Enter your Email Address to subscribe to our newsletters

Kottayam,23 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മിന്നൽ പരിശോധന. കായിക ഉപകരണങ്ങൾ വാങ്ങിയതിലും വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തതിലും സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും നടന്നെന്ന പരാതികളെ തുടർന്നാണ് വിജിലൻസ് നടപടി.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിലെ ഓഫിസിലടക്കം സംസ്ഥാനത്തെ 14 ജില്ലകളിലെയും സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ ഒരേസമയമാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. ഉപകരണങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ, സ്റ്റോക്ക് രജിസ്റ്ററുകൾ, വിതരണം ചെയ്തതിന്റെ രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങിയെന്നും അർഹരായ കായികതാരങ്ങൾക്ക് കിറ്റുകൾ ലഭിച്ചില്ലെന്നുമുള്ള ആരോപണങ്ങളാണ് മിന്നൽ പരിശോധനയിലേക്ക് നയിച്ചത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ വിവിധ പദ്ധതികളുടെ ഭാഗമായി കായിക ഉപകരണങ്ങൾ വാങ്ങിയതിലെ കണക്കുകൾ വിജിലൻസ് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിൽ വലിയ തോതിലുള്ള അഴിമതി നടന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു.
കൗൺസിൽ വാങ്ങി നൽകിയ കിറ്റുകളുടെ കണക്കുകളിൽ വലിയ പൊരുത്തക്കേടുകളാണ് നിലനിൽക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ വാങ്ങി ഗോഡൗണുകളിൽ ഉപയോഗിക്കാതെ നശിക്കുന്നതായും, അർഹരായ കായിക താരങ്ങൾക്ക് ഇവ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ട്രാക്ക് സ്യൂട്ടുകൾ, ജോഗിങ് ഷൂസുകൾ, പരിശീലകർക്കുള്ള യൂണിഫോം തുടങ്ങിയവ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതായി മുൻപ് നടന്ന ഓഡിറ്റുകളിലും കണ്ടെത്തിയിരുന്നു. കണക്കുകളിലും മറ്റ് രേഖകളിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കും. വ്യാജ ബില്ലുകൾ നൽകി പണം അപഹരിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
മന്ത്രിയുടെ ഇടപെടൽപുതിയ കായിക വകുപ്പ് മന്ത്രി ചുമതലയേറ്റതിന് പിന്നാലെ സ്പോർട്സ് കൗൺസിലിലെ ഫയലുകൾ പരിശോധിക്കുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രി തന്നെ രണ്ട് വിജിലൻസ് അന്വേഷണങ്ങൾക്ക് നിർദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ സ്പോർട്സ് കൗൺസിൽ ഓഫിസുകളിലേക്കും കായിക ഹോസ്റ്റലുകളിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ജില്ലകളിൽ പ്രത്യേക വിജിലൻസ് സംഘങ്ങൾ രൂപീകരിച്ചാണ് മിന്നൽ പരിശോധന നടത്തുന്നത്. ഏതെല്ലാം തരത്തിലുള്ള ക്രമക്കേടുകളാണ് നടന്നതെന്ന് പരിശോധന പൂർത്തിയായ ശേഷം മാത്രമേ വ്യക്തമാകൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പരാതികളുടെ കൂമ്പാരംകേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി നിരവധി ആരോപണങ്ങളാണ് നിലനിൽക്കുന്നത്. അഴിമതി, ഭരണപരമായ വീഴ്ചകൾ, കായികതാരങ്ങളോടുള്ള അവഗണന എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ പദ്ധതികൾക്കായി അനുവദിക്കുന്ന കേന്ദ്ര, സംസ്ഥാന ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്. ദേശീയ തലത്തിൽ മത്സരിക്കുന്ന താരങ്ങൾക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കൗൺസിൽ പരാജയപ്പെടുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായിക പ്രതിഭകൾക്ക് അർഹമായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കൗൺസിലിന് കീഴിലുള്ള പരിശീലകർക്ക് മാസങ്ങളോളം ശമ്പളം മുടങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനവും പലപ്പോഴും തടസപ്പെടുന്നുണ്ട്. കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകാൻ കഴിയാത്ത സാഹചര്യങ്ങൾ പല ഹോസ്റ്റലുകളിലും ഉണ്ടായിട്ടുണ്ട്. വിവിധ കായിക അസോസിയേഷനുകൾക്കെതിരെ അഴിമതി പരാതികൾ കുന്നുകൂടിയിട്ടും കൗൺസിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനും സമഗ്രമായ റിപ്പോർട്ട് സർക്കാരിന് കൈമാറാനുമാണ് വിജിലൻസിൻ്റെ തീരുമാനം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR