ശബരിമല തീർഥാടനം: സർക്കാരും ദേവസ്വം ബോർഡും ഒന്നിച്ച് മുന്നോട്ട്; സഹകരണം ഉറപ്പുനൽകി മുഖ്യമന്ത്രി എന്ന് കെ. ജയകുമാർ
Pathanamthitta , 24 സെപ്റ്റംബര് (H.S.) വരുംവർഷത്തെ ശബരിമല തീർഥാടനം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം ബോർഡും സർക്കാരും കൈകോർത്ത് പ്രവർത്തിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്
K JAYAKUMAR TDB GOVT DISPUTE


Pathanamthitta , 24 സെപ്റ്റംബര് (H.S.)

വരുംവർഷത്തെ ശബരിമല തീർഥാടനം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി ദേവസ്വം ബോർഡും സർക്കാരും കൈകോർത്ത് പ്രവർത്തിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

തീർഥാടനക്കാലത്തിനായുള്ള ഒരുക്കങ്ങളുടെ പുരോഗതി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി യാതൊരുവിധ വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നും, തീർഥാടനം സുഗമമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും അദ്ദേഹം ഉറപ്പുനൽകിയതായും കെ. ജയകുമാർ കൂട്ടിച്ചേർത്തു.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഗതാഗത-സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനും ബോർഡും സർക്കാരും പൂർണ്ണ ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയ വിനിമയത്തിലെ പ്രശ്നം ഉണ്ടെങ്കില് പരിഹരിക്കാം. ജാഗ്രതയോടെ അടുക്കും ചിട്ടയോടെ ശബരിമല തീർഥാടന കാലം നടക്കും. അതില് ബുദ്ധിമുട്ടുള്ള ചിലരുണ്ട്. അവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ തീർഥാടനം സർക്കാരിനും ബോർഡിനും അഭിമാനകരമാക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തു. ബോർഡിനും തനിക്കും വലിയ ആത്മവിശ്വാസമുണ്ട്. എല്ലാവിധ സഹകരണവുമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നും നടന്നില്ലെന്ന് പറയുന്നത് ശരിയല്ല. താൻ പ്രസിഡൻ്റ് ആകുന്നത് ബോർഡിൻ്റെ പേര് ഏറ്റവും മോശമായിരുന്ന സമയത്താണ്. ഞങ്ങളുടെ കാലത്തെ കളങ്കം മാറണം. സ്ഥാപിത താത്പര്യങ്ങള് ഉണ്ടാകുമ്പോള് അവിടെ ഇടപെടണം. ഇ ടെൻഡർ നടത്തുന്നത് സുതാര്യതയ്ക്ക് വേണ്ടി. പഴയ സിസ്റ്റത്തിന്റെ ഗുണഭോക്താക്കളെ അത് ചൊടിപ്പിച്ചിട്ടുണ്ടാകും.ബോർഡ് നിരുത്സാഹപ്പെടില്ലെന്നും മുഖ്യമന്ത്രി പിന്തുണ നല്കിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സീസണ് മോശമായാല് സർക്കാരിനും ബോർഡിനുമാണ് മോശം. ദേവസ്വം മന്ത്രിയെ കാണും. ആശയ കുഴപ്പമുണ്ടെങ്കില് അത് പരിഹരിക്കും. മുന്നൊരുക്കങ്ങള് എല്ലാ ആഴ്ചയും മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിക്കും. ശബരിമലയില് നടക്കുന്ന ഓരോ കാര്യങ്ങളിലുമുള്ള പുരോഗതി സർക്കാരിനെ അറിയിച്ച് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാനാണ് തീരുമാനം. അല്ലാതെ അവിശ്വാസത്തിന്റെയോ രണ്ട് തട്ടിലോ ഉള്ള നിലപാടല്ല ഇപ്പോള് ബോർഡിനും സർക്കാരിനുമുള്ളത്. ബോർഡിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. അരവണയുടെ ക്ഷാമമുണ്ടായി എന്നത് ശരിയാണ്. അത് മുമ്പും ഉണ്ടായിട്ടുണ്ട്. അത് വലിയൊരു പ്രശ്നമല്ല. മണ്ഡല കാലത്തെ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശദമാക്കാൻ മാധ്യമങ്ങളെ കാണുമെന്നും കെ ജയകുമാർ വ്യക്തമാക്കി.

ശബരിമല തീർഥാടനം: മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ എ നിസാമുദീൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിലാണ് കലക്ടർ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾക്ക് നിർദേശം നൽകിയത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിൽ നിശ്ചയിച്ച സമയക്രമം അനുസരിച്ചുതന്നെ ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എല്ലാ മരാമത്ത് പ്രവൃത്തികളും ഒക്ടോബർ 31നകം പൂർത്തിയാക്കണം. നവംബർ ഒന്നിന് റവന്യൂ, പൊതുമരാമത്ത്, ദേവസം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പൂർത്തിയായ പ്രവർത്തനങ്ങൾ പരിശോധിക്കണം.

മണ്ണാറക്കുളഞ്ഞി മുതൽ പമ്പ വരെയുള്ള തീർഥാടന പാതയുടെ അറ്റകുറ്റപ്പണി മികച്ച നിലവാരത്തിൽ പൂർത്തിയാക്കണം. ക്രാഷ് ഗാർഡ്, റിഫ്ളക്റ്റർ, റോഡ് മാർക്കിങ്, സൈൻ ബോർഡ് തുടങ്ങി സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. ദേവസ്വം ബോർഡിൽ നിന്ന് പൊതുമരാമത്തിന് കൈമാറി ലഭിച്ച ചാലക്കയം - പമ്പ റോഡിന്റെ ആധുനിക നിലവാരത്തിലുള്ള നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുവാനും വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നിവയുടെ കേബിൾ വർക്കുകൾ ഒക്ടോബർ ആദ്യവാരം പൂർത്തിയാക്കുവാനും കലക്ടർ നിർദേശം നൽകി.

സന്നിധാനം, പമ്പ തുടങ്ങിയ സ്ഥലങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡിനും നിർദേശം നൽകി. സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്, പൊലീസിന് വേണ്ട സൗകര്യങ്ങൾ, സിസിടിവി, പാർക്കിങ് ഗ്രൗണ്ടുകളുടെ അറ്റകുറ്റപ്പണി, പമ്പയിലെ തുണി മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കരാർ തുടങ്ങിയവ ദേവസ്വം ബോർഡ് സമയബന്ധിതമായി പൂർത്തിയാക്കണം.

പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ദേവസ്വം എഞ്ചിനീയറിങ് വിഭാഗം, പൊതുമരാമത്ത് കെട്ടിട വിഭാഗം എന്നിവർ സംയുക്ത പരിശോധന നടത്തി ഉറപ്പാക്കണം. പമ്പ മുതൽ സന്നിധാനം വരെയുള്ള എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ വേണ്ട സൗകര്യങ്ങളും ദേവസ്വം ഉറപ്പാക്കണം. പമ്പയിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ പ്രധാന വകുപ്പുകളിലെ നോഡൽ ഓഫിസർമാരെ ഡ്യൂട്ടിക്ക് നിയോഗിക്കും.

സന്നിധാനത്തെയും പമ്പയിലെയും ശുചിമുറികളുടെ ശുചിത്വം ദേവസ്വം ബോർഡ് ഉറപ്പാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ സന്നിധാനത്ത് എത്താതെ തടയുന്നതിന് ശുചിത്വമിഷൻ പ്രത്യേക ശ്രദ്ധ നൽകും. ഹോട്ടലുകളുടെ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ഉറപ്പാക്കണം. വാട്ടർ കിയോസ്ക്കുകളുടെ പ്രവർത്തനക്ഷമത വാട്ടർ അതോറിറ്റിയും പമ്പയിൽ ജലനിരപ്പ് കൃത്യമായി നിലനിർത്തുന്നതും സ്നാന കടവുകളുടെ പരിപാലനം എന്നിവ മേജർ ഇറിഗേഷൻ വകുപ്പും ഉറപ്പാക്കണം.

സന്നിധാനത്തും പമ്പയിലുമുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നവംബർ ഒന്നിന് ട്രയൽ റൺ നടത്തണം. സന്നിധാനത്തെ ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനസജ്ജമാക്കണം. ദേവസ്വം ബോർഡിന്റെയും തദ്ദേശ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള ഇടത്താവളങ്ങളിൽ വെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ ഉറപ്പാക്കണം.

ടേക്ക് എ ബ്രേക്ക് പദ്ധതി ഉൾപ്പെടെ ജില്ലയിലെ പൊതു ശൗചാലയങ്ങളുടെ പ്രവർത്തനക്ഷമത, തീർഥാടന പാതയിൽ റോഡിന്റെ വശങ്ങളിലെ കാടുവെട്ടി തെളിയിക്കുന്നത് എന്നിവ തദ്ദേശ വകുപ്പ് ഉറപ്പാക്കണം. പമ്പ- സന്നിധാനം പാതയിൽ സിപിആർ ക്ലിനിക്ക് ആരംഭിക്കുന്നതിനുളള സാധ്യത പരിശോധിക്കാൻ ഡിഎംഒയോട് കലക്ടർ ആവശ്യപ്പെട്ടു. ഓഫ് റോഡ് ആംബുലൻസ് സേവനം വലിയാനവട്ടത്ത് ക്രമീകരിക്കണം. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സേഫ് സോൺ പദ്ധതി നടപ്പാക്കണം. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ കെഎസ്ഇബിയുടെ നേതൃത്വത്തിൽ തെരുവുവിളക്കുകൾ ഉറപ്പാക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News