Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ നിലവിൽ ചാഞ്ചാട്ടങ്ങൾ തുടരുന്നുണ്ടെങ്കിലും വരുന്ന മാസങ്ങളിൽ വില പുതിയ റെക്കോഡുകളിലേക്ക് കുതിക്കാനാണ് സാധ്യതയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ).
കഴിഞ്ഞ ഏഴുമാസത്തെ വിപണി കണക്കുകൾ പരിശോധിക്കുമ്പോൾ വിലക്കയറ്റത്തിനുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.
സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാണോ എന്നത് ആഗോള സാമ്പത്തിക യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഗൗരവമർഹിക്കുന്ന ചോദ്യമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നിലവിലെ സ്വർണനയത്തിൽ കാലോചിതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴുമാസത്തെ കണക്കുകളും വിലക്കുതിപ്പുംമാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സ്വർണവിപണിയിൽ വലിയ ഇടിവും കുതിപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സെപ്റ്റംബർ 22ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,055 രൂപയും 24 കാരറ്റിന് 15,333 രൂപയുമാണ് വില. സെപ്റ്റംബർ മാസത്തിൽ സ്വർണവിലയിൽ 0.50 ശതമാനത്തിൻ്റെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബർ ഒന്നിന് 14,125 രൂപയായിരുന്ന 22 കാരറ്റ് സ്വർണവില 22 ആയപ്പോൾ 14,055 രൂപയായി കുറഞ്ഞു. സെപ്റ്റംബർ നാലിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റിന് 14,360 രൂപയും 24 കാരറ്റിന് 15,666 രൂപയുമായിരുന്നു വില. സെപ്റ്റംബർ 19ന് 22 കാരറ്റിന് 130 രൂപ വർധിച്ച് 14,285 രൂപയിലെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില താഴേക്ക് പോവുകയായിരുന്നു.
എന്നാൽ ഓഗസ്റ്റ് മാസത്തിൽ സ്വർണവിലയിൽ 8.70 ശതമാനത്തിൻ്റെ വലിയ കുതിപ്പാണ് ഉണ്ടായത്. ഓഗസ്റ്റ് ഒന്നിന് 13,220 രൂപയായിരുന്ന 22 കാരറ്റ് സ്വർണവില മാസാവസാനം 14,370 രൂപയായി ഉയർന്നു. ഓഗസ്റ്റ് 24നാണ് ഏറ്റവും ഉയർന്ന നിരക്കായ 15,030 രൂപയിൽ എത്തിയത്. ജൂലായ് മാസത്തിലും 2.71 ശതമാനം വർധനയോടെ സമാനമായ മുന്നേറ്റം പ്രകടമായിരുന്നു.
ജൂൺ മാസത്തിൽ 9.08 ശതമാനം ഇടിവുണ്ടായെങ്കിലും മെയ് മാസത്തിൽ 4.27 ശതമാനം വർധനയോടെ വില വീണ്ടും ഉയർന്നിരുന്നു. ഏപ്രിൽ മാസത്തിൽ 0.14 ശതമാനത്തിൻ്റെ നേരിയ ഇടിവ് മാത്രമാണുണ്ടായത്. മാർച്ച് മാസത്തിൽ 13.61 ശതമാനത്തിൻ്റെ വൻ തകർച്ച നേരിട്ടെങ്കിലും തുടർന്നുള്ള മാസങ്ങളിലെ കുതിപ്പ് സ്വർണവില മുകളിലേക്കാണ് എന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് എങ്ങനെ?സ്വർണവില ഇത്രയും കൂടുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതാണോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. സ്വർണവില കൂടുന്നതിനെ മാത്രം നോക്കി സാമ്പത്തിക ഭദ്രത അളക്കാനാകില്ല. സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ കാലത്ത് രാജ്യങ്ങളും ജനങ്ങളും സ്വർണത്തെ സുരക്ഷിത ആസ്തിയായി കാണുന്നതിൻ്റെ പ്രതിഫലനമാണ് ഈ വിലവർധനയെന്ന് അബ്ദുൽ നാസർ പറയുന്നു. ലോകത്തിൻ്റെ വിവിധ കേന്ദ്രബാങ്കുകൾ സ്വർണത്തെ വീണ്ടും തന്ത്രപ്രധാനമായ കരുതൽ ആസ്തിയായി കാണുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ 2026ലെ സർവേ പ്രകാരം, 89 ശതമാനം കേന്ദ്രബാങ്ക് റിസർവ് മാനേജർമാരും അടുത്ത 12 മാസത്തിനുള്ളിൽ ആഗോളതലത്തിൽ സ്വർണശേഖരം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 45 ശതമാനം പേർ സ്വന്തം സ്ഥാപനത്തിൻ്റെ സ്വർണശേഖരം വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയുടെ സമീപനം ഇതിനൊരു ഉദാഹരണമാണ്. 2026 ഓഗസ്റ്റിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 20 ടൺ സ്വർണമാണ് വാങ്ങിയത്. 2023 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിത്. മെയ് മുതൽ ചൈനീസ് കേന്ദ്രബാങ്ക് തുടർച്ചയായി വൻതോതിൽ സ്വർണം വാങ്ങുന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും പണപ്പെരുപ്പവും വർധിക്കുമ്പോൾ വിദേശനാണയ കരുതൽ ശേഖരം വൈവിധ്യവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് രാജ്യങ്ങൾ സ്വർണം ഉപയോഗിക്കുന്നതെന്ന് അബ്ദുൽ നാസർ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക യാഥാർഥ്യംഇന്ത്യയുടെ സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമാണ്. വലിയ തോതിൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ വിലവർധനയും ഇറക്കുമതിയും വ്യാപാരക്കമ്മിയെ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ കോടിക്കണക്കിന് കുടുംബങ്ങളുടെ കൈവശമുള്ള സ്വർണം വലിയൊരു സ്വകാര്യ സമ്പാദ്യശേഖരമാണ്. 2026 രണ്ടാം പാദത്തിൽ ഇന്ത്യയിലെ സ്വർണ ഡിമാൻഡ് 131 ടണ്ണായിരുന്നു. അളവിൽ ആറ് ശതമാനം കുറവുണ്ടായെങ്കിലും സ്വർണത്തിനായി ചെലവഴിച്ച തുക 50 ശതമാനം ഉയർന്ന് 1.979 ലക്ഷം കോടി രൂപയിലെത്തി. ആഗോള ആഭരണ ഡിമാൻഡിൻ്റെ 27 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. സ്വർണത്തിൻ്റെ അളവ് കുറയുമ്പോഴും അതിൻ്റെ സാമ്പത്തിക മൂല്യം വർധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അബ്ദുൽ നാസർ സൂചിപ്പിച്ചു.
സ്വർണം ഇന്ന് നിക്ഷേപമായും സമ്പാദ്യമായും വായ്പയ്ക്കുള്ള ഈടായും മാറിയിട്ടുണ്ട്. 2026 മെയ് അവസാനത്തെ കണക്കുകൾ പ്രകാരം ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും സ്വർണവായ്പാ പോർട്ട്ഫോളിയോ 8.4 ലക്ഷം കോടി രൂപയിലെത്തിയതായി വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. ബാങ്കുകളുടെ സ്വർണവായ്പയിൽ 105 ശതമാനവും എൻബിഎഫ്സികളുടേതിൽ 70 ശതമാനവും വാർഷിക വർധനയുണ്ടായി.
വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം ആവശ്യസമയത്ത് പണമാക്കി മാറ്റാവുന്ന സാമ്പത്തിക ആസ്തിയായി മാറിയെന്ന് ഇത് തെളിയിക്കുന്നു. അന്താരാഷ്ട്ര പലിശനിരക്കുകൾ, ഡോളറിൻ്റെ മൂല്യം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അതിനാൽ സ്വർണവില ഉയരുന്നത് സമ്പദ്വ്യവസ്ഥയുടെ തകർച്ചയായോ വളർച്ചയായോ ലളിതവത്കരിക്കാനാകില്ല. ജിഡിപി വളർച്ച, പണപ്പെരുപ്പം, തൊഴിൽ, നിക്ഷേപം തുടങ്ങിയ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഭദ്രത വിലയിരുത്തേണ്ടത്.
നയരൂപീകരണത്തിൽ വേണ്ടത് മാറ്റം.സ്വർണത്തെ കേവലം ഇറക്കുമതി ഭാരമായി കാണാതെ നയപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന്അബ്ദുൽ നാസർ പറയുന്നു. 2026 രണ്ടാം പാദത്തിൽ ഇന്ത്യയിലെ സ്വർണ വിതരണത്തിൻ്റെ 82 ശതമാനവും ഇറക്കുമതിയിലൂടെയായിരുന്നു. 16 ശതമാനം റീസൈക്ലിങ്ങിലൂടെയും രണ്ട് ശതമാനം ആഭ്യന്തര ഖനനത്തിലൂടെയുമാണ് ലഭിച്ചത്. പഴയ സ്വർണത്തിൻ്റെ ശേഖരണവും റീസൈക്ലിങ്ങും കൂടുതൽ ക്രമബദ്ധമാക്കേണ്ടത് അനിവാര്യമാണ്.
ഇറക്കുമതി തീരുവ ഉയർത്തുന്നത് ഔദ്യോഗിക ഇറക്കുമതി കുറയ്ക്കാൻ സഹായിക്കുമെങ്കിലും അനൗപചാരിക പ്രവാഹങ്ങൾക്ക് ഇത് കാരണമാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ നികുതി നയം രൂപപ്പെടുത്തുമ്പോൾ ഔദ്യോഗിക, അനൗപചാരിക വിപണികൾ തമ്മിലുള്ള വ്യത്യാസം പരിഗണിക്കണം. സ്വർണത്തെ നിയന്ത്രിക്കുന്ന നയത്തിൽ നിന്ന് അതിൻ്റെ സാമ്പത്തിക ശക്തിയെ പ്രയോജനപ്പെടുത്തുന്ന നയത്തിലേക്ക് ഇന്ത്യ മാറേണ്ട സമയമാണിതെന്ന് കെജിഎസ്എംഎ ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR