ഇന്ത്യ-ബെൽജിയം ബന്ധം തന്ത്രപ്രധാന മേഖലകളിലേക്ക്: സൊറാവർ ടാങ്ക്, ഹരിത ഊർജ്ജ സഹകരണങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Newdelhi , 03 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരമ്പരാഗത വ്യാപാര മേഖലകൾക്കപ്പുറം പ്രതിരോധം, ഹരിത ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് അതിവേഗം വികസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക
ഇന്ത്യ-ബെൽജിയം ബന്ധം തന്ത്രപ്രധാന മേഖലകളിലേക്ക്: സൊറാവർ ടാങ്ക്, ഹരിത ഊർജ്ജ സഹകരണങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


Newdelhi , 03 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പരമ്പരാഗത വ്യാപാര മേഖലകൾക്കപ്പുറം പ്രതിരോധം, ഹരിത ഊർജ്ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലേക്ക് അതിവേഗം വികസിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറുമായി തലസ്ഥാനത്ത് നടത്തിയ ഉന്നതതല പ്രതിനിധി ചർച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ബെൽജിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.

പ്രതിരോധ വ്യാവസായിക സഹകരണത്തിലെ സുപ്രധാന ചുവടുവെപ്പായ ഇന്ത്യൻ സൈന്യത്തിന്റെ ലൈറ്റ് ടാങ്ക് 'സൊറാവർ' പദ്ധതിയിലെ സഹകരണവും ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ സ്ഥാപിക്കുന്ന വൻകിട ഗ്രീൻ അമോണിയ പ്ലാന്റും ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബെൽജിയൻ കമ്പനിയായ ജോൺ കോക്കറില്ലുമായി ചേർന്നുള്ള പദ്ധതികൾ ഇന്ത്യയുടെ ഗ്രീൻ ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾക്ക് വലിയ ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. വജ്ര വ്യാപാരത്തിന് മുൻഗണന നൽകിയിരുന്ന പരമ്പരാഗത ബന്ധത്തിൽ നിന്ന് ആധുനിക സാങ്കേതികവിദ്യ, പ്രതിരോധം, ശുദ്ധ ഊർജ്ജം എന്നീ മേഖലകളിലേക്കുള്ള വളർച്ച ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാണ്.

പ്രതിരോധ ഉൽപ്പാദനം, മാരിടൈം കണക്റ്റിവിറ്റി, പോർട്ട് ഇൻഫ്രാസ്ട്രക്ചർ, സെമികണ്ടക്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ, യൂറോപ്യൻ യൂണിയൻ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ ഇടംപിടിച്ചു. ആഗോള സപ്ലൈ ചെയിൻ സുരക്ഷിതമാക്കുന്നതിലും തുറമുഖങ്ങളുടെ നവീകരണത്തിലും ആന്റ്വെർപ് തുറമുഖവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബെൽജിയം നൽകുന്ന പിന്തുണയെയും ഇന്ത്യ സ്വാഗതം ചെയ്തു.

ബെൽജിയം പ്രതിരോധ-വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കെൻ, ഉന്നത ഉദ്യോഗസ്ഥർ, ബിസിനസ് പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് ബാർട്ട് ഡി വെവർ ഇന്ത്യയിലെത്തിയത്. വ്യാപാര-നിക്ഷേപ രംഗത്ത് യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കവാടങ്ങളിലൊന്നാണ് ബെൽജിയം. ന്യൂഡൽഹിയിലെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം മുംബൈയിലെ ഭാരത് ഡയമണ്ട് ബോർസ് സന്ദർശിക്കുന്ന ബെൽജിയൻ പ്രധാനമന്ത്രി, പ്രമുഖ ഇന്ത്യൻ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുന്നതാണ് നിലവിലെ നയതന്ത്ര മുന്നേറ്റമെന്ന് വിലയിരുത്തപ്പെടുന്നു.

---------------

Hindusthan Samachar / Roshith K


Latest News