ശബരിമല മണ്ഡലകാല ഒരുക്കങ്ങളില് കടുത്ത അലംഭാവം: ദേവസ്വം ബോര്ഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തുനല്കാന് മന്ത്രി കെ. മുരളീധരന്
Thiruvananthapuram, 22 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്ഥാടന മുന്നൊരുക്കങ്ങളില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അലംഭാവവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി കെ. മുരളീധരന് മുഖ്യമന്ത്ര
ശബരിമല മണ്ഡലകാല ഒരുക്കങ്ങളില് കടുത്ത അലംഭാവം: ദേവസ്വം ബോര്ഡിനെതിരെ മുഖ്യമന്ത്രിക്ക് കത്തുനല്കാന് മന്ത്രി കെ. മുരളീധരന്


Thiruvananthapuram, 22 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്ഥാടന മുന്നൊരുക്കങ്ങളില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയും അലംഭാവവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി കെ. മുരളീധരന് മുഖ്യമന്ത്രിക്ക് കത്ത് നല്കും. ഒരുക്കങ്ങളുടെ മേല്നോട്ടത്തിനും ഏകോപനത്തിനുമായി മന്ത്രിതല സമിതിയെയും പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിക്കണമെന്നാണ് കത്തിലെ പ്രധാന ശുപാര്ശ.

മുന് വര്ഷങ്ങളിലെ പ്രവര്ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള് ഇത്തവണത്തെ ഒരുക്കങ്ങള്ക്ക് ഒട്ടും വേഗതയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. തീര്ഥാടന കാലം ആരംഭിക്കാന് ആഴ്ചകള് മാത്രം അവശേഷിക്കെ, സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമടക്കം നടക്കേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങള് ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയിലാണ്. ഈ മെല്ലെപ്പോക്ക് തുടര്ന്നാല് തീര്ഥാടനം ആരംഭിക്കുന്നതോടെ വലിയ ക്രമീകരണ പാളിച്ചകളിലേക്കും ഭക്തജനങ്ങളുടെ കടുത്ത അമര്ഷത്തിലേക്കും കാര്യങ്ങള് വഴിവെക്കുമെന്നും കത്തില് വ്യക്തമാക്കും.

അരവണ ക്ഷാമം മുന്നറിയിപ്പ്

കഴിഞ്ഞ ദിവസങ്ങളില് സന്നിധാനത്ത് അനുഭവപ്പെട്ട അപ്രതീക്ഷിത അരവണ ക്ഷാമം ബോര്ഡിന്റെ ആസൂത്രണമില്ലായ്മയുടെ തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു. പ്രസാദ വിതരണം പോലുള്ള പ്രാഥമിക കാര്യങ്ങളില് പോലും മുന്കരുതല് എടുക്കാന് ബോര്ഡിന് സാധിച്ചില്ല. എന്നാല് പ്രശ്നം അരവണ വിതരണത്തില് മാത്രമായി ഒതുങ്ങുന്നില്ലെന്നും കുടിവെള്ളം, ശുചിമുറികള്, വെളിച്ചം, ആരോഗ്യ സേവനങ്ങള്, റോഡ് അറ്റകുറ്റപ്പണികള് തുടങ്ങിയ എല്ലാ മേഖലകളിലും പ്രകടമായ നിഷ്ക്രിയത്വവും ഏകോപനമില്ലായ്മയും നിലനില്ക്കുന്നുണ്ടെന്നും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക ഏകോപന സമിതി വേണം

നിലവിലെ സാഹചര്യത്തില് വകുപ്പുകളുടെ ഏകോപനം ദേവസ്വം ബോര്ഡിന് മാത്രം വിട്ടുകൊടുക്കുന്നത് തിരിച്ചടിയാകും. അതിനാല് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഉന്നതതല യോഗം വിളിച്ച് ചേര്ക്കുകയും, മന്ത്രിമാരും വിവിധ വകുപ്പുകളിലെ മുതിര്ന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ഉടന് ശബരിമലയിലേക്ക് നിയോഗിക്കുകയും വേണമെന്നാണ് മന്ത്രിയുടെ നിലപാട്. പോലീസ്, വനം, ആരോഗ്യം, മോട്ടോര് വാഹനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തിയാക്കാന് ഭരണതലത്തിലുള്ള നേരിട്ടുള്ള ഇടപെടല് അനിവാര്യമാണെന്ന് കത്തില് വ്യക്തമാക്കുന്നു.

തീര്ഥാടക ലക്ഷങ്ങള് ഒഴുകിയെത്തുന്ന മണ്ഡലകാലത്ത് സർക്കാരിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിലുള്ള വീഴ്ചകള് അനുവദിക്കില്ലെന്നും, പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വരുന്ന ദിവസങ്ങളില് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.

---------------

Hindusthan Samachar / Roshith K


Latest News