്യുതി കണക്ഷനും ആന്റോയുടെ പേരിൽത്തന്നെയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിഎസ്ടി വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിൽ ആന്റോ അഗസ്റ്റിൻ സ്വന്തം മേൽവിലാസമായി നൽകിയിരിക്കുന്നത് വാഴവറ്റയിലെ ഇതേ വീട്ടുപേരാണെന്നും രേഖകൾ വ്യക്തമാക്കുന്നു.
ഇതിനുപുറമെ, മുൻപ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിനെതിരെ കോടതി പുറപ്പെടുവിച്ച സമൻസുകളും വാറണ്ടുകളും കൈപ്പറ്റിയത് ഇതേ വിലാസത്തിൽത്തന്നെയാണെന്ന് എക്സൈസ് അധികൃതരും സ്ഥിരീകരിച്ചു. ഇതോടെ, വീടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ആന്റോയുടെ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
പിടിച്ചെടുത്തത് വൻ മദ്യശേഖരം
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധനയ്ക്കിടെയാണ് വാഴവറ്റയിലെ വീട്ടിൽനിന്ന് അനുവദനീയമായ അളവിലും കൂടുതൽ മദ്യം സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘമെത്തി വിദേശമദ്യവും വൈനും ഉൾപ്പെടെ 67 ലിറ്ററിലധികം മദ്യം പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ 12.7 ലിറ്ററോളം വ്യാജമദ്യമാണെന്ന സംശയത്തിൽ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പുതിയ തെളിവുകൾ പുറത്തുവന്നതോടെ ആന്റോ അഗസ്റ്റിനെതിരെയുള്ള അബ്കാരി കേസ് കൂടുതൽ ശക്തമായിരിക്കുകയാണ്. വീടിന്റെ നിർമാണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിലും തദ്ദേശ സ്വയംഭരണ വകുപ്പും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ പൂർണ്ണമായി കോടതിയിൽ ഹാജരാക്കാനാണ് എക്സൈസിന്റെ നീക്കം.
---------------
Hindusthan Samachar / Roshith K