Enter your Email Address to subscribe to our newsletters

Palakkad , 23 സെപ്റ്റംബര് (H.S.)
താവളത്തിന് സമീപം ഭവാനി പുഴക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക കൊല്ലപ്പെട്ടു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഉപ്പുകോടൻ ബുഷറ (52) ആണ് ദാരുണമായി മരിച്ചത്.
അട്ടപ്പാടി താവളം പരപ്പന്തറയിൽ ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
കുടുംബത്തോടൊപ്പം പരപ്പന്തറയിൽ ഭവാനി പുഴക്കരയിൽ നിൽക്കുന്നതിനിടെ പെട്ടെന്നെത്തിയ കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇവർ മരണപ്പെട്ടു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.
പുഴയിൽ വെള്ളം കുടിക്കാനെത്തിയ കാട്ടാന ബുഷറയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണ സമയം പുഴക്കരയിൽ നിരവധി പേരുണ്ടായിരുന്നു. അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ബുഷറയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില് ബുഷറയുടെ തലയ്ക്കും കൈകാലുകള്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബുഷറയെ പെരിന്തല്മണ്ണയിലെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി മോശമായി. ഇതോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല് ചികിത്സ ആരംഭിച്ചതിന് പിന്നാലെ സ്ഥിതി ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
വനം വകുപ്പ് വാച്ചര്മാരുടെ മുന്നറിയിപ്പ്
ഭവാനി പുഴയിലിറങ്ങിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മേഖലയില് ആനയിറങ്ങിയിട്ടുണ്ടെന്ന് വനം വകുപ്പ് വാച്ചര്മാരുടെ മുന്നറിയിപ്പും ലഭിച്ചിരുന്നു. എന്നാല് ഇതെല്ലാം അവഗണിച്ച് പുഴയില് തന്നെ തുടര്ന്നവര്ക്ക് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
പ്രദേശം ആശങ്കയില്
കാട്ടാന ആക്രമണം പ്രദേശത്ത് ഭീതി പടര്ത്തിയിരിക്കുകയാണ്. പുഴക്കരയില് അമ്പതിലധികം പേരുണ്ടായ സമയത്താണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികള് പറഞ്ഞു. സംഭവത്തില് നാട്ടുകാരില് നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്. ജനവാസ മേഖലകളിലും പുഴയോരങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.
ഇടുക്കിയിലും ഇന്ന് സമാന സംഭവം
പൂപ്പാറയിലും ഇന്ന് പുലര്ച്ച കാട്ടാന ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടിട്ടുണ്ട്. പന്തടിക്കളം സ്വദേശിയായ വിജയനാണ് മരിച്ചത്. ജോലി സ്ഥലത്തെ ഷെഡില് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. ചക്കക്കൊമ്പനാണ് വിജയനെ ആക്രമിച്ചത്. മേഖലയില് കാട്ടാന സാന്നിധ്യമുണ്ടെന്ന് ഇന്നലെ ആര്ആര്ടി സംഘം മുന്നറിയിപ്പ് നല്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലെ ജോലി പൂര്ത്തിയാക്കിയ വിജയന് സ്ഥലത്തെ ഷെഡില് കിടന്നുറങ്ങുകയും പുലര്ച്ചെയോടെ വീട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്.
വിവരം അറിഞ്ഞ് വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര് എന്നിവര് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തിനിടെ പ്രദേശത്ത് കാട്ടാന ആക്രമണത്തില് കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. തുടര്ച്ചയായി ആക്രമണമുണ്ടായിട്ടും അധികൃതര് നടപടി സ്വീകരിക്കാത്തതില് വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR