സർക്കാരുമായി വിയോജിപ്പില്ല, മണ്ഡലകാലത്ത് അരവണ പ്രതിസന്ധിയുണ്ടാകില്ല; വി.ഡി. സതീശൻ പിന്തുണ ഉറപ്പുനൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
Thiruvananthapuram, 23 സെപ്റ്റംബര് (H.S.) നിലവിലെ സർക്കാരിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് യാതൊരുവിധ വിയോജിപ്പുമില്ലെന്നും വരാനിരിക്കുന്ന ശബരിമല തീർഥാടന കാലത്ത് പൂർണ്ണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് അറിയിച്ചതായും ബോർഡ
JAYAKUMAR K MURALEEDHARAN


Thiruvananthapuram, 23 സെപ്റ്റംബര് (H.S.)

നിലവിലെ സർക്കാരിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് യാതൊരുവിധ വിയോജിപ്പുമില്ലെന്നും വരാനിരിക്കുന്ന ശബരിമല തീർഥാടന കാലത്ത് പൂർണ്ണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേരിട്ട് അറിയിച്ചതായും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരും ബോർഡുമായുള്ള ആശയവിനിമയത്തിൽ തടസ്സങ്ങളൊന്നുമില്ലെന്നും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നിലനിന്നിരുന്ന അരവണ പ്രതിസന്ധി ഒരു ചെറിയ സമയത്തേക്ക് മാത്രമുള്ളതായിരുന്നു എന്നും, വരാനിരിക്കുന്ന മണ്ഡലകാലത്ത് അത്തരം പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും കെ. ജയകുമാർ ഉറപ്പുനൽകി. കൃത്യമായ ക്രമീകരണങ്ങളോടെ തീർഥാടന കാലത്തെ കാര്യങ്ങൾ സുഗമമായി നടപ്പിലാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ഒന്നരമാസം ബാക്കി നിൽക്കേ ദേവസ്വം മന്ത്രി കെ മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാവുന്നതിനിടെയാണ് കെ ജയകുമാർ വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന് ജയകുമാർ തന്നെയാണ് നേരിട്ട് ആവശ്യപ്പെട്ടത്. ദേവസ്വം മ്രന്തിയുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ നിലവിലെ എല്ലാ കാര്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സർക്കാരിൻ്റെ പിന്തുണയില്ലാതെ ബോർഡിന് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. മുഖ്യമന്ത്രി - ദേവസ്വം പ്രസിഡൻ്റ് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ദേവസ്വം മന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ട് മുഖ്യമ്രന്തിയുമായി കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസവും ബോർഡിൻ്റെ വീഴ്ച്ചകൾക്കെതിരെ ദേവസ്വം മന്ത്രി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസപൂജയ്ക്ക് ദർശനത്തിനെത്തിയവർക്ക് ശബരിമലയിലെ പ്രസാദമായ അരവണ വേണ്ടത്ര ലഭിക്കാതിരുന്നതിൽ പരാതിയുയർന്നതിനെ തുടർന്നാണ് തർക്കം രൂക്ഷമായത്. മാസപൂജയ്ക്ക് എത്തിയ ഭക്തർക്ക് ഒരു ടിൻ അരവണ മാത്രമാണ് ലഭ്യമായത്. പലർക്കും അരവണ കിട്ടാതെ പടിയിറങ്ങേണ്ട സ്ഥിതിയുമുണ്ടായി.

ഭക്തരുടെ പരാതി വ്യാപകമായി ഉയർന്നതോടെ മന്ത്രി ബോർഡ് പ്രസിഡൻ്റിനെ ഫോണിലൂടെ ആശങ്ക അറിയിച്ചിരുന്നു. അരവണ പ്ലാൻ്റിൻ്റെ നവീകരണം നടക്കുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ ബോർഡ് സ്വീകരിക്കണമെന്ന നിലപാട് മുരളീധരൻ പരസ്യമാക്കുകയും ചെയ്തിരുന്നു. ഭക്തർക്ക് പ്രസാദം ലഭിക്കേണ്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം ബോർഡിനാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമല ഉത്സവം പ്രത്യേക ടീമിനെ വെച്ച് നടത്തുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞതോടെ ഭിന്നത രൂക്ഷമായി. അതേസമയം, അരവണ തയാറാക്കാനുള്ള ശർക്കര കരാർ നൽകാൻ വൈകിയതു കാരണം ദേവസ്വം ബോർഡിന് 4.1 കോടി രൂപ അധികച്ചെലവ് ഉണ്ടായേക്കുമെന്നും പറയപ്പെടുന്നു. കഴിഞ്ഞ വർഷം കിലോഗ്രാമിന് 39 രൂപ നിരക്കിലാണ് ശർക്കര ലഭിച്ചതെങ്കിൽ ഇത്തവണ 46.51 രൂപയാണ് കരാറുകാർ ആവശ്യപ്പെടുന്നത്.

നവംബർ 16നു മണ്ഡലകാല തീർഥാടനം തുടങ്ങുന്നതിനാൽ വിലപേശി വാങ്ങാനുള്ള സമയവും ഇനിയില്ല. മുൻവർഷങ്ങളിൽ ശർക്കര കരാറുകാരുടെ ചെലവിൽ സന്നിധാനത്തെ ഗോഡൗണിലാണ് എത്തിക്കുന്നത്. ഇത്തവണ പമ്പയിൽ എത്തിച്ചാൽ മതി. പമ്പയിൽ നിന്ന് ദേവസ്വം ബോർഡിൻ്റെ ചെലവിലാണ് സന്നിധാനത്തിൽ എത്തിക്കുക. അതിനു കുറഞ്ഞത് 1.25 കോടി രൂപയെങ്കിലും ബോർഡ് വീണ്ടും ചെലവഴിക്കേണ്ടിവരും. അതുകാരണം വില കുറയേണ്ട സ്ഥാനത്താണ് 7.51 രൂപ വീതം അധികമായി നൽകേണ്ടിവരിക. 50 ലക്ഷം കിലോഗ്രാം ശർക്കര വാങ്ങാനാണ് കരാർ ക്ഷണിച്ചത്. ഇതിനു മാത്രം 2.85 കോടി രൂപ അധികമായി കൊടുക്കണം. ഇതിനു പുറമേ പമ്പയിൽ നിന്നു സന്നിധാനത്തേക്കു ട്രാക്ടറിൽ ശർക്കര എത്തിക്കുന്നതിനുള്ള തുക കൂടി വരുമ്പോൾ അധികച്ചെലവ് 4 കോടി രൂപ കവിയുമെന്നാണു വിലയിരുത്തൽ.

മണ്ഡല-മകരവിളക്ക് കാലത്തിന് മുന്നോടിയായി തീർക്കേണ്ട കടകളുടെയും ഹോട്ടലുകളുടെയും ലേലം അനിശ്ചിതത്വത്തിലാണ്. അരവണ തയ്യാറാക്കാനുള്ള അവശ്യസാധനങ്ങളുടെ കരാറും ഇതുവരെ ആയിട്ടില്ല. അരവണ നിർമാണ പ്ലാൻ്റിൻ്റെ നവീകരണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വത്തിൽപ്പെട്ടതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദേവസ്വം ബോർഡ്. മുമ്പ് ശബരിമല തീർത്ഥാടകർക്ക് ഓണസദ്യ നൽകിയ കാര്യത്തിൽ മന്ത്രി ബോർഡിനെതിരെ പരാതി ഉന്നയിച്ചിരുന്നു. അന്നും ബോർഡും മന്ത്രിയുമായുള്ള ഭിന്നതകൾ വാർത്തകളിൽ നിറഞ്ഞിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News