Enter your Email Address to subscribe to our newsletters

Idukki , 23 സെപ്റ്റംബര് (H.S.)
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് സർവീസ് നടത്തുന്ന ഭീഷണിയായ കാട്ടാനകളെ മാറ്റിപ്പാർപ്പിക്കാൻ വനം വകുപ്പിന്റെ തീരുമാനം. മതികെട്ടാൻ മേഖലയിൽ ഭീതി പരത്തുന്ന മൂന്ന് കാട്ടാനകളെ പിടിച്ചുകെട്ടി മറ്റ് വനമേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് (ട്രാൻസ്ലോക്കേറ്റ്) വനം വകുപ്പ് അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ആർ. ലക്ഷ്മി അറിയിച്ചു.
പ്രദേശവാസികൾക്ക് നിരന്തരം ഭീഷണിയാകുന്ന ചക്കക്കൊമ്പൻ, മുറിവാലൻ, ഇവരോടൊപ്പമുള്ള ഒരു പിടിയാന എന്നിവരെയാണ് കാടുകയറ്റുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്യുക. ഇതിനായുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി.
ചിന്നക്കനാലിൽ വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് വൻ ജനരോഷം ഉയരുന്നതിനിടെയാണ് വനം വകുപ്പിന്റെ നിർണായക നീക്കം. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ചിന്നക്കനാൽ പന്തടിക്കളം ഉന്നതി സ്വദേശിയായ വിജയൻ കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധം ഉയര്ന്നിരുന്നു. ഇതിന് പിന്നാലെ ചേര്ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്
അനധികൃത ഫെൻസിങ് പൊളിക്കും: കാട്ടാനകളുടെ സ്വാഭാവിക സഞ്ചാരപാത തടസപ്പെടുത്തി സ്വകാര്യ തോട്ടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിങ്ങുകൾ പൊളിച്ചുമാറ്റും.
സോളാർ ഫെൻസിങ്: ഗോത്രവർഗ ജനവിഭാഗങ്ങളുടെ സുരക്ഷ മുൻനിർത്തി ഇവരുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ചുറ്റും പുതിയ സോളാർ ഫെൻസിങ് നിർമ്മിക്കും.
പുതിയ RRT സംഘം: ചിന്നക്കനാലിലെ കാട്ടാനകളുടെ നീക്കങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി പ്രത്യേക ആർആർടി (Rapid Response Team) സംഘത്തെ ഉടൻ നിയമിക്കും.
കുടുംബത്തിന് സംരക്ഷണം: കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറുന്നതിനൊപ്പം വിജയന്റെ ഭാര്യയ്ക്ക് ചൊക്രമുടിയിലെ വനം വകുപ്പ് എക്കോ ടൂറിസം സെന്റർ ടിക്കറ്റ് കൗണ്ടറിൽ താത്ക്കാലിക ജോലിയും നൽകുമെന്നും ആര്.ലക്ഷ്മി കൂട്ടിച്ചേര്ത്തു.
വഴിതടഞ്ഞ് നാട്ടുകാരുടെ പ്രക്ഷോഭം
തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് നിന്ന് വിജയന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ റോഡ് ഉപരോധിച്ചു. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി കഴിഞ്ഞ മൂന്നര മാസത്തിനിടെ നാല് ജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു മണിക്കൂറുകൾ നീണ്ട പ്രക്ഷോഭം.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥര് യോഗം ചേരുകയും ജനങ്ങള്ക്ക് സംരക്ഷണം നല്കുന്നതിന് വേണ്ട നടപടികളെ കുറിച്ച് ചര്ച്ച നടത്തുകയും ചെയ്തു. യോഗത്തിന് ശേഷം പ്രതിഷേധക്കാരുമായി സംസാരിച്ച് നടപടികള് എടുക്കുമെന്ന് ഉറപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാര് സമരം അവസാനിപ്പിച്ചത്. തുടര്ന്ന് ഇന്ക്വസ്റ്റ് നടപടികള് പൂര്ത്തിയാക്കി വിജയന്റെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ഇടുക്കി ഗവണ്മെന്റ് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് (സെപ്റ്റംബര് 23) പുലര്ച്ചെയാണ് വിജയന് നേരെ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. പുലര്ച്ചെ കൃഷിയിടത്തില് നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആനയുടെ മുന്നിലകപ്പെട്ട വിജയന് ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആക്രമണത്തില് ഗുരുതര പരിക്കേറ്റ വിജയന് തത്ക്ഷണം മരിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR