കെ.എം. ഷാജിയുടെ കാർ വിവാദം: സർക്കാരിന്റെ ന്യായീകരണങ്ങൾ പൊളിയുന്നു; രേഖകൾ പുറത്ത്
Thiruvananthapuram, 24 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽചട്ടലംഘനംപുറത്ത്. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റൊ
കെ.എം. ഷാജിയുടെ കാർ വിവാദം: സർക്കാരിന്റെ ന്യായീകരണങ്ങൾ പൊളിയുന്നു; രേഖകൾ പുറത്ത്


Thiruvananthapuram, 24 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ ആഡംബര കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽചട്ടലംഘനംപുറത്ത്. മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റൊന്നുമില്ലെന്നും അതിന് മുൻകൂർ സർക്കാർ അനുമതി ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനടക്കം ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു.

മുഖ്യമന്ത്രിയും ഭരണപക്ഷ നേതാക്കളും അവകാശപ്പെട്ടതുപോലെ ദീർഘകാലത്തേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ മന്ത്രിക്ക് സർക്കാർ തലത്തിൽ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരാവകാശ രേഖകളും സർക്കാർ ഉത്തരവുകളും വ്യക്തമാക്കുന്നത്.

പുറത്തുവന്ന രേഖകൾ പ്രകാരം, കെ.എം. ഷാജിയുടെ രണ്ട് ദിവസത്തെ കൂർഗ് യാത്രയ്ക്ക് മാത്രമാണ് സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ഉപയോഗിക്കാൻ പൊതുഭരണ വകുപ്പ് പ്രത്യേക അനുമതി നൽകിയിരുന്നത്. ഓഗസ്റ്റ് 16, 17 തീയതികളിലെ കൂർഗ് സന്ദർശനത്തിന് സർക്കാർ വാഹനം വിട്ടുനൽകാൻ സാധിക്കാത്ത പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ അനുമതി.

എന്നാൽ, രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ മറവിൽ മന്ത്രി ഈ ആഡംബര വാഹനം മൂന്നാഴ്ചയിലേറെ തുടർച്ചയായി ഉപയോഗിക്കുകയാണുണ്ടായത്. ഓഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ ആദ്യവാരം വരെ തലസ്ഥാനത്തും മറ്റ് ജില്ലകളിലെ ഔദ്യോഗിക പരിപാടികളിലും മന്ത്രി എത്തിയത് ഇതേ സ്വകാര്യ കാറിലായിരുന്നു. കൃത്യമായ കാലാവധി നിശ്ചയിച്ച് നൽകിയ ഉത്തരവ് ലംഘിച്ച് മന്ത്രി ആഡംബര വാഹനം തുടർന്നും കൈവശം വെച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും പെരുമാറ്റച്ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. സുഹൃത്തായ വ്യവസായിയുടെ ആഡംബര കാർ ഇത്രയധികം ദിവസം മന്ത്രി ഉപയോഗിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ വഴിവിട്ട ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നും പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെട്ടു.

മന്ത്രിയെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ നിയമസഭയിലും പൊതുവേദിയിലും തെറ്റായ വിവരങ്ങൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വിഷയം രാഷ്ട്രീയമായി കത്തിപ്പടരുമെന്ന് ഉറപ്പായതോടെ ഭരണപക്ഷവും പ്രതിസന്ധിയിലാണ്. സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ.എം. ഷാജി രാജി വെക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News