Enter your Email Address to subscribe to our newsletters

Kozhikode, 24 സെപ്റ്റംബര് (H.S.)
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന് കേരളത്തില് കാലവര്ഷം വീണ്ടും സജീവമാകുന്നു. വരും മണിക്കൂറുകളില് വടക്കന് ജില്ലകളില് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കാസര്ഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പ്രവചിച്ച് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തെക്കന്, മധ്യ കേരളത്തിലെ മറ്റ് ജില്ലകളില് നിലവില് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില് നേരിയതോ മിതമായതോ ആയ മഴ പെയ്യാന് സാധ്യതയുണ്ടെന്ന് അധികൃതര് വ്യക്തമാക്കി.
യെല്ലോ അലര്ട്ട് പ്രഖ്യാപിച്ച ജില്ലകളില് 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കാന് സാധ്യതയുണ്ട്. വടക്കന് ജില്ലകളിലെ കിഴക്കന് മലയോര മേഖലകളിലാണ് മഴ കൂടുതല് ശക്തമാകാന് സാധ്യത. കഴിഞ്ഞ ദിവസങ്ങളില് തുടര്ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില് മണ്ണിടിച്ചില്, ഉരുള്പൊട്ടല് ഭീഷണി നിലനില്ക്കുന്നതിനാല് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്ദേശം നല്കി.
നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് ജലാശയങ്ങള്ക്ക് സമീപം താമസിക്കുന്നവരും നദീതീരങ്ങളിലുള്ളവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന് തയാറാകണം. അടിയന്തര സാഹചര്യങ്ങളില് ആളുകളെ മാറ്റിപ്പാര്പ്പിക്കാന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് ദുരിതാശ്വാസ ക്യാമ്പുകള് സജ്ജമാക്കാനും നിര്ദേശം നല്കിയിട്ടുണ്ട്. രാത്രികാലങ്ങളില് മലയോര പാതകളിലൂടെയുള്ള യാത്രകള് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള് ആവശ്യപ്പെട്ടു.
ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗതയില് കാറ്റടിക്കാനും സാധ്യതയുണ്ട്. വടക്കന് കേരള തീരത്ത് കടലാക്രമണം രൂക്ഷമാകാന് സാധ്യതയുള്ളതിനാല് തീരപ്രദേശങ്ങളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് കേരള-കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകുന്നവര്ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലില് പോകരുതെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട് രൂപപ്പെടാന് സാധ്യതയുള്ളതിനാല് നഗരപ്രദേശങ്ങളില് ഗതാഗതക്കുരുക്ക് ഉണ്ടായേക്കാം. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല് കാര്മേഘങ്ങള് കണ്ട് തുടങ്ങുമ്പോള് തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും മരങ്ങള്ക്ക് താഴെയോ അപകടകരമായ ബോര്ഡുകള്ക്ക് സമീപമോ നില്ക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്ത്ഥിച്ചു. അടിയന്തര സഹായങ്ങള്ക്കായി ജില്ലാ ദുരന്തനിവാരണ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്
---------------
Hindusthan Samachar / Roshith K