സിഎംആര്എല്–എക്സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതില് സര്ക്കാര് തീരുമാനം ഇന്ന്; മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ച നടത്തും
Thiruvananthapuram , 22 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിവാദമായ സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കും എതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന
സിഎംആര്എല്–എക്സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതില് സര്ക്കാര് തീരുമാനം ഇന്ന്; മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കൂടിക്കാഴ്ച നടത്തും


Thiruvananthapuram , 22 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വിവാദമായ സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎൽഎയ്ക്കും എതിരെ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനം ഇന്ന്. വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താമെന്ന് വ്യക്തമാക്കുന്ന അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ച പശ്ചാത്തലത്തിൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെയും ലഭ്യമായ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. മൂന്നാം കക്ഷി വഴിയുള്ള സാമ്പത്തിക നേട്ടം, അധികാര ദുർവിനിയോഗം എന്നിവ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേസിൽ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്നുമാണ് ലഭിച്ച നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച നിർണായകം

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകും.

ലഭിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നേരിട്ട് അന്വേഷണത്തിലേക്ക് കടക്കണമോ, അതോ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്ന കാര്യത്തിൽ ഇന്നത്തെ ചർച്ചയിൽ തീരുമാനമെടുക്കും. ഇതിനുപുറമെ അന്വേഷണം വിജിലൻസിന് വിടണമോ, അതോ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമോ എന്ന കാര്യവും യോഗം വിശദമായി വിലയിരുത്തും.

മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടേക്കും

മുതിർന്ന രാഷ്ട്രീയ നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് അന്വേഷണം വരുന്നത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെക്കുമെന്നിരിക്കെ, സർക്കാർ അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരാൻ സാധ്യതയുള്ളതിനാൽ, വിഷയം മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി തലത്തിൽ മാത്രം ഒതുക്കാതെ മന്ത്രിസഭയുടെ പൂർണ്ണ പരിഗണനയ്ക്ക് വിടാനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് പൊതുതീരുമാനമാക്കിയാൽ മുന്നണി തലത്തിലുള്ള ഐക്യം നിലനിർത്താനും രാഷ്ട്രീയ തിരിച്ചടികൾ പ്രതിരോധിക്കാനും സാധിക്കുമെന്ന വിലയിരുത്തലിലാണ് ഭരണനേതൃത്വം. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനവും വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കും ഭരണ-പ്രതിപക്ഷ പോരാട്ടങ്ങൾക്കും കളമൊരുക്കും.

---------------

Hindusthan Samachar / Roshith K


Latest News