Enter your Email Address to subscribe to our newsletters

Alappuzha , 24 സെപ്റ്റംബര് (H.S.)
എൽഡിഎഫ് പിന്തുണയോടെ ബിജെപി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കർന്ന വിജയം. കോൺഗ്രസിലെ എസ്. ജ്യോതിശ്രീയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായും അഗസ്റ്റിൻ കൊച്ചുവെളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ബിജെപിയുടെ മുൻ പ്രസിഡന്റ് വി. വിനീതയെയും വൈസ് പ്രസിഡന്റ് ദിനേശ് കുമാറിനെയുമാണ് കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്. എൽഡിഎഫ് (സിപിഐഎം) അംഗങ്ങളുടെ നിർണായക പിന്തുണയോടെയാണ് കോൺഗ്രസ് ബിജെപിയെ ഭരണത്തിൽ നിന്നും പുറത്താക്കി അധികാരമേറ്റെടുത്തത്.
തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജ്യോതിശ്രീക്ക് 9 വോട്ടുകളും എതിർ സ്ഥാനാർഥിക്ക് 7 വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അഗസ്റ്റിൻ കൊച്ചുവെളി 9 വോട്ടുകൾ നേടി വിജയം ഉറപ്പിച്ചു.
നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി അധികാരത്തിൽ എത്തിയിരുന്നത്. ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയും അവിശ്വാസ പ്രമേയ വിജയവും പഞ്ചായത്ത് ഭരണത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും നീക്കം ചെയ്തതിനെ തുടർന്നുണ്ടായ ഒഴിവ് നികത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവ് പ്രകാരമാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥി എസ് ജ്യോതിശ്രീ, ബിജെപി സ്ഥാനാർഥി വി വിനീത, എൽഡിഎഫ് സ്ഥാനാർഥി രജിത രമേശൻ എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ജ്യോതിശ്രീക്ക് ഒമ്പത് വോട്ടും, വി വിനീതയ്ക്ക് ഏഴ് വോട്ടും, രജിത രമേശന് മൂന്ന് വോട്ടും ലഭിച്ചു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച എൽഡിഎഫ് സ്ഥാനാർഥി രജിതയെ ഒഴിവാക്കി പിന്നീട് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി.
രണ്ടാംഘട്ടത്തിൽ ജ്യോതിശ്രീക്കും വിനീതയ്ക്കും വേണ്ടി നടന്ന വോട്ടെടുപ്പിൽ ജ്യോതിശ്രീക്ക് ഒമ്പത് വോട്ടും വിനീതയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. മൂന്ന് ബാലറ്റ് പേപ്പറുകളിൽ ആർക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നും പിറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയതിനാലാണ് അവ അസാധുവാക്കിയത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ജ്യോതിശ്രീ വിജയിച്ചതായി വരണാധികാരിയായ ചേർത്തല അസിസ്റ്റൻ്റ് രജിസ്ട്രാർ യു കെ രേണുക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡൻ്റ് സ്ഥാനവും കോൺഗ്രസിന്വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയം ആവർത്തിച്ചു. ബിജെപി സ്ഥാനാർഥിയായിരുന്ന മുൻ വൈസ് പ്രസിഡൻ്റ് ദിനേശ് കുമാറിനെ പരാജയപ്പെടുത്തിയാണ് അഗസ്റ്റിൻ കൊച്ചുവെളി ഈ സ്ഥാനം കരസ്ഥമാക്കിയത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലേതിന് സമാനമായി വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും സിപിഎം അംഗങ്ങളുടെ വോട്ടുകൾ അസാധുവായി മാറുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയം എളുപ്പമായത്.
അവിശ്വാസ പ്രമേയവും ഭരണമാറ്റവുംഓഗസ്റ്റ് 28ന് ചേർന്ന കൗൺസിലിലാണ് മുൻ പ്രസിഡൻ്റ് വി വിനീതയ്ക്കും വൈസ് പ്രസിഡൻ്റ് ദിനേശ് കുമാറിനുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. എൽഡിഎഫിൻ്റെ പിന്തുണയോടെയാണ് കോൺഗ്രസ് പ്രമേയം കൊണ്ടുവന്നത്. 12നെതിരെ ഏഴ് വോട്ടുകൾക്കാണ് അന്ന് പ്രമേയം പാസായത്. 19 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ്, ബിജെപിക്ക് ഏഴ്, എൽഡിഎഫിന് അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില.
തുടക്കത്തിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് വലിയ രാഷ്ട്രീയ നാടകങ്ങൾക്കാണ് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൂക്കുഭരണത്തിൻ്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നറുക്കെടുപ്പിലൂടെ ലഭിച്ച ഭാഗ്യത്തിൻ്റെ പിൻബലത്തിലാണ് ബിജെപി അധികാരത്തിലേറിയത്. എന്നാൽ ബിജെപി സ്ഥാനാർഥിയായി അധികാരമേറ്റ് ഏഴ് മാസം തികയുമ്പോഴാണ് വി വിനീതയ്ക്ക് പദവി നഷ്ടമായത്. വികസന മുരടിപ്പും ഭരണസ്തംഭനവും ആരോപിച്ച് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചതോടെയാണ് ബിജെപി ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR