Enter your Email Address to subscribe to our newsletters

Kasaragod , 24 സെപ്റ്റംബര് (H.S.)
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം വടക്കൻ ആന്ധ്രാപ്രദേശ് — തെക്കൻ ഒഡീഷ തീരത്ത് കരയിൽ പ്രവേശിച്ചതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇതിൻ്റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ കേരളത്തിലുടനീളം ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂനമർദ സാന്നിധ്യവും ശക്തമായ പടിഞ്ഞാറൻ കാറ്റും കാരണമാണ് സംസ്ഥാനത്ത് മഴ വ്യാപകമാകുന്നത്. വടക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്ത അതിതീവ്ര ന്യൂനമർദം ബുധനാഴ്ച രാത്രിയോടെയാണ് കരതൊട്ടത്. വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടിയാണ് ഇത് കടന്നുപോയത്. ന്യൂനമർദത്തിൻ്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചാകും കേരളത്തിൽ മഴ ലഭിക്കുക. കരയിലേക്ക് പ്രവേശിച്ച സമയം മുതൽ വടക്കൻ കേരളത്തിൽ മഴ ലഭിച്ചു തുടങ്ങിയിരുന്നു. ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
യെല്ലോ അലർട്ട്വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ടുള്ളത്. 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശംകേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിലും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
പ്രത്യേക ജാഗ്രതാ നിർദേശംതമിഴ്നാട് തീരത്തും ബംഗാൾ ഉൾക്കടലിലും പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. ഇന്ന് വടക്കൻ തമിഴ്നാട് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കാം. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. 25 മുതൽ 27 വരെ വടക്കൻ തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും കാറ്റിൻ്റെ വേഗത വർധിക്കാൻ സാധ്യതയുണ്ട്. വൈകുന്നേരം വരെ ഈ കാലാവസ്ഥ തുടരുകയും അതിനു ശേഷം ക്രമേണ കുറയാനും സാധ്യതയുണ്ട്. തെക്കൻ ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, യാനം തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. വൈകുന്നേരം വരെ വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
25ന് വടക്കൻ ആന്ധ്രാപ്രദേശ്, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. തെക്കൻ ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.
26, 27 തീയതികളിൽ ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR