Enter your Email Address to subscribe to our newsletters

Kollam , 24 സെപ്റ്റംബര് (H.S.)
ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യവും ഗ്രാമീണ വിശ്വാസവും വിളിച്ചോതി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് 28-ാം ഓണം കാളകെട്ട് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഓണാട്ടുകരയിലെ 52 കരകളിൽ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറോളം കെട്ടുകാളകളാണ് ഇത്തവണ പടനിലത്തേക്ക് എഴുന്നള്ളിയത്.
വിശ്വാസവും നാടൻ കലാരൂപങ്ങളും സമന്വയിച്ച കാളകെട്ട് മഹോത്സവത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓച്ചിറയിലേക്ക് ഒഴുകിയെത്തിയത്. മാതൃകപരമായ കെട്ടുകാളകളുടെ നിർമാണവൈദഗ്ധ്യവും കരക്കാരുടെ ഐക്യവും വിളിച്ചോതുന്ന കാഴ്ചകളാൽ പടനിലം ജനസാഗരമായി മാറി. പടനിലത്ത് വലംവെച്ച് പരബ്രഹ്മമൂർത്തിക്ക് മുന്നിൽ പ്രണാമമർപ്പിച്ചാണ് കെട്ടുകാളകൾ തിരികെ മടങ്ങിയത്.
കൈവെള്ളയിൽ ഒതുങ്ങുന്നവ മുതൽ ഏകദേശം 65 അടി വരെ ഉയരമുള്ള കൂറ്റൻ കെട്ടുകാളകൾ വരെ പടനിലത്ത് എത്തിയിരുന്നു. സെപ്റ്റംബർ 23ന് രാവിലെയാണ് വിവിധ കരകളിൽ നിന്നുള്ള എഴുന്നള്ളത്ത് ആരംഭിച്ചത്. ആലവട്ടം, വെഞ്ചാമരം, കുടമണി, പൂമാലകൾ എന്നിവ അണിഞ്ഞാണ് കെട്ടുകാളകളെ പടനിലത്തേക്ക് കൊണ്ടുവന്നത്. വലിയ കെട്ടുകാളകളെ ക്രെയിൻ ഉപയോഗിച്ചാണ് നിശ്ചിത സ്ഥാനങ്ങളിൽ എത്തിച്ചത്.
വൈക്കോലും തുണിയും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിച്ചാണ് ജനങ്ങൾ ഒന്നടങ്കം ഈ കൂറ്റൻ രൂപങ്ങൾ നിർമിക്കുന്നത്. മാസങ്ങൾ നീളുന്ന കഠിനാധ്വാനത്തിനൊടുവിലാണ് ഓരോ കരക്കാരും തങ്ങളുടെ കെട്ടുകാളകളെ പടനിലത്ത് എത്തിക്കുന്നത്. വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെയാണ് ഓരോ കാളയെയും എഴുന്നള്ളിക്കുന്നത്.
കാളകെട്ടിൻ്റെ ഐതിഹ്യംകാർഷിക ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് ഓച്ചിറയിലെ കാളകെട്ട് മഹോത്സവം. നിലം ഉഴുതുമറിച്ച് കൃഷിക്ക് സഹായിച്ച കാളകളോടുള്ള കർഷകരുടെ നന്ദിപ്രകടനമായാണ് ഈ സമർപ്പണത്തെ കാണുന്നത്. തങ്ങളുടെ കൃഷിയും കന്നുകാലികളെയും സംരക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നതിനൊപ്പം കാർഷിക സമൃദ്ധിക്കായുള്ള പ്രാർഥനയും ഇതിൽ നിറയുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ അകവൂർ ചാത്തനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലും ഓച്ചിറയിലെ കാള സങ്കല്പത്തിന് വലിയ പ്രാധാന്യമുണ്ട്.
സാധാരണ ക്ഷേത്രങ്ങളിലെപ്പോലെ പ്രതിഷ്ഠയോ ശ്രീകോവിലോ ഇല്ലാതെ രൂപരഹിതമായ പരബ്രഹ്മത്തെ ആരാധിക്കുന്ന ഓച്ചിറ ക്ഷേത്രത്തിൻ്റെ പ്രത്യേകത ഈ ആഘോഷത്തിന് കൂടുതൽ സവിശേഷത നൽകുന്നു. ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഇടമാണ് ഓച്ചിറ പടനിലം. ജാതിമത ഭേദമന്യേ നാടൊന്നാകെ പങ്കെടുക്കുന്ന ഈ ഉത്സവം മതസൗഹാർദത്തിൻ്റെ മികച്ച ഉദാഹരണം കൂടിയാണ്. കർഷകരും ജനങ്ങളും ഭഗവാന് സമർപ്പിക്കുന്ന വലിയൊരു വഴിപാടായിട്ടാണ് ഈ മഹോത്സവത്തെ കണക്കാക്കുന്നത്.
പ്രധാനപ്പെട്ട കെട്ടുകാളകൾമഹോത്സവത്തിൽ അണിനിരന്നവയിൽ വിശ്വപ്രജാപതി കാലഭൈരവൻ എന്ന കെട്ടുകാള വളരെ പ്രധാനപ്പെട്ടതാണ്. ഞാക്കനാൽ പടിഞ്ഞാറ് കരസമിതിയുടെ ഈ കെട്ടുകാള വലുപ്പത്തിൽ ഏറെ ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാള രൂപമെന്ന ഗിന്നസ് റെക്കോർഡും ഇതിൻ്റെ പേരിലാണുള്ളത്. ഓണാട്ടു കതിരവനാണ് ഭീമൻ കെട്ടുകാളകളിൽ പ്രധാനപ്പെട്ട മറ്റൊന്ന്.
ചിറക്കടവം വീരഭദ്ര മഹാദേവൻ, പറയിണത്ത് മുക്ക് അസുരാധിപതി, കാലകേയൻ, രൗദ്ര ബ്രഹ്മ ഋഷഭൻ, തിരുമുഖ വേടൻ, അഘോര രുദ്രനേത്രൻ, കിണറുമുക്ക് കൊമ്പൻ, മുട്ടത്തുമണ്ണേൽ ശിവസ്വരൂപൻ, രൗദ്രവീരൻ, രൗദ്ര സ്കന്ദൻ, ശിവശങ്കരൻ, മഹാദേവൻ, ഭൈരവൻ, ആദിശങ്കരൻ എന്നിവയും പടനിലത്തെ പ്രധാന ആകർഷണങ്ങളായി. ഇവയിൽ കാലഭൈരവനും ഓണാട്ടു കതിരവനുമാണ് വലുപ്പത്തിൽ മുന്നിലുള്ളത്. കാളകെട്ട് മഹോത്സവത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ദേശീയപാത 66ൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR