2027-ലെ യുപി തെരഞ്ഞെടുപ്പിൽ ബിഎസ്പി തനിച്ചു മത്സരിക്കും; സഖ്യസാധ്യതകൾ തള്ളി മായാവതി രംഗത്ത്
Lucknow , 03 സെപ്റ്റംബര് (H.S.) ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ രാജ്യത്ത് നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഒറ്റയ്ക്ക് ജനവിധി തേടുമെന്ന് പാർട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ലഖ്ന
2027-ലെ യുപി തെരഞ്ഞെടുപ്പിൽ ബിഎസ്പി തനിച്ചു മത്സരിക്കും; സഖ്യസാധ്യതകൾ തള്ളി മായാവതി രംഗത്ത്


Lucknow , 03 സെപ്റ്റംബര് (H.S.)

ലഖ്നൗ: 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ രാജ്യത്ത് നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഒറ്റയ്ക്ക് ജനവിധി തേടുമെന്ന് പാർട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ലഖ്നൗവിൽ ചേർന്ന ബിഎസ്പി ദേശീയതല നേതൃയോഗത്തിലാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഒരു മുന്നണിയുടെയും ഭാഗമാകാതെ തനിച്ചു മത്സരിച്ച് പാർട്ടി സ്വന്തം കരുത്തിൽ അധികാരം തിരിച്ചുപിടിക്കുമെന്നും തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഒരു ആശയക്കുഴപ്പവും ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.

മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പുകളെ നേരിടുന്നത് പാർട്ടിയുടെ അടിത്തറയെ ദുർബലപ്പെടുത്തുകയും പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുകയും ചെയ്യുമെന്നാണ് ബിഎസ്പിയുടെ വിലയിരുത്തൽ. സഖ്യകക്ഷികൾക്ക് ബിഎസ്പിയുടെ പരമ്പരാഗത വോട്ടുകൾ കൃത്യമായി ലഭിക്കുമ്പോൾ, അവരുടെ വോട്ടുകൾ ബിഎസ്പി സ്ഥാനാർത്ഥികൾക്ക് മറിച്ച് നൽകുന്നതിൽ അവർ പരാജയപ്പെടുകയാണെന്ന് മായാവതി ചൂണ്ടിക്കാട്ടി. മുൻകാല തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരുവിധ ധാരണയ്ക്കും ഇല്ലെന്ന കർശന നിലപാടിലേക്ക് ബിഎസ്പി നേതൃത്വം എത്തിച്ചേർന്നത്.

ഉത്തർപ്രദേശിൽ ബിജെപിയുടെ ഭരണത്തിൽ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും, ക്രമസമാധാന തകർച്ചയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനജീവിതം ദുസ്സഹമാക്കിയെന്നും മായാവതി വിമർശിച്ചു. മുൻപ് ബിഎസ്പി അധികാരത്തിലിരുന്ന നാല് ഘട്ടങ്ങളിലും സംസ്ഥാനത്ത് പൂർണമായ ക്രമസമാധാനവും സാമൂഹിക നീതിയും ഉറപ്പാക്കാൻ സാധിച്ചിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും സംരക്ഷിക്കാൻ ബിഎസ്പി അധികാരത്തിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി പൂർണ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ താഴേത്തട്ടിൽ വിപുലമായ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ നേതൃയോഗത്തിൽ തീരുമാനമായി. ബൂത്ത് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും യുവജനങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും പാർട്ടിയോട് അടുപ്പിക്കാനുമുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ബിഎസ്പിയുടെ സ്ഥാപക നേതാവ് കാൻഷിറാമിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാൻ അണികളോട് ആഹ്വാനം ചെയ്ത മായാവതി, പാർട്ടിയുടെ നേതൃനിരയിൽ വലിയ ചുമതലകൾ ഏൽപ്പിക്കപ്പെടുന്നവർ കൂടുതൽ രാഷ്ട്രീയ പക്വത കാട്ടേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.

സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവുമായും ബിജെപിയുമായും തുല്യ അകലം പാലിച്ചു മുന്നോട്ടുപോകാനാണ് ബിഎസ്പിയുടെ തന്ത്രം. ഇതോടെ 2027-ൽ ഉത്തർപ്രദേശിൽ എൻഡിഎയും ഇന്ത്യ മുന്നണിയും ബിഎസ്പിയും നേർക്കുനേർ ഏറ്റുമുട്ടുന്ന ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ബിഎസ്പിയുടെ ഈ ഒറ്റയ്ക്കുള്ള പോരാട്ടം യുപിയിലെ ദളിത്-പിന്നാക്ക വോട്ട് ബാങ്കുകളിൽ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ആകാംഷയ്ക്ക് വഴിതുറന്നിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News