Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 സെപ്റ്റംബര് (H.S.)
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയിലും മന്ത്രിമാരുടെ വിദേശപര്യടനങ്ങളിലും കടുത്ത ദുരൂഹത ആരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. ദുരിതാശ്വാസ മേഖല സന്ദർശിക്കാനെന്ന പേരിൽ മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ യഥാർത്ഥ സ്പോൺസർ ആരാണെന്ന് പൊതുജനങ്ങളോട് വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായികളുടെയും മുതലാളിമാരുടെയും സൗജന്യ സ്പോണ്സര്ഷിപ്പ് ഇനിയും സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സൗജന്യമായി ഒന്നും ആരും നൽകില്ല; ഇതിനുപിന്നിൽ വലിയ അഴിമതിയും സ്വാധീനവുമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് വിമാനയാത്രയുടെ സാമ്പത്തിക സ്രോതസ്സും സ്പോൺസറുടെ പേരും വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാത്തതെന്ന് ചോദിച്ച അദ്ദേഹം, മുൻപ് നടത്തിയ യാത്രകളുടെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളെയും മാധ്യമങ്ങളെയും മുഖവിലക്കെടുക്കാതെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഓടിയൊളിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെയും ചാർട്ടേഡ് വിമാനയാത്രയുടെയും സ്പോൺസറെ കുറിച്ച് നമുക്ക് അറിഞ്ഞേ മതിയാകൂ. എന്തോ ഒളിക്കാൻ ഉള്ളതുകൊണ്ടാണ് ഇത്രയും ചോദിച്ചിട്ടും സ്പോൺസറുടെ വിവരങ്ങൾ പുറത്തുവിടാത്തത്, എന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. സൗജന്യമായി യാത്രാ സൗകര്യങ്ങൾ പറ്റുന്നതിന് പിന്നിൽ കൃത്യമായ മറ്റ് താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വലിയൊരു അഴിമതി കേന്ദ്രമാക്കി മാറ്റാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നതെന്നും, ജനങ്ങൾ ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ലക്ഷങ്ങളുടെ വാഹന വിവാദവും വിദേശയാത്രയും
ആറോ, ഏഴോ കോടി രൂപയുടെ ആഡംബര വാഹനം മന്ത്രിമാർക്ക് ഉപയോഗിക്കാൻ കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് അതിൽ എന്തെങ്കിലും ലാഭം കാണുമെന്നത് ഉറപ്പാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ പൂർണമായും ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. പിണറായി വിജയൻ്റെ മുൻകാല വിദേശയാത്രകളെക്കുറിച്ച് വേണമെങ്കിൽ ഇപ്പോഴും പരിശോധിക്കാമെന്നും, എന്നാൽ ഇപ്പോഴത്തെ ഭരണകൂടത്തിൻ്റെ വിദേശയാത്രകൾ വൻ സുതാര്യതക്കുറവിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഡിക്കെതിരെ ഗോവിന്ദൻ
പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയുള്ള പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയ പകപോക്കലിൻ്റെ പുതിയ തലമാണെന്ന് ഗോവിന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളിനെ മാസങ്ങളോളം ജയിലിലടച്ച കേന്ദ്ര ഏജൻസികളുടെ അതേ രാഷ്ട്രീയ വേട്ടയാടൽ തന്ത്രമാണ് കേരളത്തിലും ഇഡിപയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് 'മോദി - ഇഡി - വിഡി സതീശൻ' സഖ്യത്തിൻ്റെ അവിശുദ്ധ കൂട്ടുകെട്ടാണ് നിലനിൽക്കുന്നതെന്നും, സി.പി.ഐ.എമ്മിനെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ പാർട്ടി ശക്തമായി നേരിടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി
ബി.ജെ.പിയുമായി ബന്ധപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ ഇഡിക്ക് യാതൊരുവിധ അന്വേഷണവുമില്ലെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയ കാര്യം ഡയറി രേഖകൾ സഹിതം പുറത്തുവന്നിട്ടും അവർക്കെതിരെ കേസില്ല. കള്ളപ്പണത്തിൻ്റെ പരിധിയിൽ വരുന്ന ഇത്തരം സംഭവങ്ങളിൽ ഇഡി മൗനം പാലിക്കുന്നത് ബി.ജെ.പി-കോൺഗ്രസ് അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR