അക്രമകാരികളായ കാട്ടാനകളെ സർക്കാർ മുന്നകൈയെടുത്ത് കൊല്ലുക തന്നെ വേണം: വിചിത്ര ആവശ്യവുമായി എം.എം. മണി
Idukki , 23 സെപ്റ്റംബര് (H.S.) അക്രമകാരികളായ കാട്ടാനകളെ സർക്കാർ മുൻകൈയെടുത്ത് കൊല്ലുക തന്നെ ചെയ്യണമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം. മണി. വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം ഒരുക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന
IDUKKI ELEPHANT ATTACK


Idukki , 23 സെപ്റ്റംബര് (H.S.)

അക്രമകാരികളായ കാട്ടാനകളെ സർക്കാർ മുൻകൈയെടുത്ത് കൊല്ലുക തന്നെ ചെയ്യണമെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എം.എം. മണി. വന്യമൃഗശല്യത്തിൽ നിന്ന് ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം ഒരുക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുകയും ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഭരണകക്ഷി നേതാവു കൂടിയായ എം.എം. മണിയുടെ വിവാദ പരാമർശം. കാട്ടാനകളെ പിടികൂടി മാറ്റുന്നതിനേക്കാൾ, നാട്ടിലിറങ്ങി അക്രമം കാണിക്കുന്നവയെ കൊന്നൊടുക്കുകയാണ് ശാശ്വത പരിഹാരമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

വനപാലകരും സർക്കാരും ജനങ്ങളുടെ പക്ഷത്തുനിന്ന് ചിന്തിക്കണമെന്നും ജനങ്ങളുടെ ജീവനാണ് വന്യമൃഗങ്ങളേക്കാൾ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വന്യജീവി സംരക്ഷണ നിയമങ്ങൾ നിലനിൽക്കെ മുൻ മന്ത്രിയുടെ ഈ പരാമർശം പുതിയ ചർച്ചകൾക്കും വനപാലക-പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കും വഴിവെച്ചേക്കും.

മേഖലയില് ഇതിനോടകം തന്നെ 60ലധികം പേരെയാണ് കാട്ടാന കൊന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളിലാണ് നാല് പേരാണ് കാട്ടാന ആക്രമണത്തില് പൊലിഞ്ഞത്. ഇത്തരത്തില് മരിക്കുന്നവരുടെ കുടുംബങ്ങള് അനാഥരാകുന്ന അവസ്ഥയാണുള്ളത്. ഇവിടെയുള്ള ജനങ്ങള് ഭീതിയിലാണ്. ജനങ്ങള് യാതൊരുവിധത്തിലും ജീവിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും എംഎം മണി പറഞ്ഞു.

ജനങ്ങളുടെ ഭീതി അകറ്റേണ്ടതുണ്ട്. ജനങ്ങളുടെ സുരക്ഷിതത്വം സര്ക്കാരിന്റെ ബാധ്യതയാണ്. അതിന്റെ ഉത്തരവാദിത്വം വനം വകുപ്പിനും പൊലീസിനുമെല്ലാം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്ക്കാര് ഇക്കാര്യത്തില് കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. വനം വകുപ്പും പൊലീസും ഇക്കാര്യത്തില് കര്ശന നിലപാട് കൈക്കൊള്ളണം.

പിടിച്ച് മാറ്റുന്നത് ശരിയായ നടപടിയല്ല. അങ്ങനെ ചെയ്താല് അവയ്ക്കെല്ലാം തീറ്റ കൊടുക്കണമെന്നും കൊല്ലുകയല്ലാതെ മറ്റ് മാര്ഗങ്ങളില്ല. ഇത്തരത്തില് മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണമെന്നും അദ്ദേഹം ചോദിച്ചു? എന്നാല് അക്രമകാരികളെ കൊല്ലണമെന്ന് പറയുന്നത് ശരിയാണോയെന്ന് ചോദിച്ചാല്, താന് എന്റേതായ തീരുമാനമാണ് പറയുന്നത് എന്നാണ് എംഎം മണി പറഞ്ഞത്.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന എന്തിനെയും നേരിടണം. അവര്ക്ക് സുരക്ഷയൊരുക്കിയതിന് ശേഷമാകണം മറ്റെന്തും. കൊല്ലരുതെന്ന് പറയുന്ന മൃഗസ്നേഹികളോട് കാട്ടാനകളെ പ്രതിരോധിക്കാന് പറയാം. പ്രതിഷേധിക്കാനെത്തുന്നവന് യാതൊരു മുടക്കുമില്ലെന്നും തിരുവനന്തപുരത്ത് നിന്നും പ്രതിഷേധിച്ചാല് മതിയെന്നും ഇവിടെ അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ ജീവനാണോ പ്രധാനം അതോ മൃഗങ്ങളുടേതോയെന്നും അദ്ദേഹം ചോദിച്ചു. കാട്ടാനകളെ പിടിച്ചുമാറ്റാനുള്ള നടപടിയാണെങ്കിലും കൊല്ലാനുള്ള നടപടിയാണെങ്കിലും തങ്ങള് അതിനെ പിന്താങ്ങും കാരണം ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം. ജീവന് രക്ഷിക്കാന് വേണ്ടി ഒരാളെ കൊലപ്പെടുത്തിയാല്യെന്ന് കോടതിയോട് പറഞ്ഞാല് സ്വയം രക്ഷയ്ക്കെന്ന് പറഞ്ഞ് കോടതി അത് അംഗീകരിക്കുമെന്നും അതുകൊണ്ട് സ്വയം രക്ഷയ്ക്ക് വേണ്ടി മൃഗങ്ങളെ കൊന്നാലും അത് കോടതി അംഗീകരിക്കുമെന്ന് എംഎം മണി പറഞ്ഞു. മനുഷ്യരുടെ കാര്യത്തില് ഇല്ലാത്ത ദാക്ഷിണ്യം എന്തിനാണ് മൃഗങ്ങളോട്? ഏത് സര്ക്കാരാണെങ്കിലും അത് ചെയ്യണമെന്നാണ് താന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

മലയോര മേഖലയെ വീണ്ടും കണ്ണീരിലാഴ്ത്തി ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ശാന്തൻപാറ പന്നിയാർ പന്തടിക്കളം സ്വദേശിയായ വിജയൻ (47) ഇന്ന് മരിച്ചിരുന്നു. ഇടുക്കി ചിന്നക്കനാൽ, ദേവികുളം റേഞ്ചുകളിൽ മനുഷ്യ-വന്യജീവി സംഘർഷത്തില് കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ മാത്രം പൊലിയുന്ന നാലാമത്തെ ജീവനാണിത്. വന്യമൃഗ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News