ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് വിമാന, ഹെലികോപ്റ്റർ യാത്രകൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
Thiruvananthapuram, 23 സെപ്റ്റംബര് (H.S.) സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് താൻ വിമാന, ഹെലികോപ്റ്റർ യാത്രകൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാ
V D Satheeshan


Thiruvananthapuram, 23 സെപ്റ്റംബര് (H.S.)

സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് താൻ വിമാന, ഹെലികോപ്റ്റർ യാത്രകൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി കത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്ന ശബരിമല തീർഥാടനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സർക്കാർ തലത്തിൽ പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചിട്ടില്ലസംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കിയ സാഹചര്യത്തിൽ കർശനമായ സാമ്പത്തിക അച്ചടക്കമാണ് സർക്കാർ പാലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാരിൻ്റെ കാലത്ത് 80 ലക്ഷം രൂപ നൽകിയാണ് ഹെലികോപ്റ്റർ കരാർ ഉണ്ടാക്കിയത്. സെപ്റ്റംബർ 19 വരെയായിരുന്നു ഈ കരാർ. മാസം 25 മണിക്കൂർ യാത്ര ചെയ്യാമെന്നിരിക്കെ വെറും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അത് ഉപയോഗിച്ചത്.

യാത്ര ചെയ്തില്ലെങ്കിലും 80 ലക്ഷം രൂപ നൽകേണ്ട അവസ്ഥയായിരുന്നു. എന്നാൽ നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം തൻ്റെ യാത്രകൾക്കായി ഖജനാവിൽനിന്ന് പണം ചെലവാക്കിയിട്ടില്ല. പത്തുവർഷത്തോളം പഴക്കമുള്ള വാഹനങ്ങളാണ് മന്ത്രിമാർ ഉൾപ്പെടെ ഉപയോഗിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ തിരികെ നൽകിയ വാഹനങ്ങളാണ് പല മന്ത്രിമാർക്കും നൽകിയിട്ടുള്ളത്. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.

മലപ്പുറത്ത് ആറുപേർ മരിച്ച വലിയൊരു അപകടമുണ്ടായ സമയത്ത് ദുരന്തനിവാരണ വകുപ്പിൻ്റെ ചുമതലയുള്ള തനിക്ക് അവിടെ എത്തേണ്ടതുണ്ടായിരുന്നു. സെപ്റ്റംബർ 21ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിൻ്റെ സമാധി ദിന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അവിടേക്ക് പോയത്. അവിടെ പോയില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല എന്നാകുമായിരുന്നു വാർത്ത. വേറെ മാർഗമില്ലാത്തതിനാൽ പരിചയക്കാരനായ ഒരു സ്വകാര്യ വ്യക്തിയാണ് വിമാനം ഏർപ്പാടാക്കി തന്നത്.

ഇതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ സ്വകാര്യ വ്യക്തികൾ ഏർപ്പാടാക്കിയ വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരും ഔദ്യോഗിക വിമാനങ്ങൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഇനിയും ആവശ്യമെങ്കിൽ താൻ അത്തരം യാത്രകൾ നടത്തും.

വിദേശ യാത്രകൾക്കും സർക്കാർ പണം ഉപയോഗിക്കുന്നില്ല. യുഎഇയിൽ മാത്രം ആയിരത്തിലധികം മലയാളി സംഘടനകളുണ്ട്. അവർ പരിപാടികൾക്ക് ക്ഷണിക്കുമ്പോൾ ടിക്കറ്റ് ഉൾപ്പെടെയുള്ളവ നൽകും. ഡൽഹിയിലേക്ക് പോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെയോ പേഴ്സണൽ സ്റ്റാഫിനെയോ കൊണ്ടുപോകാറില്ല. ഇതിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഡൽഹി പൊലീസും പരാതിപ്പെട്ടിട്ടുണ്ട്. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.

ശബരിമല തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിൽ യാതൊരു തർക്കങ്ങളുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ വകുപ്പുകൾക്കും കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ചില കാര്യങ്ങളിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോർഡുമായി ചർച്ച നടത്തി.

നിലവിലെ ദേവസ്വം ബോർഡിനെ മാറ്റാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പ്രസാദ വിതരണം, ടെൻഡർ നടപടികൾ, സന്നിധാനത്തെയും പമ്പയിലെയും ഒരുക്കങ്ങൾ, മരാമത്ത് പണികൾ എന്നിവയുടെ പൂർണ ചുമതല ബോർഡിനാണ്. തീർഥാടന കാലം പരാതികളില്ലാതെ കൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങൾക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. കോടതിയുടെ ഇടപെടലുകളും പരിഗണിക്കുന്നുണ്ട്. ചുമതലയുള്ള ജില്ലാ ജഡ്ജിയുമായി നേരിട്ട് സംസാരിച്ചു. പമ്പയിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

ശബരിമലയിലേക്കുള്ള റോഡുകളുടെ നിർമാണത്തിനായി ചരിത്രത്തിലാദ്യമായി 600 കോടിയിലധികം രൂപയാണ് സർക്കാർ അനുവദിച്ചത്. ചാലക്കയത്ത് നിന്നുള്ള അഞ്ച് കിലോമീറ്റർ റോഡിൻ്റെ നിർമാണത്തിന് 48 മണിക്കൂറിനുള്ളിൽ ഭരണാനുമതി നൽകി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രവർത്തനങ്ങൾക്കായി കലക്ടർമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ട്.

അനർഹരായവർ സാമ്പത്തിക സഹായം കൈപ്പറ്റുന്നത് തടയാൻ റവന്യു വകുപ്പിൻ്റെയും വില്ലേജ് ഓഫിസർമാരുടെയും നേതൃത്വത്തിൽ സൂക്ഷ്മ പരിശോധന നടത്തും. വെള്ളം കയറാത്ത സ്ഥലങ്ങളിലുള്ളവർക്കും പണം നൽകാൻ ചിലർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അർഹരായ എല്ലാവർക്കും സഹായം ഉറപ്പാക്കും.

പിണറായി വിജയനെതിരെ അന്വേഷണംപ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് അനുസരിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ കത്ത് ഡിജിപിക്കും തുടർന്ന് ആഭ്യന്തര വകുപ്പിനും കൈമാറി. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽനിന്ന് നിയമോപദേശം തേടി.

സുപ്രീം കോടതിയുടെ രണ്ട് പ്രധാന വിധികളാണ് ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 66(2) വകുപ്പ് അനുസരിച്ച് അധികാരപരിധിയുള്ള കേരള പൊലീസാണ് അന്വേഷണം നടത്തേണ്ടത് എന്നതാണ് ഒന്നാമത്തെ വിധി. അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ എഫ്.ഐ.ആർ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമെന്ന ലളിതകുമാരി കേസിലെ വിധിയാണ് രണ്ടാമത്തേത്.

ഈ നിയമോപദേശത്തിൻ്റെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. ആരെയും വേട്ടയാടാനോ പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News