മാലിദ്വീപിൻ്റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മാലിദ്വീപിന് മരങ്ങൾ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമായി കേരളം
Thiruvananthapuram, 03 സെപ്റ്റംബര് (H.S.) കേരളത്തിൻ്റെ തേക്കിൻ തൈകളും മാവിൻ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങൾ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ ''ഫൈവ് മില്യൺ പ്രോജക്ട് '' എന്ന പദ്ധതിയുമായി സഹകരിക്കുന്നതിൻ
KERALA MALDIVES TREE DONATION


Thiruvananthapuram, 03 സെപ്റ്റംബര് (H.S.)

കേരളത്തിൻ്റെ തേക്കിൻ തൈകളും മാവിൻ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങൾ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ 'ഫൈവ് മില്യൺ പ്രോജക്ട് ' എന്ന പദ്ധതിയുമായി സഹകരിക്കുന്നതിൻ്റെ ഭാഗമായാണ് മരത്തൈകൾ കൈമാറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.

മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ എ.പി.സി.സി.എഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസിൻ്റെ സാന്നിധ്യത്തിൽ മാലിദ്വീപ് കോൺസുൽ ജനറൽ അമിനത്ത് ഷിഫാന മരത്തൈകൾ ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. താൻ ഏറെ സ്നേഹിക്കുന്ന കേരളത്തിൻ്റെ സ്നേഹസമ്മാനം ഏറ്റുവാങ്ങുന്നതിൽ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോൺസുൽ ജനറൽ അമിനത്ത് ഷിഫാന പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈ 25, 26 തീയതികളിൽ മാലിദ്വീപ് സന്ദർശിച്ച വേളയിൽ ഇന്ത്യയിൽ നിന്നും തൈകൾ എത്തിച്ചുനൽകാം എന്ന് ഉറപ്പു നൽകിയിരുന്നു. മാലിദ്വീപിൻ്റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. ഇതിൻ്റെ ഭാഗമായി 600 മാവിൻ തൈകളും, 600 തേക്കിൻ തൈകളുമാണ് കേരളം മാലിദ്വീപിന് സംഭാവന ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്നും ശേഖരിച്ച 600 ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നും ശേഖരിച്ച 600 തേക്കിൻ തൈകളും പ്രത്യേക കവറുകളിൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ പെർമനൻ്റ് നഴ്സറിയിൽ തയ്യാറാക്കിയിട്ടുണ്ട്.

ഫൈവ് മില്യൺ പ്രോജ്ക്ട്

മാലിദ്വീപിൻ്റെ പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതിനുമായി അവിടുത്തെ സർക്കാർ ആവിഷ്കരിച്ച വൻകിട പദ്ധതിയാണ് '5 മില്യൺ ട്രീ പ്രോജക്ട്' . പദ്ധതിയുടെ ഭാഗമായി അഞ്ച് വർഷത്തിനുള്ളിൽ മാലിദ്വീപിലുടനീളം 50 ലക്ഷം (5 മില്യൺ) വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നു.

മാലിദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു 2023ലെ കോപ് 28 ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനത്തെ തുടർന്ന്, 2024 ജൂൺ 5-ന് (ലോക പരിസ്ഥിതി ദിനത്തിൽ) ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മാലിദ്വീപിലെ വംശനാശഭീഷണി നേരിടുന്നതും തദ്ദേശീയവുമായ 90-ലധികം ഇനം സസ്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇതിൽ മുൻഗണന നൽകുന്നത്. കടൽത്തീരത്തെ മണ്ണൊലിപ്പ് തടയാനും ദ്വീപുകളുടെ പച്ചപ്പ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.

സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും പൊതുജനങ്ങളും പങ്കാളികളാകുന്ന ഈ പദ്ധതി ഇതിനോടകം വലിയ വിജയമായി മുന്നേറുകയാണ്. 2025 അവസാനത്തോടെ തന്നെ ലക്ഷക്കണക്കിന് തൈകൾ വിവിധ ദ്വീപുകളിലായി ഇതിനകം നട്ടുപിടിപ്പിച്ചു കഴിഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News