അനുമതിയില്ലാതെ വീണ്ടും സ്വകാര്യ വാഹനം; കെ.എം. ഷാജി വീണ്ടും വിവാദത്തിൽ
Kasaragod , 24 സെപ്റ്റംബര് (H.S.) സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോടെ കെ.എം. ഷാജി എം.എൽ.എ. വീണ്ടും പ്രതിക്കൂട്ടിൽ. വിവാദമായ കാർ യാത്രയ്ക്ക് പിന്നാലെ, മുൻപും ആവശ്യമായ മുൻകൂർ അനുമതികളില്ലാതെ അദ്ദേഹം
KM SHAJI CAR CONTROVERSY


Kasaragod , 24 സെപ്റ്റംബര് (H.S.)

സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളോടെ കെ.എം. ഷാജി എം.എൽ.എ. വീണ്ടും പ്രതിക്കൂട്ടിൽ. വിവാദമായ കാർ യാത്രയ്ക്ക് പിന്നാലെ, മുൻപും ആവശ്യമായ മുൻകൂർ അനുമതികളില്ലാതെ അദ്ദേഹം സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതായി പുതിയ കണ്ടെത്തൽ.

കഴിഞ്ഞ മാസം കാസർകോട് ജില്ലയിൽ നടന്ന വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ വാഹനമാണ് അദ്ദേഹം ഉപയോഗിച്ചത്. എന്നാൽ ഈ സ്വകാര്യ വാഹനത്തിന് മുകളിൽ ഔദ്യോഗിക 'ഗവൺമെന്റ്' ബോർഡ് പതിപ്പിച്ചാണ് അദ്ദേഹം യാത്ര നടത്തിയത്.

ഔദ്യോഗിക വാഹനങ്ങൾക്ക് നൽകേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് ഇത്തരം യാത്രകൾ നടത്തുന്നതെന്ന വിമർശനം ഇതോടെ ശക്തമായിട്ടുണ്ട്. ജനപ്രതിനിധികൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനങ്ങൾ ബോർഡ് വച്ച് ഉപയോഗിക്കുന്നത് സംബന്ധിച്ച ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ബന്ധപ്പെട്ട വകുപ്പുകൾ.

ഓഗസ്റ്റ് 29, 30 തീയതികളിൽ കാസർകോട് നടന്ന വിവിധ പരിപാടികൾക്കാണ് മുസ്ലിം ലീഗ് നേതാവ് സിദ്ദിഖ് പള്ളിപ്പുഴയുടെ ഇന്നോവ ഹൈക്രോസ് കാർ മന്ത്രി ഉപയോഗിച്ചത്. ഗസ്റ്റ് ഹൗസിൽ ഔദ്യോഗിക വാഹനം ഒഴിവുണ്ടായിട്ടും സ്വകാര്യ വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്തത്. ടൂറിസം വകുപ്പിൻ്റെ കാർ ആവശ്യമില്ലെന്ന് മന്ത്രിയുടെ ഓഫിസ് നേരത്തെ തന്നെ അറിയിച്ചിരുന്നതായാണ് സൂചന.

ഇതിനുപുറമെ സിദ്ദിഖ് പള്ളിപ്പുഴയുടെ വീട്ടിലെ സൽക്കാരത്തിലും മന്ത്രി പങ്കെടുത്തിരുന്നു. മന്ത്രിമാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വ്യക്തികളുടെ വാഹനം ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെയാണ് ഈ നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത്തരം യാത്രകൾ നടത്തുന്നതെന്ന വിമർശനവും ശക്തമാണ്.

സർക്കാർ വാഹനം ഉപയോഗിക്കുംകാർ യാത്രാ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നതിനിടെ വിദേശത്തുള്ള മന്ത്രി കെ.എം ഷാജി അടുത്ത ദിവസം തന്നെ കേരളത്തിൽ തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ബൾഗേറിയയിലുള്ള അദ്ദേഹം 26ന് മടങ്ങിയെത്തുമെന്ന് ലീഗ് നേതാക്കൾ വ്യക്തമാക്കി. ഷാജി തിരിച്ചെത്തിയാൽ സ്വകാര്യ വാഹനം പൂർണമായും ഉപേക്ഷിച്ച് ഔദ്യോഗിക യാത്രകൾക്ക് സർക്കാർ വാഹനം തന്നെ ഉപയോഗിക്കുമെന്നാണ് സൂചന. പ്രതിപക്ഷം വിഷയം ഏറ്റെടുത്ത സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാനാണ് തീരുമാനം.

റേഞ്ച് റോവർ വിവാദംസർക്കാർ അനുവദിച്ച ഇന്നോവ ക്രിസ്റ്റയ്ക്ക് പകരം കണ്ണൂർ തില്ലങ്കേരി സ്വദേശിയും കെഎംസിസി നേതാവുമായ യാക്കൂബിൻ്റെ റേഞ്ച് റോവർ കാർ കെ.എം ഷാജി ഔദ്യോഗിക വാഹനമായി ഉപയോഗിച്ചതാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയത്. സുഹൃത്തിൻ്റെ കാറിൽ സർക്കാർ ബോർഡും നമ്പറും വച്ച് യാത്ര ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. സർക്കാർ അനുമതിയോടെയാണ് ബോർഡ് വച്ചതെന്ന് മന്ത്രി ന്യായീകരിച്ചിരുന്നെങ്കിലും ഒരു യാത്രയ്ക്ക് മാത്രമാണ് അനുമതി നൽകിയതെന്ന് പിന്നീട് വ്യക്തമായി. വിവാദം കടുത്തതോടെ കഴിഞ്ഞ ദിവസം റേഞ്ച് റോവർ തിരികെ ഏൽപ്പിക്കുകയായിരുന്നു.

റേഞ്ച് റോവർ താൻ മന്ത്രിയായപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ലെന്നും നടപടിക്രമങ്ങൾ പാലിച്ച് സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്നും കെ.എം ഷാജി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സ്വകാര്യ വാഹനം കൂടി ഉപയോഗിച്ചതിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തി.

സർക്കാർ വാഹനം കേടായതിനെ തുടർന്ന് പ്രോട്ടോക്കോൾ വിഭാഗത്തിൻ്റെ പ്രത്യേക അനുമതിയോടെയാണ് വാഹനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പഴയ വാഹനങ്ങൾ തകരാറിലാകുമ്പോൾ മന്ത്രിമാർക്ക് ഇത്തരം യാത്രകൾ ചെയ്യേണ്ടി വരാറുണ്ടെന്നും ഇതിനെ ഗുരുതരമായ കുറ്റകൃത്യമായി കാണാനാകില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. മന്ത്രിയുടെ യാത്രാവിവാദത്തിൽ പ്രതിപക്ഷം കൂടുതൽ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുന്നതായാണ് സൂചന.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News