Enter your Email Address to subscribe to our newsletters

Ernakulam , 23 സെപ്റ്റംബര് (H.S.)
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലായതോടെ യാത്രക്കാരും വിനോദസഞ്ചാരികളും കടുത്ത നിരാശയിൽ. സർവീസ് എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാത്തത് മേഖലയിലെ ടൂറിസം സാധ്യതകൾക്കും തിരിച്ചടിയാകുന്നു.
സെപ്റ്റംബർ 16 മുതൽ സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന ടിക്കറ്റിങ് ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും സർവീസ് നീണ്ടുപോകുന്നതിൽ വലിയ ആശങ്കയിലാണ്. സർവീസ് തീയതി സംബന്ധിച്ച് മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് നിരവധി യാത്രികരാണ് ബുക്കിങ്ങിനായി ഇവരെ സമീപിച്ചിരുന്നത്.
ലക്ഷദ്വീപിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകാനും ലക്ഷ്യമിട്ടാണ് സീപ്ലെയിൻ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ആവശ്യമായ അനുമതികൾ ലഭ്യമാകുന്നതിലെ കാലതാമസവും സാങ്കേതിക തടസ്സങ്ങളുമാണ് സർവീസ് വൈകാൻ കാരണമെന്നാണ് സൂചന. സർവീസ് എന്ന് പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കഴിഞ്ഞ പതിനാറാം തീയതി സർവീസ് തുടങ്ങുമെന്ന് സ്കൈഹോപ്പ് അറിയിച്ചിരുന്നതായി ഏജൻസികൾ വ്യക്തമാക്കി. സാങ്കേതികവും ഭരണപരവുമായ അനുമതികളുടെ ലഭ്യതയുമായി ബന്ധപ്പെട്ട തടസങ്ങളാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം. ഇന്ധനം നിറയ്ക്കുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയെച്ചൊല്ലിയുള്ള ചർച്ചകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി പുരോഗമിക്കുകയാണെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സർവീസ് ഔദ്യോഗികമായി എന്ന് ആരംഭിക്കാൻ സാധിക്കുമെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ലെന്ന് സിയാൽ അധികൃതരും അറിയിച്ചിട്ടുണ്ട്.
ടൂറിസത്തിന് കുതിപ്പേകുന്ന പദ്ധതിലക്ഷദ്വീപ് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് ഏറെ നിർണായകമായ ഈ പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന ആവശ്യമാണ് പ്രാദേശികമായി ഉയരുന്നത്. സ്പൈസ് ജെറ്റിൻ്റെ സഹോദര സ്ഥാപനമായ സ്കൈ ഹോപ്പ് നിർദേശിച്ചിട്ടുള്ള ഈ പദ്ധതി യാഥാർഥ്യമായാൽ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെ കൽപേനിയിലേക്ക് വെറും 80 മിനിറ്റുകൊണ്ട് എത്തിച്ചേരാൻ സാധിക്കും.
കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കൽപേനി ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിൽ കൊച്ചിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ്. പത്ത് പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് സർവീസ് പ്ലാൻ ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സീപ്ലെയിൻ സർവീസ് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് കേരളവും ലക്ഷദ്വീപും തമ്മിലുള്ള വ്യാപാര വിനോദസഞ്ചാര ബന്ധങ്ങൾക്ക് വലിയ കുതിപ്പേകും.
യാത്രാ സമയം ഇങ്ങനെക്രമീകരിച്ച സമയം അനുസരിച്ച് രാവിലെ എട്ടിന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 9.20ന് കൽപേനിയിലെത്തും. തുടർന്ന് 9.40ന് യാത്ര തിരിച്ച് 10.15ന് കവരത്തിയിലും 10.55ന് അഗത്തിയിലും എത്തും. മടക്കയാത്രയിൽ 20 മിനിറ്റുകളുടെ ഇടവേളകളിൽ സർവീസുകൾ നടത്തി ഉച്ചയ്ക്ക് 2.35ന് കൊച്ചിയിൽ ലാൻഡ് ചെയ്യുന്ന രീതിയിലാണ് സർവീസ് ഷെഡ്യൂൾ വിവരിച്ചിട്ടുള്ളത്. കൽപേനിയിൽ നിന്ന് കവരത്തിയിലേക്ക് 35 മിനിറ്റും കവരത്തിയിൽ നിന്ന് അഗത്തിയിലേക്കും കടമത്തിലേക്കും 20 മിനിറ്റ് വീതവുമാണ് യാത്രാ സമയം കണക്കാക്കുന്നത്. വാട്ടർ എയറോഡ്രോമുകളും പൊന്തിക്കിടക്കുന്ന ഫ്ലോട്ടിങ് ജെട്ടികളുമാണ് യാത്രികർക്കായി സജ്ജീകരിക്കുന്നത്.
മാലദ്വീപ് മാതൃകയിൽ വിനോദസഞ്ചാര വികസനത്തിന് പുറമേ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതിയെന്ന് കടമത്ത് ദ്വീപിലെ സാബിത്ത് പറഞ്ഞു. സാങ്കേതികവും ഭരണപരവുമായ തടസങ്ങൾ പരിഹരിച്ച് ഈ സ്വപ്ന പദ്ധതി എത്രയും വേഗം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ദ്വീപ് നിവാസികളും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR