തൊഴിലാളി സൗഹൃദ കേരളത്തിന്റെ മറ്റൊരു മാതൃകയാണ് ഗിഗോൺ വിശ്രമകേന്ദ്രമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം: തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരി
b


Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം: തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ആരംഭിച്ച ഗിഗോൺ വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടന്നു.

തൊഴിൽ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണിതെന്ന് മന്ത്രി പറഞ്ഞു. ദൈനംദിന ജീവിതം സുഗമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വലിയൊരു തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പുതിയ ക്ഷേമപദ്ധതിക്കാണ് ഇതിലൂടെ തുടക്കമാകുന്നത്. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായും മാന്യമായും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് ഗിഗോൺ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കേവലം ഒരു കെട്ടിടമല്ല ഗിഗോൺ വിശ്രമകേന്ദ്രങ്ങളെന്നും തൊഴിലാളികളുടെ ജോലിക്കിടയിലെ വിശ്രമത്തിനും സുരക്ഷയ്ക്കും അന്തസ്സിനും സർക്കാർ നൽകുന്ന അംഗീകാരത്തിന്റെ പ്രതീകമാണിതെന്നും മന്ത്രി പറഞ്ഞു.

നമ്മൾ വീട്ടിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ അത് വീട്ടുപടിക്കൽ എത്തിക്കുന്നത് ആരാണെന്ന് പലപ്പോഴും ചിന്തിക്കാറില്ല. യാത്രയ്ക്കായി വാഹനം വിളിക്കുമ്പോൾ അതിന് പിന്നിലുള്ള തൊഴിലാളിയുടെ അധ്വാനവും നഗരങ്ങളുടെ ചലനത്തിന് പിന്നിലുള്ള ഇവരുടെ വിയർപ്പും നമ്മൾ കാണാതെ പോകുന്നു. എന്നാൽ ജോലിക്കിടയിൽ ഒന്ന് ഇരിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും പോലും മതിയായ സൗകര്യങ്ങൾ പലപ്പോഴും ഇവർക്ക് ലഭിച്ചിരുന്നില്ല. ഈ യാഥാർഥ്യം പരിഗണിച്ചാണ് 100 ദിന കർമ പരിപാടിയുടെ ഭാഗമായി ഗിഗോൺ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ഗിഗോൺ പദ്ധതി മൂന്ന് നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ആദ്യഘട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് ഓഫീസുകളിലും ഫയലുകളിലും മാത്രം ഒതുങ്ങുന്ന വകുപ്പല്ല. തൊഴിലാളിയുടെ ശമ്പളം മുടങ്ങുമ്പോഴും ജോലി നഷ്ടപ്പെടുമ്പോഴും സുരക്ഷ അപകടത്തിലാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴും തൊഴിൽ വകുപ്പ് ഇടപെടും. തൊഴിലാളിയുടെ പ്രശ്നങ്ങൾ കേൾക്കുകയും ബന്ധപ്പെട്ടവരെ ഒരുമിച്ചിരുത്തുകയും സാധ്യമായിടത്ത് പരിഹാരത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സമീപനമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗിഗ് തൊഴിലാളികൾക്ക് മന്ത്രി മധുരം വിതരണം ചെയ്തു.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. രാവിലെ 8 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയുമാണ് ഷിഫ്റ്റുകൾ. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം കേന്ദ്രങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.

കസേരകൾ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ജോലിക്കിടയിലെ ചെറിയൊരു ഇടവേള പോലും സുരക്ഷിതമായും മാന്യമായും ചെലവഴിക്കാൻ ഗിഗ് തൊഴിലാളികൾക്ക് ഇനി ഈ കേന്ദ്രങ്ങളെ ആശ്രയിക്കാം.

ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ വാർഡ് കൗൺസിലർ സി. ഹരികുമാർ, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News