Enter your Email Address to subscribe to our newsletters

Newdelhi , 03 സെപ്റ്റംബര് (H.S.)
വ്യാപാരം, പ്രതിരോധം, ക്രൂഷ്യൽ മിനറലുകൾ, ഹരിത ഊർജ്ജം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും ബെൽജിയവും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറും തമ്മിൽ വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഈ നിർണായക തീരുമാനം. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ബെൽജിയം പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
ലോകം വലിയ പ്രതിസന്ധികളിലൂടെയും സംഘർഷങ്ങളിലൂടെയും കടന്നുപോകുകയാണെന്നും ഭക്ഷ്യ ഇന്ധന വിതരണ ശൃംഖലകൾ തടസപ്പെടുന്നുണ്ടെന്നും മാധ്യമപ്രസ്താവനയിൽ മോദി ചൂണ്ടിക്കാട്ടി. ഈ പ്രതികൂല അന്തരീക്ഷത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ പാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ത്യയുടെ ഈ വളർച്ച ലോകത്തിന് വലിയ പ്രതീക്ഷയും പുതിയ അവസരങ്ങളുമാണ് നൽകുന്നത്, അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന തൂണാണ് പ്രതിരോധ സുരക്ഷാ സഹകരണമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സൈനിക കൈമാറ്റങ്ങളും പരിശീലനങ്ങളും വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രതിരോധ മേഖലയിലെ സഹനിർമ്മാണത്തിനും സാങ്കേതിക വികസനത്തിനും പുതിയ കരാറുകൾ വഴിയൊരുക്കും. തീവ്രവാദത്തെയും കുറ്റകൃത്യങ്ങളെയും ചെറുക്കാൻ ഇൻ്റലിജൻസ് വിവരങ്ങൾ കൈമാറാനും തീരുമാനമായി. വിദഗ്ധർക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിന് 'മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ' ഉടൻ ഒപ്പുവെക്കുമെന്നും മോദി വ്യക്തമാക്കി.
പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ധാരണാപത്രം (MoU) ഒപ്പുവെച്ചു. വജ്രവ്യാപാരവും തുറമുഖ ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണവും ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 13.01 ശതകോടി ഡോളറിലെത്തിയിട്ടുണ്ട്. 1947 സെപ്റ്റംബറിൽ സ്വതന്ത്ര ഇന്ത്യയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ബെൽജിയം. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും ബെൽജിയവും മുന്നേറുന്നത്. പരമ്പരാഗത വ്യാപാര ബന്ധങ്ങൾക്കപ്പുറം പ്രതിരോധം, സെമികണ്ടക്ടർ, ഹരിത ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് കൂട്ടുകെട്ട് വിപുലീകരിക്കുന്നത് ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വത്തിനും വളർച്ചയ്ക്കും വലിയ കരുത്തേകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR