കണ്ണൂരിൽ റെയിൽവെ ഗേറ്റ് അടയ്ക്കുന്നതിനിടെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് ട്രാക്കിൽ കുടുങ്ങി
Kannur , 24 സെപ്റ്റംബര് (H.S.) താഴെ ചൊവ്വ റെയിൽവെ ഗേറ്റിൽ സിഗ്നൽ ലഭിച്ച് ഗേറ്റ് അടയ്ക്കുന്നതിനിടെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് നിയന്ത്രണംവിട്ട് ട്രാക്കിൽ കുടുങ്ങി. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം. ഗേറ്റ് അടയ്ക്കാൻ തുടക്കമിട്ട സമയം അതിവേഗത
AMRIT BHARAT EXPRESS KANNUR


Kannur , 24 സെപ്റ്റംബര് (H.S.)

താഴെ ചൊവ്വ റെയിൽവെ ഗേറ്റിൽ സിഗ്നൽ ലഭിച്ച് ഗേറ്റ് അടയ്ക്കുന്നതിനിടെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് നിയന്ത്രണംവിട്ട് ട്രാക്കിൽ കുടുങ്ങി. ഇന്നലെ രാവിലെ ഒൻപതോടെയാണ് സംഭവം.

ഗേറ്റ് അടയ്ക്കാൻ തുടക്കമിട്ട സമയം അതിവേഗത്തിൽ ട്രാക്ക് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ റോഡിൽനിന്ന് തെന്നിമാറിയ ജീപ്പ് ട്രാക്കുകൾക്കിടയിലുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. റെയിൽവെ ജീവനക്കാരുടെയും നാട്ടുകാരുടെയും കൃത്യസമയത്തെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.

ഉടൻതന്നെ ലെവൽ ക്രോസ് ഗേറ്റ് റൂമിൽനിന്ന് വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പിന്നീട് നാട്ടുകാരും പോലീസും ചേർന്നാണ് ട്രാക്കിൽ കുടുങ്ങിയ ജീപ്പ് പുറത്തെടുത്തത്. വാഹനത്തിന്റെ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മംഗളൂരുവിൽനിന്ന് നാഗർകോവിലിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായാണ് ഗേറ്റ് അടച്ചത്. ഈ സമയം കണ്ണൂരിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോകുകയായിരുന്ന മറ്റൊരു വാഹനത്തെ മറികടന്ന് അതിവേഗം റെയിൽവെ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് ട്രാക്കിന് നടുവിൽ കുടുങ്ങിയതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. കുഴിയിൽ വീണ വാഹനം മാറ്റാൻ ജീപ്പ് ഓടിച്ചിരുന്ന യുവതി പരിഭ്രാന്തിയിൽ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ജീപ്പിൻ്റെ ടയർ പഞ്ചറായതും പ്രതിസന്ധി വർധിപ്പിച്ചു.

വിവരമറിഞ്ഞ് താഴെ ചൊവ്വയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. റെയിൽവെ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന ക്രെയിൻ ഉപയോഗിച്ച് ജീപ്പ് ട്രാക്കിൽനിന്ന് മാറ്റിയതോടെയാണ് അരമണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമായത്. ട്രാക്കിൽ വാഹനം കുടുങ്ങിയതിനാൽ സിഗ്നൽ ലഭിക്കാതിരുന്നതിനെ തുടർന്ന് കണ്ണൂർ സൗത്ത് സ്റ്റേഷനിൽ എത്തിയ ട്രെയിൻ വേഗം കുറച്ചിരുന്നു. ഗേറ്റ് കീപ്പറും നാട്ടുകാരും പൊലീസും അവസരോചിതമായി ഇടപെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തടസങ്ങൾ നീക്കിയതോടെ ട്രെയിൻ സുരക്ഷിതമായി കടന്നുപോയി.

യുവതിക്കെതിരെ കേസ്സംഭവത്തിൽ ജീപ്പ് ഓടിച്ച യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനാണ് നടപടി. തലശ്ശേരി സിജെഎം കോടതി ഇന്ന് കേസ് പരിഗണിക്കും. അറിയാതെ സംഭവിച്ചതാണെന്നാണ് യുവതിയുടെ വിശദീകരണം. എന്നാൽ സൈറൺ മുഴങ്ങിയിട്ടും യുവതി അശ്രദ്ധമായി പാളം മുറിച്ചുകടക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

റെയിൽവെ ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിക്കുന്നത് ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്കാണ് വഴിവയ്ക്കുന്നത്. ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് ഗേറ്റിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് മോട്ടോർ വാഹന വകുപ്പിൻ്റെയും റെയിൽവെ പൊലീസിൻ്റെയും കർശന പരിശോധനകൾക്ക് വിധേയമാക്കാറുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുകയാണ്.

താഴെ ചൊവ്വയിലെ തിരക്കേറിയ പാതയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സിഗ്നൽ സംവിധാനങ്ങളുടെ കൃത്യമായ പ്രവർത്തനവും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലുമാണ് ഇവിടെ വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചത്. വരും ദിവസങ്ങളിൽ റെയിൽവെ ഗേറ്റുകൾ കേന്ദ്രീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന കർശനമാക്കാനാണ് സാധ്യത. ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാർ തയ്യാറാകണമെന്നും അധികൃതർ നിർദേശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News