സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കലാകേരളം
Thiruvananthapuram, 24 സെപ്റ്റംബര് (H.S.) കലയുടെ ആകാശത്ത് വലിപ്പച്ചെറുപ്പങ്ങളുടെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ അതുല്യ സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കലാകേരളം. അരനൂറ്റാണ്ടോളം നീണ്ട സൂര്യ ഫെസ്റ്റിവലിലൂടെ ആയ
MULLAKKARA RATNAKARAN SPEECH


Thiruvananthapuram, 24 സെപ്റ്റംബര് (H.S.)

കലയുടെ ആകാശത്ത് വലിപ്പച്ചെറുപ്പങ്ങളുടെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞ അതുല്യ സാംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കലാകേരളം.

അരനൂറ്റാണ്ടോളം നീണ്ട സൂര്യ ഫെസ്റ്റിവലിലൂടെ ആയിരക്കണക്കിന് പ്രതിഭകൾക്ക് വെളിച്ചം പകർന്ന ആ വലിയ കലാകാരന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മുൻ മന്ത്രിയും സിപിഐ എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ അനുസ്മരിച്ചു. കലയെയും ജീവിതത്തെയും ഒരുപോലെ ലളിതമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും അദ്ദേഹം ഓർത്തെടുത്തു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ 'സൂര്യ'യ്ക്ക് തുടക്കമിട്ട്, ലോകമെമ്പാടുമുള്ള കലാസ്നേഹികൾക്ക് മുന്നിൽ ഇന്ത്യൻ കലാരൂപങ്ങളെ എത്തിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ലളിതമായ ജീവിതശൈലിയും കലയോടുള്ള പ്രതിബദ്ധതയും കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംനേടിയത്. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചത്. കല മാത്രമല്ല, സ്വന്തം ജീവിതം കൊണ്ടും സമൂഹത്തിന് വലിയ മാതൃക കാട്ടിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് മുല്ലക്കര രത്നാകരൻ പറഞ്ഞു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൂര്യ ഫെസ്റ്റിവലുകളുടെ ഭാഗമാണ് അദ്ദേഹം. സാംസ്കാരിക മേഖലയുടെ സൂര്യനായിരുന്നു കൃഷ്ണമൂർത്തിയെന്നും, ആ വെളിച്ചത്തിൽ നിന്നാണ് കലാമേഖലയ്ക്ക് ഊർജം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലയുടെ പ്രസവമുറിയായ സൂര്യ ഫെസ്റ്റിവൽനാട്ടിലെയും വിദേശത്തെയും കലാകാരന്മാർക്ക് അദ്ദേഹം എക്കാലവും വെളിച്ചം പകർന്നു. ഉള്ളിൽ യഥാർഥ കല ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനായി സൂര്യ ഫെസ്റ്റിവൽ എന്ന മുന്നേറ്റത്തെ അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. പ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത അദ്ദേഹം, ലോകത്തിൽ എവിടെപ്പോയാലും ആദരം ലഭിക്കുന്ന തരത്തിൽ ശിഷ്യന്മാരെയും വ്യക്തിബന്ധങ്ങളെയും സൃഷ്ടിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള കലാമേളയായ സൂര്യ ഫെസ്റ്റിവൽ ആരംഭിച്ചിട്ട് 49 വർഷം പൂർത്തിയാകുകയാണ്. 111 ദിവസം നീണ്ടുനിൽക്കുന്ന മേള കൊവിഡ് വന്നപ്പോൾ മാത്രമാണ് ഒരു വർഷം മുടങ്ങിയത്. ഫെസ്റ്റിവലിൻ്റെ അൻപതാം വാർഷികം വരാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ വിയോഗം. കഴിഞ്ഞ വർഷത്തെ മേളയിൽ സുവർണ ജൂബിലിയെക്കുറിച്ച് വളരെ ആവേശപൂർവമാണ് അദ്ദേഹം സംസാരിച്ചത്. ഒരു സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം അത് ഏറെ ആഹ്ളാദം നൽകുന്ന കാര്യമായിരുന്നു. എന്നാൽ ആ സുവർണ ജൂബിലി കാണാൻ നിൽക്കാതെയാണ് അദ്ദേഹത്തിൻ്റെ മടക്കം. ഒരുപാട് കലാകാരന്മാരെയും നാടകപ്രവർത്തകരെയും നർത്തകരെയും സാഹിത്യകാരന്മാരെയും സൃഷ്ടിച്ച ഒരു പ്രസവമുറിയായിരുന്നു സൂര്യ ഫെസ്റ്റിവൽ.

ഈ പ്രസ്ഥാനത്തിന്മേൽ അദ്ദേഹം ഒരു മാതൃഭാവമാണ് പ്രകടിപ്പിച്ചിരുന്നത്. ലോകത്തെവിടെയോ ആകട്ടെ, അദ്ദേഹത്തിൻ്റെ ഒരു വിളി കേട്ടാൽ മണിക്കൂറുകൾക്കുള്ളിൽ ഓടിയെത്തുന്ന കലാകാരന്മാരുടെ സ്നേഹം സമ്പാദിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു കലാകാരനെ ലോകം അംഗീകരിക്കുമ്പോൾ അവരെക്കാൾ ആഹ്ളാദിച്ചിരുന്നത് സൂര്യ കൃഷ്ണമൂർത്തിയായിരുന്നു.

അണയാത്ത പ്രകാശംലോകത്തിന് മുന്നിൽ പ്രകാശമുള്ള ഒരു സാംസ്കാരിക മുഖമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ താൻ ആദ്യം സൂര്യൻ എന്നാണ് വിശേഷിപ്പിച്ചത്. ആ വെളിച്ചത്തിലൂടെ സ്വയം ആർജവം ഉൾക്കൊണ്ട് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ചെറിയ സൂര്യന്മാരായവർ ഏറെയുണ്ട്. മഹത്തായ ഓർമകൾക്ക് ഒരിക്കലും മരണമില്ല. ദൈവത്തെ നേരിട്ട് കാണാനാകില്ലെങ്കിലും ഫീൽ ചെയ്യാൻ സാധിക്കുന്നതുപോലെ, കലയെയും സംസ്കാരത്തെയും മനുഷ്യനെക്കൊണ്ട് ഫീൽ ചെയ്യിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. മഹാത്മാഗാന്ധി അന്തരിച്ചപ്പോൾ ജവഹർലാൽ നെഹ്റു പറഞ്ഞതുപോലെ, വിളക്കണഞ്ഞെങ്കിലും പ്രകാശം നിലനിൽക്കുകയാണ്. പേരുപോലെ തന്നെ ഒരു സൂര്യൻ്റെ ഉദയമായിരുന്നു സൂര്യ ഫെസ്റ്റിവൽ.

താൻ എംഎൽഎ ആയിരുന്ന കാലത്ത് സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്ങിലേക്ക് പല പ്രമുഖർക്കുമൊപ്പം സൂര്യ കൃഷ്ണമൂർത്തിയെയും ക്ഷണിച്ചിരുന്നു. അതിനെത്തുടർന്ന് 2015-16 കാലഘട്ടത്തിൽ സൂര്യ ഫെസ്റ്റിവലിൽ പ്രഭാഷകനായി അദ്ദേഹം തന്നെയും ക്ഷണിച്ചു. 2018ൽ 11 ദിവസം നീണ്ടുനിൽക്കുന്ന ഒരു പ്രഭാഷണ പരിപാടി മേളയുടെ ഭാഗമായി സംഘടിപ്പിക്കാൻ ആലോചിച്ചപ്പോൾ അദ്ദേഹം ആദ്യം മനസ്സിലേക്ക് കൊണ്ടുവന്നത് തൻ്റെ പേരായിരുന്നു. തുടർന്ന് അദ്ദേഹം വിളിച്ച് സഹകരിക്കണമെന്ന് അഭ്യർഥിക്കുകയും വിഷയം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അങ്ങനെ സൂര്യയുടെ ഗണേശത്തിൽ മഹാഭാരതത്തിലെ ഏഴു കഥാപാത്രങ്ങളെ അധികരിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര താൻ നടത്തി. കൊവിഡ് കാലത്തെ ഇടവേള മാറ്റിനിർത്തിയാൽ പിന്നീട് തുടർച്ചയായി താനും മേളയുടെ ഭാഗമായി. പലപ്പോഴായി അദ്ദേഹത്തെ സന്ദർശിക്കുകയും ദീർഘമായി സംസാരിക്കുകയും ചെയ്തു. സാഹിത്യവും രാഷ്ട്രീയവും കുടുംബ കാര്യങ്ങളുമൊക്കെ ചർച്ചയായതോടെ സൗഹൃദം കൂടുതൽ ദൃഢമായി. വളരെയധികം സഹൃദയത്വമുള്ള മനുഷ്യനായിരുന്നു അദ്ദേഹം.

സ്വന്തം പേര് ഉയർത്തിക്കാണിക്കാൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചിട്ടില്ല. മേള നടക്കുമ്പോൾ വേദിയിൽ മുഖം കാണിക്കാൻ പോലും മടികാണിച്ച അദ്ദേഹം, ജനങ്ങളുമായി സംവദിക്കാൻ ഉണ്ടെങ്കിൽ പോലും കർട്ടന് പിന്നിൽ നിന്നാണ് അത് ചെയ്തിരുന്നത്. താനല്ല, തന്നിലൂടെ ഒട്ടനവധി പേരാണ് ജനങ്ങളാൽ ചർച്ച ചെയ്യപ്പെടേണ്ടത് എന്ന ചിന്ത അദ്ദേഹത്തിൻ്റെ ലാളിത്യം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നു.

മാതൃകയായ മകളുടെ വിവാഹംസൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതത്തിലെ ചില മാതൃകകൾ താൻ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്നിട്ടുണ്ടെന്നും നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയനാണ് അന്ന് അതിന് മറുപടി നൽകിയതെന്നും മുല്ലക്കര ഓർമിച്ചു. സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണെങ്കിലും സാധാരണക്കാരാണെങ്കിലും മകളുടെ കല്യാണം ജീവിതത്തിലെ പ്രധാന ഏടായി കണക്കാക്കുന്നു. അദ്ദേഹത്തിൻ്റെ മകളുടെ കല്യാണത്തെക്കുറിച്ചാണ് നിയമസഭയിൽ താൻ വാചാലനായത്. കല്യാണത്തിൻ്റെ ക്ഷണക്കത്ത് തനിക്കും ലഭിച്ചിരുന്നു. മകൾ അവൾക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ കണ്ടെത്തിയെന്നും, നിശ്ചയിച്ച ദിവസം രജിസ്റ്റർ വിവാഹം നടക്കുമെന്നും, അതിനുശേഷം നാലുദിവസം അവർ വീട്ടിലുണ്ടാകുമെന്നും വന്ന് അനുഗ്രഹിച്ചാൽ സന്തോഷമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

ആ വാക്കുകൾക്ക് താഴെയുള്ള കുറിപ്പാണ് നിയമസഭയിൽ ചർച്ച ചെയ്യാൻ പ്രേരിപ്പിച്ചത്. മകൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തിയതുകൊണ്ട് പ്രായോഗികമായ വിവാഹ ചടങ്ങുകൾക്ക് സ്ഥാനമില്ലെന്നും, കല്യാണത്തിനായി താനും ഭാര്യയും സ്വരുക്കൂട്ടി വച്ചിരുന്ന 30 ലക്ഷത്തോളം രൂപ സാധാരണക്കാരായ വിദ്യാർഥികളുടെ പഠനച്ചെലവിനായി നൽകാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ആ കുറിപ്പ്.

ഭാര്യയുടെയും മക്കളുടെയും അഭിപ്രായപ്രകാരമെടുത്ത ഈ തീരുമാനം വലിയൊരു മാതൃകയായി തോന്നി. മകളുടെ കല്യാണം വ്യക്തിപരമായ ആഘോഷമാകാതെ സാമൂഹികപരമായ കടമ നിർവഹിക്കൽ കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചു. സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ പണം എങ്ങനെ കൃത്യമായി ചെലവാക്കണമെന്ന അദ്ദേഹത്തിൻ്റെ ധാരണ അദ്ഭുതപ്പെടുത്തി.

ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും എപ്പോഴും പറയുന്ന വാക്കുകളിലൊന്നാണ് ലളിതം എന്നത്. എന്നാൽ ലളിതമാകേണ്ടത് എങ്ങനെയാണെന്ന് തെളിയിച്ച വ്യക്തിത്വമാണ് അദ്ദേഹം. ആർഭാട വിവാഹങ്ങൾ ഒഴിവാക്കി അദ്ദേഹത്തിൻ്റെ പാത പിന്തുടർന്നാൽ സമൂഹത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് അന്ന് നിയമസഭയിൽ താൻ പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതമാണെങ്കിലും കലയാണെങ്കിലും അതിലെല്ലാം ഒരു സാംസ്കാരികമായ ഉള്ളടക്കമുണ്ടായിരുന്നു. ആ ഉള്ളടക്കം നിറയെ വെളിച്ചം വീശുന്ന സൂര്യനായിരുന്നു അദ്ദേഹം.

മകളുടെ കല്യാണം പോലെ തന്നെ താൻ ചെയ്ത എല്ലാ കാര്യങ്ങളിലും തൻ്റേതായ ഒരു കൈയൊപ്പ് അദ്ദേഹം ചാർത്തിയിരുന്നു. പലപ്പോഴും നമ്മളൊക്കെ ലളിതമാണെന്ന് പറയുമ്പോഴും അതൊന്നും പ്രവൃത്തിയിൽ കൊണ്ടുവരാൻ സാധിക്കാറില്ല. അങ്ങനെ സാധിച്ച ഒരു മനുഷ്യനാണ് വിട്ടുപോയത്.

സൂര്യ ഫെസ്റ്റിവൽ 49 വർഷം പൂർത്തിയായെങ്കിലും ആദ്യ സീസൺ ചെയ്ത അതേ ടെൻഷൻ അവസാന കാലഘട്ടം വരെയും അദ്ദേഹത്തിനുണ്ടായിരുന്നു. മേള ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ തൻ്റെ നെഞ്ചിൽ ഒരു മുട്ട വച്ചാൽ പൊട്ടിത്തെറിക്കുമെന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. അതൊരു ടെൻഷനല്ല, സൃഷ്ടിയുടെ വേദനയാണെന്ന് യഥാർഥ കലാകാരന്മാർക്ക് തിരിച്ചറിയാൻ സാധിക്കും. എത്രത്തോളം ആത്മാർഥതയോടെയാണ് മേളയെ അദ്ദേഹം സമീപിച്ചിരുന്നതെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും മുല്ലക്കര രത്നാകരൻ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News