Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
വിഡി സതീശന്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ചര്‍ച്ച തുടങ്ങി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു എങ്കിലും മദ്യനയം ഇടുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് പുതിയ മദ്യനയ ചര്‍ച്ചകള്‍ തുടങ്ങിയത്. ബാറുകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ പിന്‍വലിക്കുന്നതും അബ്കാരി നയത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
നിലവില്‍ രാവിലെ 10 മുതല് രാത്രി 12 വരെയാണു പ്രവര്‍ത്തനം. ഇതു രാവിലെ 11 മുതല് രാത്രി 11 വരെയാക്കാനാണ് ആലോചന. ഇന്നു രാവിലെ പതിനൊന്നരയോടെ എക്സൈസ് മന്ത്രി എം.ലിജുവിന്റെ അധ്യക്ഷതയില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം തുടങ്ങി. ആദ്യദിവസം മദ്യനിരോധന സമിതി ഭാരവാഹികള്‍, വിവിധ മതമേലധ്യക്ഷന്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമായാണു കൂടിക്കാഴ്ച. വെള്ളിയാഴ്ച ബാര്‍ ജീവനക്കാരുമായി മന്ത്രി സംസാരിക്കും. 28നാണ് മുന്‍ എക്സൈസ് മന്ത്രിമാരുമായുള്ള ചര്‍ച്ച.
അടുത്തമാസം ആദ്യ വാരത്തോടെ മദ്യനയത്തിന് രൂപരേഖയാവും. യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് മദ്യനയം അന്തിമമാക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യം വില്‍ക്കേണ്ടതുണ്ടോ, ബാര്‍ ലൈസന്‍സ് കൊടുക്കേണ്ട ഹോട്ടലുകളുടെ ശ്രേണി നിശ്ചയിക്കല്‍, ബോധവല്‍ക്കരണം, മദ്യ ഉപഭോഗം ഒഴിവാക്കിയവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാവും ചര്‍ച്ചകള്‍.
ഡ്രൈഡേ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം ടൂറിസം മേഖലയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വലിയ വിമര്‍ശനം ഉയരാന്‍ സാധ്യതയുളളതിനാല്‍ ഇക്കാര്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ഇത്തരമൊര ു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നതോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S