Enter your Email Address to subscribe to our newsletters

Chennai , 03 സെപ്റ്റംബര് (H.S.)
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കണ്ടുപിടിക്കുന്നതിനായി കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലെ 30 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേരളത്തിനുപുറമേ തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും റെയ്ഡുകൾ നടന്നു. കേന്ദ്ര സർക്കാരിൻ്റെ 'നശ മുക്ത് ഭാരത് അഭിയാൻ' പദ്ധതിയുടെയും ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ 'വിഷൻ ഡോക്യുമെൻ്റ് ഓൺ നാർക്കോട്ടിക് കൺട്രോൾ 2026-2029' പ്രകാരം വിഭാവനം ചെയ്ത എൻഫോഴ്സ്മെൻ്റ് പദ്ധതിയുടെയും ഭാഗമായാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിൻ്റെ 'നശ മുക്ത് ഭാരത് അഭിയാൻ'എന്നത് രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു ദേശീയ ബോധവൽക്കരണ പദ്ധതിയാണ്. കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയമാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. 2020 ഓഗസ്റ്റ് 15-നാണ് ഈ കാമ്പെയ്ൻ ഔദ്യോഗികമായി ആരംഭിച്ചത്. തുടക്കത്തിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ട 272 ജില്ലകളിലാണ് ഇത് നടപ്പിലാക്കിയതെങ്കിലും, നിലവിൽ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈ, തിരുനെൽവേലി, നാഗപട്ടണം, വേളാങ്കണ്ണി, രാമനാഥപുരം കോലാർ ജില്ല എന്നിവിടങ്ങളിലും കർണാടകയിലെ ഹോസ്കോട്ട് , തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ല, സെരിലിംഗമ്പള്ളി, നാനക്രാംഗുഡ പ്രദേശങ്ങളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സംസ്ഥാന പോലീസിൻ്റെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും (എൻസിബി) എട്ട് എഫ്ഐആറുകളും പ്രത്യേക മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളുമാണ് ഈ നടപടിയുടെ അടിസ്ഥാനമെന്ന് ഇഡി ഉദോഗ്യസ്ഥർ വ്യക്തമാക്കി.
ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്നാണ് കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രധാനമായും എം.ഡി.എം.എ , എൽ.എസ്.ഡി, കഞ്ചാവ് എന്നിവ എത്തുന്നത്. ആഡംബര കാറുകളിൽ രഹസ്യ അറകൾ നിർമ്മിച്ചും അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ വഴിയുമാണ് ഇവ കടത്തുന്നത്.
ശ്രീലങ്കയുമായും ചില പശ്ചിമേഷ്യൻ രാജ്യങ്ങളുമായും അതിർത്തി കടന്നുള്ള ബന്ധമുള്ള മെത്താംഫെറ്റാമൈൻ, മരിജുവാന, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്ന് കടത്ത് ഇഡിയുടെ റഡാറിലുള്ള ഈ കേസുകളിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ രണ്ട് ഡസനിലധികം ഇന്ത്യക്കാരും വിദേശ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR