Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
വെറും ധൂര്‍ത്തായതുകൊണ്ടാണ് ലോക കേരളസഭ പിരിച്ചുവിടാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുന്‍പ് ചേര്‍ന്ന ലോക കേരള സഭകള്‍ കൈക്കൊണ്ട തീരുമാനങ്ങളൊന്നും നടപ്പാക്കാതിരിക്കുകയും പ്രവാസികളുടെ പേരില്‍ വലിയ ധൂര്‍ത്തും സാമ്പത്തിക ചെലവും ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇതിലും ഫലപ്രദമായ പുതിയ ബദല്‍ സംവിധാനം കൊണ്ടുവരും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കാനും അവരുടെ 'റെമിറ്റന്‍സ് ഇക്കോണമി'യെ സംസ്ഥാനത്തിന്റെ 'ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി'യായി മാറ്റാനുമാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രവാസികളുടെ നിക്ഷേപ സാധ്യതകളും ക്ഷേമപദ്ധതികളും ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയര്‍മാനും വ്യവസായ, ആഭ്യന്തര, ആരോഗ്യ, ജലസേചന വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളുമായ ഉന്നതതല മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 'ഫെസ്റ്റിവല്‍ കേരള' സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ, ഇഎസ്എ പ്രദേശങ്ങളില്‍നിന്ന് ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാപ്പും നിര്‍ദേശങ്ങളും സമര്‍പ്പിക്കുമെന്നും, ലോക മാരിടൈം ദിനം വിപുലമായി ആഘോഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലപ്പുറത്തെ ദുരിത ബാധിത മേഖലയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന യാത്രയെ മുഖ്യമന്ത്രി ന്യായീകരിച്ചു. സര്‍ക്കാര്‍ പണം ചെലവാക്കിയല്ല താന്‍ യാത്ര ചെയ്തത്. ഖജനാവിലെ പണം ചിലവഴിക്കാതിരിക്കാനാണ് സ്വകാര്യ വിമാനം ഉപയോഗിച്ചത്. ഇനിയും യാത്ര ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണത്തില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന കാര്യമാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദുരിതാശ്വാസ നിധിയിലെ പണം ഇത്തരം യാത്രകള്‍ക്ക് ചെലവാക്കാനുള്ളതല്ല. അത് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ളതാണ്. മുന്‍മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും സ്വകാര്യ വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ വിദേശ യാത്രയേയും മഉഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രി ജനീഷ് കുമാര്‍ വിദേശത്ത് പോയതിലെന്താണ് കുഴപ്പം. പരിപാടികള്‍ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ സംഘടനകള്‍ ടിക്കെറ്റടുത്ത് നല്‍കുന്നത് പതിവാണ്. അതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനീഷിനോട് വിദേശത്തേക്ക് പോകാന്‍ പറഞ്ഞത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിക്കറ്റെടുത്ത് നല്‍കുന്നവര്‍ ഔദാര്യം പറ്റാന്‍ നില്‍ക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനരീതിയില്‍ യാത്ര ചെയ്തവരുടെ പട്ടിക തന്റെ കയ്യിലുണ്ടെന്നും അത് വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S