Enter your Email Address to subscribe to our newsletters

Ernakulam , 24 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,11,960 രൂപയായി.
അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വൻ കയറ്റിറക്കങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.
വിലയിൽ വീണ്ടും ഇടിവുണ്ടായത് വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളിലും വിപണിയിൽ വില വ്യതിയാനം തുടരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ സൂചിപ്പിക്കുന്നു.
22 കാരറ്റിന് പുറമെ മറ്റു വിഭാഗം സ്വർണത്തിനും ഇന്ന് വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,500 രൂപയിലെത്തി. എട്ടു ഗ്രാമിന് 92,000 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണത്തിന് 90 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 8,955 രൂപയും പവന് 71,640 രൂപയുമായി. ഒൻപതു കാരറ്റ് സ്വർണത്തിന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 5,775 രൂപയും പവന് 46,200 രൂപയുമായി മാറി. വെള്ളി വിലയിലും ഇന്ന് ഇടിവുണ്ടായി. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 245 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 10 ഗ്രാം വെള്ളിക്ക് 2,450 രൂപയാണ് വിപണിവില.
തുടരുന്ന ചാഞ്ചാട്ടംകഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ബുധനാഴ്ച സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് യഥാക്രമം 14,135 രൂപയിലും 1,13,080 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ വർധിച്ച് 11,615 രൂപയിലും 14 കാരറ്റ് 50 രൂപ വർധിച്ച് 9,045 രൂപയിലും എത്തിയിരുന്നു. ഒൻപതു കാരറ്റിന് 35 രൂപ വർധിച്ച് 5,835 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്. അന്ന് വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 250 രൂപയായിരുന്നു നിരക്ക്.
ചൊവ്വാഴ്ച വിപണിയിൽ രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ നേരിയ വർധന രേഖപ്പെടുത്തി 22 കാരറ്റ് ഗ്രാമിന് 15 രൂപ വർധിച്ച് 14,185 രൂപയിൽ വ്യാപാരം ആരംഭിച്ചു. 18, 14, 9 കാരറ്റ് സ്വർണങ്ങൾക്കും അന്ന് രാവിലെ ഗ്രാമിന് 10 രൂപ വീതം വർധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് രണ്ടു മണിയോടെ വിപണിയിൽ വലിയ ഇടിവുണ്ടായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,055 രൂപയിലേക്കും പവന് 1,12,440 രൂപയിലേക്കും കൂപ്പുകുത്തി. 18 കാരറ്റിന് 110 രൂപ കുറഞ്ഞ് 11,545 രൂപയായും 14 കാരറ്റിന് 80 രൂപ കുറഞ്ഞ് 8,995 രൂപയായും ഒൻപതു കാരറ്റിന് 55 രൂപ കുറഞ്ഞ് 5,800 രൂപയായും ചൊവ്വാഴ്ച ഉച്ചയ്ക്ക് വില മാറിയിരുന്നു.
സെപ്റ്റംബറിലെ വിപണിഇതിന് മുൻപുള്ള ദിവസങ്ങളിലും സമാനമായ വിലമാറ്റങ്ങൾ വിപണിയിലുണ്ടായി. തിങ്കളാഴ്ച രാവിലെ ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയിൽ വ്യാപാരം തുടങ്ങിയ സ്വർണത്തിന് ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ കുറയുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച വൈകുന്നേരം ഒരു ഗ്രാമിന് 14,170 രൂപയും പവന് 1,13,360 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബർ മാസത്തിൽ സ്വർണവിലയിൽ പൊതുവെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ ഒന്നിന് 14,125 രൂപയായിരുന്ന 22 കാരറ്റ് സ്വർണവില 22 ആയപ്പോൾ 14,055 രൂപയായി കുറഞ്ഞു.
സെപ്റ്റംബർ നാലിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 22 കാരറ്റിന് 14,360 രൂപയും 24 കാരറ്റിന് 15,666 രൂപയുമായിരുന്നു വില. പിന്നീട് സെപ്റ്റംബർ 19ന് 22 കാരറ്റിന് 130 രൂപ വർധിച്ച് 14,285 രൂപയിലെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ വില താഴേക്ക് പോവുകയായിരുന്നു. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. ആഗോള വിപണിയിലെ മാറ്റങ്ങളും ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR