Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
നാടകകൃത്തും സംവിധായകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനും അരങ്ങിന്റെ അതുല്യ ശിൽപിയുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിന് തീരാനഷ്ടമാണെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലയെ ജീവിതസപര്യയാക്കി മാറ്റിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും ദൃശ്യവും സംഗീതവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റുന്നതിൽ അദ്ദേഹം പുലർത്തിയ സർഗാത്മകത മലയാള നാടകവേദിയിൽ തന്റേതായൊരു ഇടം സൃഷ്ടിച്ചു. രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' ഉൾപ്പെടെയുള്ള നാടകങ്ങളും ശ്രദ്ധേയമായ നിരവധി രംഗാവതരണങ്ങളും അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ അടയാളങ്ങളായി നിലനിൽക്കും.
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെയും സൂര്യ ഫെസ്റ്റിവലിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അദ്ദേഹം സൃഷ്ടിച്ച ചലനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. നാടകം, നൃത്തം, സംഗീതം, സിനിമ തുടങ്ങി വിവിധ കലാരൂപങ്ങളെ ഒരുമിച്ച് അണിനിരത്തിയ സൂര്യ ഫെസ്റ്റിവൽ കേരളത്തിന്റെ കലാപാരമ്പര്യത്തെ രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. സംഗീത നാടക അക്കാദമി ചെയർമാൻ എന്ന നിലയിലും അദ്ദേഹം കലാകാരന്മാരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ് ഇടപെട്ട വ്യക്തിയായിരുന്നു. കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി; കലാകാരന്മാർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ സൂര്യ കൃഷ്ണമൂർത്തി കലയുടെ അതിരുകൾ വിശാലമാക്കുന്നതിനൊപ്പം പുതുതലമുറയിലെ കലാകാരന്മാർക്ക് വേദിയും അവസരങ്ങളും ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു. ശാസ്ത്രബോധവും കലാബോധവും സംഘാടനശേഷിയും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അപൂർവമായിരുന്നു. അരങ്ങിനെയും കലാകാരന്മാരെയും സാംസ്‌കാരിക സമൂഹത്തെയും ഒരുപോലെ ചേർത്തുപിടിച്ച ഒരു സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങൽ കൂടിയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
---------------
Hindusthan Samachar / Sreejith S