Enter your Email Address to subscribe to our newsletters

Wayanad , 23 സെപ്റ്റംബര് (H.S.)
വയനാട് മടക്കിമലയിൽ മെഡിക്കൽ കോളജ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ആക്ഷൻ കമ്മിറ്റി. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 26-ന് വാഹന പ്രചാരണ ജാഥയും ഒക്ടോബർ രണ്ടിന് മടക്കിമലയിലെ ദാനഭൂമിയുടെ കവാടത്തിൽ കിടപ്പ് സത്യഗ്രഹവും സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മടക്കിമലയിൽ പ്രഖ്യാപിച്ച മെഡിക്കൽ കോളജ് പദ്ധതി അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നതിൽ ശക്തമായ അമർഷമാണ് നാട്ടുകാർക്കുള്ളത്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് വാഹന പ്രചാരണ ജാഥയും അതിനുശേഷം പ്രതീകാത്മകമായി കിടപ്പ് സത്യഗ്രഹവും നടത്തുന്നത്.
ജില്ലയുടെ ആതുരസേവന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കേണ്ട പദ്ധതി യാഥാർഥ്യമാകുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ സമര പരിപാടികളിൽ പങ്കാളികളാകും.
കൽപറ്റ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനമായി നൽകിയ 54 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കണമെന്ന ആവശ്യമാണ് വീണ്ടും ശക്തമാകുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഈ ഭൂമി മെഡിക്കൽ കോളജിനായി വിട്ടുനൽകിയിരുന്നെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. 2021ൽ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും ആവശ്യത്തിന് പര്യാപ്തമായ ഭൂമി അവിടെ ലഭ്യമായിരുന്നില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ച ജിനചന്ദ്ര സ്മാരക മെഡിക്കൽ കോളജ് മടക്കിമലയിൽ യാഥാർഥ്യമാക്കാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പിൻഗാമികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആവശ്യം. നിലവിൽ ലഭ്യമായ 54 ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളജ് നിർമിക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ പ്രതിസന്ധിവയനാട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന വലിയ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമായാണ് മടക്കിമല മെഡിക്കൽ കോളജിനെ ജനങ്ങൾ നോക്കിക്കാണുന്നത്. ചുരത്തിലെ കനത്ത ഗതാഗതക്കുരുക്ക്, രാത്രിയാത്രാ നിരോധനം, രൂക്ഷമായ വന്യമൃഗശല്യം തുടങ്ങിയ സങ്കീർണമായ വിഷയങ്ങൾ കാരണം കോഴിക്കോട്ടെ മെഡിക്കൽ കോളജുകളിലേക്ക് എത്തുന്നതിൽ വയനാട്ടിലെ അടിയന്തര രോഗികൾ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. മഴക്കാലത്തും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്തും ജില്ല പൂർണമായും ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി മണിക്കൂറുകൾ യാത്ര ചെയ്ത് അയൽ ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും ജീവഹാനിക്ക് വരെ കാരണമാകുന്നുണ്ട്. ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളജ് വയനാടിൻ്റെ ചിരകാല സ്വപ്നമാണ്. ഈ സാഹചര്യത്തിൽ മടക്കിമലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകാൻ വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇടപെടണമെന്നും വിഷയത്തിൽ എംപി പരസ്യനിലപാട് സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സമര പരിപാടികൾപ്രക്ഷോഭങ്ങളുടെ ആദ്യഘട്ടമായി സെപ്റ്റംബർ 26ന് രാവിലെ ഒൻപതിന് പനമരത്തുനിന്ന് ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 5.30ന് കമ്പളക്കാട് സമാപിക്കും. തുടർന്ന് ഗാന്ധി ജയന്തി ദിനത്തിൽ കിടപ്പ് സത്യഗ്രഹം സംഘടിപ്പിച്ച് സമരം കൂടുതൽ ശക്തമാക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ നീക്കം. വാർത്താസമ്മേളനത്തിൽ ചെയർമാൻ ഇ പി ഫിലിപ്പ് കുട്ടി, ജനറൽ കൺവീനർ മൊയ്തു കാവുങ്ങൽ, ട്രഷറർ അഡ്വ. ടി യു ബാബു, വർക്കിങ് കൺവീനർ ഇഖ്ബാൽ മുട്ടിൽ, വൈസ് ചെയർമാൻ ലത്തീഫ് പഞ്ചാര എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR