Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 സെപ്റ്റംബര് (H.S.)
എച്ച്ഐവി പരിശോധന നടത്തി മാത്രം വിവാഹം നടത്തണമെന്ന മാർത്തോമ സഭ വൈദിക ട്രസ്റ്റിയുടെ അഭിപ്രായം വിവാദത്തിൽ. വിവാഹം കഴിക്കുന്ന യുവതി ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മാർത്തോമ്മസഭ കുടുംബ സംഗമത്തിൽ പങ്കെടുത്ത റവ. ഡോ കെ. തോമസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കഴിഞ്ഞ 30ന് നടന്ന ജീവിതത്തിൻ്റെ ഏടുകളും ബന്ധത്തിൻ്റെ കണ്ണികളും എന്ന മാർത്തോമ സഭയുടെ കുടുംബസംഗമത്തിലാണ് ഡോ. തോമസ് വിവാദപരാമർശം നടത്തിയത്.
18, 17 വയസുള്ള രണ്ടുപേർ തമ്മിൽ ബന്ധമുണ്ടായിരുന്നു. മാതാപിതാക്കൾ അവരെ തൻ്റെ അടുക്കൽ കൊണ്ടുവന്നു. അവരോട് താൻ സംസാരിച്ചു. 18 വയസു തികയാത്ത പെൺകുട്ടിയോട് അവനോടുള്ള ബന്ധത്തെക്കുറിച്ച ചോദിച്ചു. കഴിഞ്ഞ ആറുമാസമായി ഞങ്ങൾ ഭാര്യ- ഭർത്താക്കൻമാരെപ്പോലെ ജീവിക്കുകയാണെന്ന് മാർത്തോമ്മ സഭയിൽപ്പെട്ട ആ പെൺകുട്ടി പറഞ്ഞു. ആ വിവാഹത്തിൻ്റെ ആയുസ് എത്രയാണെന്ന് ആലോചിക്കണമെന്നും വൈദികൻ പറഞ്ഞു.
കർണാടക സർക്കാർ അവിടെയുള്ള എല്ലാ കാമ്പസുകളിലും എച്ച്ഐവി പരിശോധന നടത്തുകയാണ് അത് ഇവിടെയും നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. മാർത്തോമ്മ സഭയിൽ നടക്കുന്ന എല്ലാ വിവാഹങ്ങൾക്കു മുൻപും എച്ച്ഐവി പരിശോധന നടത്തണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മാർത്തോമ്മസഭ വൈദികൻ പറഞ്ഞു.
ഈ അഭിപ്രായം പറയുന്നതിൽ മാതാപിതാക്കൾക്ക് തന്നോട് ഒന്നും തോന്നരുത്. 'ഐ പ്രെയ്സ് ഗോഡ് ഫോർ യുവർ ലൈഫ്' എന്ന പ്രബോധനവാക്യം മാതാപിതാക്കളെ ഓർമ്മിപ്പിക്കുകയാണ്. 27 വയസുള്ള ഒരു മകളെ മണവാട്ടിയായി കൊണ്ടുവരുമ്പോൾ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് അച്ഛനും അമ്മയും ഉറപ്പാക്കണം. അത് അവരുടെ കടമയാണ്. അതാണ് ഈ കുടുംബസംഗമത്തിൻ്റെ അർഥം. സഭക്കുള്ളിൽ തനിക്ക് ഇതു പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഡോ. തോമസ് പറഞ്ഞു.
ആയിരത്തിലധികം പേരാണ് കുടുംബ സംഗമത്തിൽ പങ്കെടുത്തത്. കുടുംബസംഗമത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ വൈദികനെതിരെ രൂക്ഷമായ വിമർശനം ഉയരുകയായിരുന്നു. തുടര്ന്ന് വൈദികന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സഭയുടേത് അല്ലെന്നും മാര്ത്തോമ സഭ വൃത്തങ്ങള് അറിയിച്ചു.
കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയും കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു. നബിദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ഹുബ്ബുൽ റസൂൽ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പ്രസ്താവന. സ്ത്രീകൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കണമെന്നും പൊതുവേദിയിൽ വരരുത് എന്നുമുള്ള പഴയ നിലപാട് ഒരിടവേളയ്ക്ക് ശേഷം കാന്തപുരം ആവർത്തിച്ചതോടെയാണ് വിവാദത്തിന് തീപിടിച്ചത്.
സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിൽ ഇരിക്കേണ്ടവരാണെന്ന അഭിപ്രായം ആധുനിക സമൂഹത്തിന് നിരക്കാത്ത കടുത്ത സ്ത്രീവിരുദ്ധതയായിത്തന്നെ കണ്ട് വലിയ വിയോജിപ്പും പ്രതിഷേധവും അമർഷവും ഉയർന്നിരുന്നു. മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അദ്ദേഹം പറയുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കാണവെ മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും അവർ അടങ്ങിയൊതുങ്ങി വീടുകളിൽ കഴിയണമെന്നുമുള്ള കാന്തപുരത്തിൻ്റെ നിലപാട് പുരോഗമന കേരളത്തിന് ഒട്ടും യോജിച്ചതല്ല. ഇത്തരം യാഥാസ്ഥിതിക നിലപാടുകളോട് സർക്കാരിന് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. സ്ത്രീകൾ വീടുകളിൽ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും, അവർ ജീവിതത്തിൻ്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്നുമുള്ള പുരോഗമനപരമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR