ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 25നകം വിചാരണക്കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം
Ernakulam , 03 സെപ്റ്റംബര് (H.S.) ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 25നകം വിചാരണക്കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖ
High Court of Kerala


Ernakulam , 03 സെപ്റ്റംബര് (H.S.)

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 25നകം വിചാരണക്കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, തുടർനടപടികൾ വൈകിപ്പിക്കരുതെന്ന് നിർദേശിച്ചു.

കേസ് പരിഗണിച്ചപ്പോൾ എസ്.ഐ.ടി തലവൻ എസ്.പി ശശിധരൻ നേരിട്ട് ഹാജരായാണ് വിവരങ്ങൾ ദേവസ്വം ബെഞ്ചിനെ അറിയിച്ചത്. കട്ടിളപ്പാളി കേസിന് പുറമെ 2025ലെ ദ്വാരപാലക പാളി കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സാവകാശം കൂടി അന്വേഷണ സംഘം കോടതിയോട് തേടിയിട്ടുണ്ട്. കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായെന്നും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ കാരണമായതെന്നും എസ്.ഐ.ടി വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി ഒരു മാസത്തിന് ശേഷം പരിഗണിക്കാനായി മാറ്റി. കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ പകർപ്പ് വൈകിട്ടോടെ പുറത്തുവരും.

ശാസ്ത്രീയ പരിശോധനയിൽ നിർണായക വിവരങ്ങൾജംഷഡ്പൂരിലെ ദേശീയ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലമാണ് കേസിൽ നിർണായകമായത്. അന്വേഷണ സംഘം ജംഷഡ്പൂരിലെ ലാബിൽ നേരിട്ടെത്തി ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വച്ച് പാളികളിൽ നിന്ന് സ്വർണം വേർതിരിച്ച് അപഹരിച്ച രീതി ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പാളികളിലുണ്ടായിരുന്ന സ്വർണത്തിൻ്റെ ഗുണനിലവാരം സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചു. ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെയാണ് കട്ടിളപ്പാളി കേസിൽ ആദ്യ കുറ്റപത്രം തയ്യാറായത്.

ദ്വാരപാലക പാളി കേസും വിജിലൻസ് അന്വേഷണവുംശബരിമലയുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക പാളി കേസ് എന്നിവയ്ക്ക് പുറമെ 2025ൽ പി.എസ് പ്രശാന്തിൻ്റെ കാലത്ത് ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസും ഇതിൽ ഉൾപ്പെടുന്നു. ഈ കേസിൽ ഇതിനകം 54 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായിരുന്ന പി.എസ് പ്രശാന്തിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാന വിജിലൻസിൻ്റെ പ്രത്യേക സംഘവും ശബരിമലയിലെ ക്രമക്കേടുകൾ സംബന്ധിച്ച് സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

ദേവസ്വം ബെഞ്ചിൻ്റെ ഇടപെടൽ

ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള കട്ടിളപ്പാളിയിലും ദ്വാരപാലക ശിൽപങ്ങളിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ടാണ് വൻ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച സ്വർണം ഉൾപ്പെടെ തിരിമറി നടത്തിയെന്ന ആരോപണം ഉയർന്നതോടെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയത്തിൽ കർശന ഇടപെടൽ നടത്തിയത്.

ക്ഷേത്ര ഭരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഹൈക്കോടതി വിമർശിച്ചിട്ടില്ലെന്നും നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് സൂചന. അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. അതിനാൽ കൂടുതൽ വിവരങ്ങൾ ഇടക്കാല ഉത്തരവ് പുറത്തുവന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News