Enter your Email Address to subscribe to our newsletters

New delhi, 23 സെപ്റ്റംബര്‍ (H.S.)
അവധിയും ജീവനക്കാരുടെ പണിമുടക്കും മൂലം തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും സെപ്റ്റംബര്‍ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള ബാങ്കിങ് സേവനങ്ങള്‍ മുടങ്ങാതിരിക്കാനാണ് നീക്കം. പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന വിലയിരുത്തലിലാണ് അടിയന്തര നടപടി.
തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍. ചര്‍ച്ചകളില്‍ ബാങ്കുകളുടെ പ്രവൃത്തിദിനം 5 ദിവസമാക്കുന്ന കാര്യം പരിഗണനയിലാണെന്ന പതിവുമറുപടി മാത്രമാണ് ലഭിച്ചത്. ഇതില്‍ തീരുമാനമായാലേ പണിമുടക്കിന്റെ കാര്യം പുനഃപരിശോധിക്കൂ എന്ന നിലപാടിലാണ് യൂണിയനുകള്‍.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പണിമുടക്ക്. തൊട്ടുമുന്‍പുള്ള ശനിയും ഞായറുമടക്കം 5 ദിവസം തുടര്‍ച്ചയായി പൊതുമേഖലാ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെന്നായിരുന്നു ആശങ്ക. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പ്രധാന ബാങ്ക് ശാഖകള്‍ പണിമുടക്കു ദിവസങ്ങളിലും തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പണിമുടക്കുമായി സഹകരിക്കാത്ത ജീവനക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസില്‍ നിന്നുള്ളവരെയും ഉപയോഗിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പണിമുടക്ക് സംബന്ധമായ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിങ് കമ്മിറ്റികള്‍ കൂടണം. കറന്‍സി ചെസ്റ്റുകള്‍, ക്ലിയറിങ് സെന്ററുകള്‍, ഡേറ്റ സെന്ററുകള്‍ എന്നിവ പൂര്‍ണമായി പ്രവര്‍ത്തിക്കണം.സമരത്തെ നേരിടുന്നതിനായി ധനമന്ത്രാലയം വാര്‍ റൂമും തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S