Enter your Email Address to subscribe to our newsletters

Lucknow, 24 സെപ്റ്റംബര്‍ (H.S.)
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ബസിന് തീപിടിച്ച് അപകടം. യമുന എക്‌സ്പ്രസ് വേയിലാണ് ഓടിക്കൊണ്ടിരുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒരു സ്ത്രീയുള്‍പ്പെടെ ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടമുണ്ടായത്.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ദയാനത്പൂര്‍ ഗ്രാമത്തിന് അടുത്തുവച്ചാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ പെട്ടെന്ന് തീ പടര്‍ന്നത്. തീ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡ്രൈവര്‍ വാഹനം എക്‌സ്പ്രസ് വേയുടെ വശത്തേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും നോയിഡ വഴി ഉത്തര്‍പ്രദേശിലെ തന്നെ മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിലാണ് തീപിടിത്തമുണ്ടായത്.
ജെവാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അപകടം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെയായതിനാല്‍ ബസിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് തീ പടര്‍ന്നുപിടിച്ചതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ജീവന്‍ രക്ഷിക്കാനായി പലരും ബസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടുകയായിരുന്നു. മുപ്പതിലധികം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.
ഇതില്‍ ഒരു സ്ത്രീയുള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വരികയും, ബസിനുള്ളില്‍ കുടുങ്ങി വെന്തുമരിക്കുകയുമായിരുന്നു. സ്ലീപ്പര്‍ ബസായതിനാല്‍ പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.
വിവരമറിഞ്ഞയുടന്‍ തന്നെ ജെവാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയവരെ അതിവേഗം പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് പലരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിലവില്‍ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ചീഫ് ഫയര്‍ ഓഫിസര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടത്തിന് പിന്നാലെ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും നരഹത്യ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S