സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
Thiruvananthapuram , 22 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. പീക്ക് അവർ സമയങ്ങ
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി


Thiruvananthapuram , 22 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. പീക്ക് അവർ സമയങ്ങളിലെ വർധിച്ച ഉപഭോഗവും ലഭ്യതയിലെ വൻ കുറവുമാണ് ബോർഡിനെ നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതരാക്കുന്നത്. വൈകുന്നേരം 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിലായിരിക്കും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുക.

വൈദ്യുതി ലഭ്യതയിൽ പ്രതിദിനം 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വലിയ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത്. കേന്ദ്ര വിഹിതത്തിലെ കുറവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലെ സാങ്കേതിക തടസ്സങ്ങളും ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവുമാണ് ഈ വിടവ് വലുതാക്കിയത്. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം അഭൂതപൂർവമായ നിലയിൽത്തന്നെ ഉയർന്നു നിൽക്കുകയാണ്.

മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ശരാശരി ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ഏകദേശം 1200 മെഗാവാട്ടിന്റെ അധിക ഡിമാൻഡാണ് ഈ മാസം അനുഭവപ്പെടുന്നത്. നിലവിലെ കാലാവസ്ഥാ വ്യതിയാനവും ചൂട് വർധിച്ചതും കാരണം വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കുത്തനെ ഉയർന്നതാണ് ഈ സ്ഥിതിക്ക് വഴിവെച്ചത്.

വൈദ്യുതി ഗ്രിഡിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി റൊട്ടേഷൻ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിൽ ലോഡ് ഷെഡ്ഡിങ് അല്ലെങ്കിൽ ഭാഗിക നിയന്ത്രണം നടപ്പിലാക്കാനാണ് തീരുമാനം. അത്യാവശ്യ സേവനങ്ങളായ ആശുപത്രികൾ, വാട്ടർ അതോറിറ്റി പമ്പിംഗ് സ്റ്റേഷനുകൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്ന് പരമാവധി ഒഴിവാക്കും.

പ്രതിസന്ധി ലഘൂകരിക്കുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ വാഷിംഗ് മെഷീൻ, ഇലക്ട്രിക് മോട്ടോർ, ഇൻഡക്ഷൻ കുക്കർ, ഇസ്തിരിപ്പെട്ടി, എയർ കണ്ടീഷണറുകൾ തുടങ്ങിയ ഉയർന്ന വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നും അത്യാവശ്യ ലൈറ്റുകൾ മാത്രം തെളിയിച്ച് ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

---------------

Hindusthan Samachar / Roshith K


Latest News