Enter your Email Address to subscribe to our newsletters

Wayanad , 23 സെപ്റ്റംബര് (H.S.)
വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ വലിയ രണ്ട് ആനക്കൊമ്പുകളുമായി അഞ്ചുപേരെ വനം വകുപ്പ് പിടികൂടി. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമയിൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44), ഇവർക്ക് ആനക്കൊമ്പ് എത്തിച്ചുനൽകിയ കുറിച്യാട് സ്വദേശികളായ രാജേഷ് (34), ബാലൻ (55), പണയമ്പം സ്വദേശി ജിത്തു (27) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് വലിയ രണ്ട് ആനക്കൊമ്പുകളും കൊമ്പിൽ നിന്നുള്ള മറ്റൊരു കഷണവും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. സംഘം സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് നടപ്പാക്കിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആനക്കൊമ്പ് എവിടെ നിന്നാണ് ശേഖരിച്ചതെന്നും വനപാലകർ അന്വേഷിച്ചുവരികയാണ്.
ഇന്നലെ (സെപ്റ്റംബര് 22) ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ചെതലയം ആറാംമയിൽ ഹോം സ്റ്റേയിൽ വച്ചാണ് ഇവരെ വനംവകുപ്പ് പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് കൽപ്പറ്റ വിജിലന്സ് റേഞ്ച്, കുറിച്യാട് റേഞ്ച്, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാൻ ആളുകൾ എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തുന്നതിനുമുമ്പ് ഇരുവരെയും വനംവകുപ്പ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരെ കൂടി വനം വകുപ്പ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR