Enter your Email Address to subscribe to our newsletters

Kottayam, 24 സെപ്റ്റംബര് (H.S.)
കോട്ടയം: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കാതെയും സ്വന്തക്കാർക്ക് വഴിവിട്ട ഇളവുകൾ നൽകിയും കോട്ടയം ജില്ലാ സ്പോർട്സ് കൌൺസിൽ. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ 'ഓപറേഷൻ കളിക്കളം' മിന്നൽ പരിശോധനയിലാണ് ഭരണസമിതിയുടെ ഒത്താശയോടെ നടന്ന ഗുരുതരമായ അഴിമതികളുടെയും ക്രമക്കേടുകളുടെയും തെളിവുകൾ പുറത്തുവന്നത്. സംഭവത്തിൽ കഴിഞ്ഞ പത്തു വർഷത്തെ ഇടതുപക്ഷ ഭരണസമിതികളുടെ കാലത്തു നടന്ന മുഴുവൻ നിയമനങ്ങളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള കായിക വേദികൾ, സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ വാടകയിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം സംഭവിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഭരണസമിതിയിലെ ചിലർക്ക് താല്പര്യമുള്ള വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അക്കാദമികൾക്കും കുറഞ്ഞ നിരക്കിലും സൗജന്യമായും ഗ്രൗണ്ടുകളും സൗകര്യങ്ങളും അനുവദിച്ചു നൽകുകയായിരുന്നു. കൃത്യമായ ടെൻഡർ നടപടികളോ നിശ്ചിത മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഇവ പലർക്കും പാട്ടത്തിനും വാടകയ്ക്കും നൽകിയത്. ഇത്തരത്തിൽ ലഭിക്കേണ്ടിയിരുന്ന വലിയൊരു തുക കൗൺസിലിന്റെ അക്കൗണ്ടിലേക്ക് എത്താതിരുന്നതും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക തിരിമറികൾക്ക് പുറമെ, സ്പോർട്സ് കൗൺസിലിൽ കരാർ-ദിവസവേതന അടിസ്ഥാനത്തിലും അല്ലാതെയും നടന്ന നിയമനങ്ങളിലും വലിയ സ്വജനപക്ഷപാതം നടന്നതായാണ് ആരോപണം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കൗൺസിൽ ഭരിച്ച ഇടതു ഭരണസമിതികളുടെ നേതൃത്വത്തിൽ നടന്ന അനധികൃത നിയമനങ്ങൾ മുഴുവൻ വിശദമായ അന്വേഷണത്തിന് വിധേയമാക്കും. യോഗ്യത മറികടന്ന് സ്വന്തക്കാരെ വിവിധ തസ്തികകളിൽ തിരുകിക്കയറ്റിയെന്ന പരാതികളിൽ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. കോച്ചിങ് സെന്ററുകളിലേക്കുള്ള ജീവനക്കാരുടെ തിരഞ്ഞെടുപ്പിലും അറ്റൻഡൻസ് രേഖകളിലും ക്രമക്കേട് നടന്നതായി സംശയമുണ്ട്.
കായിക ഉപകരണങ്ങൾ വാങ്ങിയതിലും സ്പോർട്സ് ഹോസ്റ്റലുകളിലെ ഭക്ഷണ സാധനങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണത്തിലും ബില്ലുകൾ പെരുപ്പിച്ചു കാട്ടി ലക്ഷങ്ങൾ തട്ടിയതായും പ്രാഥമിക പരിശോധനയിൽ വിവരമുണ്ട്. സ്റ്റോക്ക് രജിസ്റ്ററുകളിൽ കാണിച്ച കണക്കുകളും നേരിട്ടുള്ള പരിശോധനയിലെ വസ്തുക്കളും തമ്മിൽ വലിയ അന്തരമാണ് കണ്ടെത്തിയത്.
വിജിലൻസ് സംഘം കൗൺസിൽ ഓഫീസിലെ കമ്പ്യൂട്ടറുകൾ, അക്കൗണ്ട് രേഖകൾ, മിനിറ്റ്സ് ബുക്കുകൾ എന്നിവ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധന ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. കായികരംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ തട്ടിയെടുക്കുകയും കായികതാരങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടിക്കെതിരെ ശക്തമായ നിയമനടപടികളിലേക്ക് കടക്കാനാണ് വിജിലൻസിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K