Enter your Email Address to subscribe to our newsletters

Kochi, 24 സെപ്റ്റംബര് (H.S.)
കൊച്ചി: അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ അന്വേഷണം പുതിയ തലങ്ങളിലേക്ക്. റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറൻസി (യുഎസ് ഡോളർ) വിട്ടുനൽകണമെന്ന ആവശ്യവുമായി ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എന്നാൽ പിടിച്ചെടുത്ത ഡോളർ ഇപ്പോൾ വിട്ടുനൽകാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ആസ്ഥാനത്തും ആന്റോ അഗസ്റ്റിന്റെ മറ്റ് സ്ഥാപനങ്ങളിലും വസതികളിലുമായി എസ്ഐടി മണിക്കൂറുകളോളം നീണ്ട മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിർണായക രേഖകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയ്ക്കൊപ്പം കൈവശം സൂക്ഷിക്കാവുന്നതിലധികം വിദേശ കറൻസിയും കണ്ടെത്തിയിരുന്നു. ചാനൽ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത ഈ ഡോളർ തിരികെ ലഭിക്കണമെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. ഔദ്യോഗിക ആവശ്യങ്ങൾക്കോ നിയമപരമായ മാർഗങ്ങളിലൂടെയോ സൂക്ഷിച്ചിട്ടുള്ള പണമാണിതെന്നും ഇത് തടഞ്ഞുവെക്കുന്നത് നീതിയുക്തമല്ലെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
എന്നാൽ, ആന്റോ അഗസ്റ്റിന്റെ ആവശ്യത്തെ ശക്തമായി എതിർക്കാനാണ് എസ്ഐടിയുടെ തീരുമാനം. കേസിൽ പിടിച്ചെടുത്ത വിദേശ കറൻസിയുടെ സ്രോതസ്സ് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിയമപ്രകാരം അനുവദനീയമായ പരിധിയിൽ കൂടുതൽ വിദേശ കറൻസി കൈവശം വെച്ചതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ഉൾപ്പെടെയുള്ള നിയമങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ പരിശോധന ആവശ്യമാണ്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക ഇടപാടുകളുമായി ഈ പണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.
അർജന്റീന ടീമിനെയും മെസിയെയും സംസ്ഥാനത്തെത്തിക്കാമെന്ന് വാഗ്ദാനം നൽകി സ്പോൺസർഷിപ്പ് ഇനത്തിലും മറ്റും കോടികളുടെ തിരിമറി നടത്തിയെന്നാണ് കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന ആരോപണം. വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിൻ. നികുതി വെട്ടിപ്പും ജിഎസ്ടി ക്രമക്കേടുകളും സംബന്ധിച്ച് ധനകാര്യ വകുപ്പും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
വിവാദവുമായി ബന്ധപ്പെട്ട് റെയ്ഡുകൾ തുടരുന്നതിനിടെ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കാനുള്ള നിയമപോരാട്ടത്തിനും തുടക്കമിടുന്നത്. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ബാങ്ക് ഇടപാടുകളുടെ രേഖകളും പുറത്തുവരുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
---------------
Hindusthan Samachar / Roshith K