Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 സെപ്റ്റംബര് (H.S.)
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരായ വിമർശന വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും പിൻവലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാന്തപുരം നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ വിമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വീഡിയോ പോസ്റ്റ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിമാറിയ പശ്ചാത്തലത്തിലാണ് ഈ അപ്രതീക്ഷിത പിന്മാറ്റം.
സുന്നി സംഘടനകളുടെ കടുത്ത പ്രതിഷേധവും നേതാക്കളുടെ നേരിട്ടുള്ള ഇടപെടലുമാണ് പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്ട്ടുണ്ട്. കാന്തപുരത്തെ വിമര്ശിച്ചുള്ള മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തിന് പിന്നാലെ കേരള ജമാഅത്ത് പ്രതിനിധികള് മുഖ്യമന്ത്രിയെ നേരില് കാണുകയും പ്രതിഷേധം അറിയിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചതെന്നും ശ്രദ്ധേയമാണ്.
വാർത്താസമ്മേളനത്തില് കാന്തപുരത്തിനെതിരെ രൂക്ഷ വിമര്ശനം
കാന്തപുരത്തിനെതിരെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മതപരമായ ചടങ്ങുകളിൽ സ്ത്രീകൾ പൊതുവേദി പങ്കിടുന്നത് 'വലിയ വിനാശങ്ങൾക്ക്' കാരണമാകുമെന്നും അവർ വീടുകളിൽ ഒതുങ്ങിക്കഴിയേണ്ടവരാണെന്നുമുള്ള കാന്തപുരത്തിൻ്റെ നിലപാടിനെ പൂർണമായി തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കാന്തപുരത്തിൻ്റെ നിലപാട് പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്നും, ആധുനിക കേരളത്തിന് ഇത് ഉൾക്കൊള്ളാനാകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.
കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണ് അദ്ദേഹത്തിൻ്റെ വാദങ്ങൾ. പ്രവാചകൻ്റെ ചരിത്രം പരിശോധിച്ചാൽ സ്ത്രീ മുന്നേറ്റങ്ങളുടെ വലിയ ഉദാഹരണങ്ങൾ കാണാം. പ്രവാചകൻ്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരി ആയിരുന്നു. പ്രവാചകൻ്റെ മറ്റൊരു പത്നി ആയിഷ യുദ്ധരംഗത്ത് പട നയിച്ച സർവ്വസൈന്യാധിപയായിരുന്നു. ബിൽകിസ് രാജ്ഞി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭരണാധികാരിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ 'കാന്തപുരത്തിൻ്റെ പ്രസ്താവനയോട് യോജിപ്പില്ല' എന്ന കൃത്യമായ അടിക്കുറിപ്പോടെ വാർത്താസമ്മേളനത്തിൻ്റെ ഈ വീഡിയോ ഭാഗം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിടുകയും പിന്നീട് പിൻവലിക്കുകയുമായിരുന്നു.
സുന്നി സംഘടനകളുടെ പ്രതിഷേധം
പോസ്റ്റ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ പ്രമുഖ സുന്നി സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി. സമസ്തയുടെയും കാന്തപുരത്തിൻ്റെയും നിലപാടുകളെ മുഖ്യമന്ത്രി പൊതുമധ്യത്തിൽ വികലമായി ചിത്രീകരിച്ചു എന്നായിരുന്നു ഇവരുടെ പ്രധാന ആക്ഷേപം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം പച്ചക്കള്ളമാണെന്നും, മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് പരസ്യമായി മാപ്പ് പറയണമെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇസ്ലാമിക ചരിത്രത്തെയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും ശരിയായ രീതിയിൽ മനസ്സിലാക്കാതെയും, സന്ദർഭം പോലും പരിശോധിക്കാതെയുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആനെയും പ്രവാചക ചരിത്രത്തെയും സ്വന്തം താല്പര്യപ്രകാരം തെറ്റായി വ്യാഖ്യാനിച്ച് പൊതുമധ്യത്തിൽ വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുസ്ലിം ജമാഅത്ത് നേതാക്കൾ വ്യക്തമാക്കി. വിഷയം വഷളായതോടെ സുന്നി സംഘടനാ നേതാക്കൾ അടിയന്തരമായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി. കാന്തപുരത്തിൻ്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും യഥാർത്ഥ വസ്തുത മറ്റൊന്നാണെന്നും നേതാക്കൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. സുന്നി വോട്ട് ബാങ്കിനെ പിണക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഈ ചർച്ചകൾക്ക് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര് വിലയിരുത്തുന്നത്.
ഒടുവിൽ പോസ്റ്റ് മുക്കി മുഖ്യമന്ത്രി
നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീഡിയോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ നിന്നും അപ്രത്യക്ഷമായത്. പ്രസ്താവനയിലെ തെറ്റിദ്ധാരണകൾ മാറിയ സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, ഒരൊറ്റ ദിവസം കൊണ്ട് നിലപാട് മാറ്റി ഫേസ്ബുക്ക് പോസ്റ്റ് മുക്കിയ മുഖ്യമന്ത്രിയുടെ നടപടി വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മുഖ്യമന്ത്രിയുടെ ഈ 'യൂ-ടേൺ' എന്ന് പ്രതിപക്ഷം ഇതിനകം തന്നെ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.
നിലപാടിൽ മാറ്റമില്ല, പോസ്റ്റ് അപ്രത്യക്ഷമായത് സാങ്കേതിക തകരാർ മൂലം; മുഖ്യമന്ത്രിയുടെ ഓഫീസ്
വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെതി. കാന്തപുരത്തെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കാണാതായത് യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവും മൂലമല്ലെന്നും, വെറും സാങ്കേതിക തടസ്സങ്ങൾ കാരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്ത്രീകളുടെ പൊതുവേദി പങ്കാളിത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും പിന്നോട്ടില്ലെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR