Enter your Email Address to subscribe to our newsletters

Wayanad , 24 സെപ്റ്റംബര് (H.S.)
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ കരട് വിജ്ഞാപനം ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി വധ്ര പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, ജനങ്ങളുടെ ജീവനോപാധിയും വാസസ്ഥലങ്ങളും സംരക്ഷിക്കുകയും ആശങ്കകൾ പരിഹരിക്കുകയുമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.
വയനാട് മണ്ഡല സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം മലയോര മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന ഭയം സ്വാഭാവികമാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്രദേശവാസികളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകണം.
സംസ്ഥാന സർക്കാരും കോൺഗ്രസും ജനങ്ങൾക്കൊപ്പമുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടൊപ്പം ജില്ലയിലെ വന്യജീവി ആക്രമണവും അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും അവർ സന്ദർശനവേളയിൽ ഉന്നയിച്ചു.
ചില ഗ്രാമങ്ങൾ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും അവർ കൂട്ടിച്ചേർത്തു.
വാസസ്ഥലങ്ങൾ സംരക്ഷിക്കണംപരിസ്ഥിതി ലോല മേഖലയുടെ പരിധി സംബന്ധിച്ച ആശങ്കകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതമാർഗവും വാസസ്ഥലങ്ങളും സംരക്ഷിക്കുകയാണ് പ്രധാനം. പ്രദേശത്ത് ജീവിക്കുന്ന ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് അവർ മുന്നോട്ടുവച്ചത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്രത്തിൻ്റെ പുതിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 131 ഗ്രാമങ്ങൾ ഇതിൻ്റെ പരിധിയിൽ വരുന്നതായാണ് റിപ്പോർട്ടുകൾ. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുന്നത്. കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയം അവസാനിക്കുകയാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ആറാമത്തെ കരട് വിജ്ഞാപനമാണിത്. കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പ് ക്രമക്കേടിൽ നടപടി വേണംതെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ചും പ്രിയങ്ക ഗാന്ധി രൂക്ഷമായ പ്രതികരണം നടത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് കാണിക്കുന്നത് രാജ്യത്തിനെതിരായ വലിയ കുറ്റകൃത്യവും രാജ്യദ്രോഹവുമാണെന്ന് അവർ പറഞ്ഞു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി കളിക്കുന്ന ആരും രാജ്യദ്രോഹമാണ് ചെയ്യുന്നത്. വോട്ടർപട്ടികയിലെ ക്രമക്കേടുകളും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഗൗരവമായി അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടിയുമായി ബന്ധപ്പെട്ട് രാജ്യത്താകെ 13 കോടിയിലധികം പേരുകൾ കരട് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് തടയാൻ ശ്രമിക്കാതെ, ബോധപൂർവം അനീതിപരമായ തെരഞ്ഞെടുപ്പിന് അനുമതി നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ സാധാരണ കുറ്റവാളികൾക്കെതിരെ എടുക്കുന്നതുപോലെയുള്ള നിയമനടപടികൾ സ്വീകരിക്കണം. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
പ്രിയങ്ക ഗാന്ധിക്കെതിരെ ഡിവൈഎഫ്ഐവയനാട് സന്ദർശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിന് മുന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ബാനർ സ്ഥാപിച്ച് പ്രതിഷേധിച്ചു. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ ഈ പ്രതിഷേധം സംഘടിപ്പിച്ചത്. വിഷയത്തിൽ പ്രിയങ്ക ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം ആരോപിച്ചിരുന്നു. വെറുതെ സന്ദർശനം നടത്താതെ തങ്ങൾക്കൊപ്പം നിൽക്കൂ എന്ന ആവശ്യമുന്നയിച്ചായിരുന്നു ഡിവൈഎഫ്ഐ ബാനർ സ്ഥാപിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR