Enter your Email Address to subscribe to our newsletters

Ernakulam , 24 സെപ്റ്റംബര് (H.S.)
ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കാൻ തെളിവുകളില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നെയ്യ് വിൽപ്പനയിലൂടെ 17.14 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണ്ടെത്തിയെങ്കിലും തട്ടിപ്പ് നടന്ന രീതി സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് വിജിലൻസ് വ്യക്തമാക്കിയത്.
ആടിയ ശിഷ്ടം നെയ്യ് വിറ്റഴിച്ച വകയിൽ ദേവസ്വം ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടായെന്ന ഹർജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്. പണമിടപാടുകളിലോ വിതരണത്തിലോ നടന്നിട്ടുള്ള ക്രമക്കേടുകൾ കൃത്യമായി തെളിയിക്കാൻ സാധിക്കുന്ന രേഖകളോ തെളിവുകളോ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്ന് കോടതിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തിരിമറിയുടെ സ്വഭാവവും രീതിയും വ്യക്തമല്ലാത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളിലേക്ക് കടക്കാനാകില്ലെന്നും, സംഭവിച്ച നഷ്ടം കണക്കിലെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കുന്നത് ഉൾപ്പെടെയുള്ള വകുപ്പുതല നടപടികളാണ് ഉചിതമെന്നും വിജിലൻസ് സൂചിപ്പിച്ചു. വിഷയത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വീഴ്ച്ച ഗുരുതര സ്വഭാവമുള്ളതാണെങ്കിലും ക്രിമിനൽ കേസെടുക്കാൻ തക്കതായ തെളിവുകളില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 43 പ്രതികളിൽ ഒരാൾ ഒഴികെ മറ്റാർക്കെതിരെയും തട്ടിപ്പ് തെളിയിക്കുന്ന തെളിവില്ല. നെയ്യ് ഉത്പ്പാദനം, സംഭരണം, ഗതാഗതം, വിതരണം, വിൽപ്പന എന്നിവയിലെ ഗുരുതര വീഴ്ചകൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിന് കാരണമായെന്നും വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതി വ്യക്തമാക്കി. പുതിയതായി നിയമിച്ച ജീവനക്കാരെ ഉടൻ കൗണ്ടർ ചുമതലയിൽ നിയോഗിച്ചതിലും വീഴ്ച സംഭവിച്ചു.
ടിക്കറ്റ് നൽകുന്നതും നെയ്യ് പാക്കറ്റ് നൽകുന്നതും ഒരേ ജീവനക്കാരനെന്നുള്ള രീതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണം. ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സംവിധാനവും നിർബന്ധമാക്കണം. ഓരോ നെയ്യ് പാക്കറ്റിലും ബാച്ച് നമ്പർ, പാക്കിങ് തീയതി, ക്യൂആർ കോഡ് വേണം. എല്ലാ കൗണ്ടറുകളിലും ഹൈ-ഡെഫിനിഷൻ സിസിടിവി സ്ഥാപിക്കണം. ദൃശ്യങ്ങൾ 90 ദിവസം സൂക്ഷിക്കണമെന്നും ദേവസ്വം ബോർഡ് മൂന്ന് ആഴ്ചയ്ക്കകം പുതിയ എസ്ഒപി കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിട്ടു.
മാനേജ്മെൻ്റ്, സാങ്കേതിക, ഭരണപരമായ വിദഗ്ധർ എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത് പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും പറഞ്ഞ ഹൈക്കോടതി വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച് തുടർ നടപടികൾക്ക് അനുമതിയും നൽകി.
ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട്
ശബരിമലയിൽ നെയ്യ് അഭിഷേകത്തിന് ശേഷം ബാക്കി വരുന്ന നെയ്യ് പായ്ക്കറ്റുകളിലാക്കി അയ്യപ്പ ഭക്തർക്ക് വിൽക്കുന്നതിലാണ് തട്ടിപ്പ് ആരോപണം നിലനിൽക്കുന്നത്. വിറ്റുകിട്ടിയ മുഴുവൻ തുകയും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് മണ്ഡല-മകരവിളക്ക് സീസണിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കുറവാണ് കണക്കുകളിൽ കണ്ടെത്തിയത്. കൗണ്ടർ ചുമതലയുണ്ടായിരുന്ന സുനിൽകുമാർ പോറ്റി ഉൾപ്പെടെയുള്ള ജീവനക്കാർ ഭക്തർക്ക് കൃത്യമായി രസീത് നൽകിയില്ലെന്നും തുക ദേവസ്വം അക്കൗണ്ടിൽ വൈകിയാണ് അടച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR