Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 സെപ്റ്റംബര്‍ (H.S.)
പ്രശസ്ത കലാ സംഘാടകനും നാടക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ കലാസാംസ്‌കാരിക ഭൂമികയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സൂര്യ കൃഷ്ണമൂർത്തി എന്നദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
താനുമായി ദശാബ്ദങ്ങൾ നീണ്ട സുഹൃദ്ബന്ധം ആണ് ഉണ്ടായിരുന്നത്. പലപ്പോഴും കലാസാംസ്‌കാരിക പ്രവർത്തനങ്ങളുമായി അദ്ദേഹത്തോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞിട്ടുണ്ട്. ഉന്നത വ്യക്തിത്വമുള്ള ഒരു സാംസ്‌കാരിക പ്രവർത്തകൻ ആയിരുന്നു സൂര്യ കൃഷ്ണമൂർത്തി. അദ്ദേഹം ആവിഷ്‌കരിച്ച സൂര്യഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാവേദിയായിരുന്നു. ലോകമെങ്ങുമുള്ള കലാകാരന്മാരെ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ അണിനിരത്തി അവരുടെ സർഗ്ഗ സപര്യ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയത് സൂര്യകൃഷ്ണമൂർത്തി ആയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം നൽകിയ സംഭാവന കാലാതീതമാണ്. സൂര്യ കൃഷ്ണമൂർത്തിയുടെ വിടവാങ്ങൽ സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. നമ്മുടെ സാംസ്‌കാരിക രംഗത്ത് സൂര്യനെ പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രമുഖ സാംസ്കാരിക പ്രവര്ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ടോടെയായിരുന്നു.
നടരാജ കൃഷ്ണമൂർത്തി എന്ന യഥാർത്ഥ പേരുള്ള അദ്ദേഹം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ 'സൂര്യ' സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപക അമരക്കാരനാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയും ഐ.എസ്.ആർ.ഒയിൽ സീനിയർ സയന്റിസ്റ്റുമായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള മുഴുവൻ സമയവും കലാരംഗത്തിനായി മാറ്റിവെച്ച അദ്ദേഹം ഇരുപതിൽപരം രംഗാവതരണങ്ങളുടെ ശില്പിയായി. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് ചലച്ചിത്രമാവുകയും ചെയ്തു. മികച്ച നാടകകൃത്തിനുമുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പാരമ്പര്യത്തിന്റെ മിഴിവുകൾ ചോരാതെ ശബ്ദവും വെളിച്ചവും കൊണ്ട് അരങ്ങിനെ വിസ്മയകരമാക്കിയ സൂര്യ കൃഷ്ണമൂർത്തിയുടെ വേർപാട് കേരളത്തിന്റെ സാംസ്കാരിക ലോകത്തിന് അപരിഹാര്യമായ നഷ്ടമാണ്.
---------------
Hindusthan Samachar / Sreejith S