Enter your Email Address to subscribe to our newsletters

Kozhikode , 03 സെപ്റ്റംബര് (H.S.)
രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം മറക്കുന്ന നേതാക്കൾക്ക് ഒരു ഓർമപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീർ. ലീഗ് നേതാക്കളുടെ ഭക്ഷണപ്രിയത്തെ സരസമായി പരിഹസിച്ച അദ്ദേഹം, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും പുതിയ തലമുറ അസുഖം വരാതെ നോക്കണമെന്നും ഓർമിപ്പിച്ചു. കർമശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമുള്ള അദ്ദേഹത്തിൻ്റെ മറുപടി പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മുസ്ലിം ലീഗിൻ്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ദഹനശക്തിയും സഹനശക്തിയും നന്നായി വേണമെന്ന് എം.കെ മുനീർ പറഞ്ഞു. തനിക്ക് ദഹനശക്തി കുറച്ചു കൂടിപ്പോയെന്നും എന്നാൽ സഹനം അത്രത്തോളം ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിൻ്റെ നേതാക്കളൊക്കെ വളരെ പെട്ടെന്നാണ് വിട്ടുപിരിഞ്ഞു പോയിട്ടുള്ളത്. എന്നാൽ മറ്റു പല പാർട്ടിയിലുള്ളവരും നൂറു വയസ് കഴിഞ്ഞിട്ടും ആരോഗ്യത്തോടെ നിൽക്കുന്നുണ്ട്. അതിനാൽ ഭക്ഷണത്തിൽ നല്ല ക്രമീകരണം വേണമെന്നും, തങ്ങളുടെയൊക്കെ സമയം കഴിഞ്ഞെങ്കിലും ഇനിയുള്ളവരെയെങ്കിലും ആ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭാവിയിൽ വരാൻ പോകുന്ന ഏറ്റവും വലിയ പ്രയോഗം ആഹാരത്തിലെ വ്യായാമം എന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഏതു വ്യായാമം ചെയ്താലാണ് തടി കുറയുക എന്ന് ഒരിക്കൽ താൻ ഡോക്ടറോട് ചോദിച്ചിരുന്നു. കഴുത്ത് ഇടത്തോട്ടും വലത്തോട്ടും ആക്കിയാൽ തടി കുറയുമെന്നായിരുന്നു ഡോക്ടറുടെ മറുപടി. അതെങ്ങനെയെന്ന് ചോദിച്ചപ്പോൾ, ഭക്ഷണം കൊണ്ടുവയ്ക്കുമ്പോഴൊക്കെ അങ്ങനെ ആക്കിയാൽ മതിയെന്നായിരുന്നു ഡോക്ടർ നൽകിയ ഉപദേശം.
കാരണം എപ്പോഴും ഭക്ഷണത്തെയാണ് നോക്കുന്നതെന്നും, അപ്പോൾ ഭക്ഷണവും വ്യായാമവും തമ്മിൽ ബന്ധമുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കൂടെ ഭക്ഷണത്തിനിരിക്കുമ്പോൾ, മുന്നിൽ കാണുന്നത് അധികം വിളമ്പേണ്ടെന്നും അത് തനിക്ക് നൽകിയാൽ മതിയെന്നും അദ്ദേഹം പറയാറുണ്ടെന്ന് മുനീർ പറഞ്ഞു. വി.ഡി സതീശനുമായിട്ടുള്ള അഭിപ്രായവ്യത്യാസവും ഇതുതന്നെയാണ്. തൻ്റെ ഓംലെറ്റ് അദ്ദേഹം എടുത്തു മാറ്റാറുണ്ടെന്നും, അതിൻ്റെ പേരിൽ മാത്രമാണ് തങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുള്ളതെന്നും മുനീർ ചിരിയോടെ പറഞ്ഞു.
തൻ്റെ പിതാവ് സി.എച്ച് മുഹമ്മദ് കോയയും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് പലരും പറഞ്ഞിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. എന്നാൽ താൻ പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നു, അദ്ദേഹം പഞ്ചസാരയിട്ട ചായ കുടിക്കുന്നു എന്ന വ്യത്യാസമല്ലാതെ വേറൊരു പ്രശ്നവുമില്ലെന്നായിരുന്നു പിതാവ് അതിന് നൽകിയ മറുപടി.
പണ്ടൊക്കെ ആരോഗ്യമില്ലാത്തവരോട് സമൂഹത്തിന് സഹാനുഭൂതി ഉണ്ടായിരുന്നു. അയാളെ സഹായിക്കണമെന്ന ബോധമുണ്ടായിരുന്നു. പിന്നീട് അത് സഹതാപമായി മാറി. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും, സുഖമില്ലെങ്കിൽ മാറ്റിനിർത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ അസുഖം വരാതെ നോക്കുക എന്നതാണ് പുതിയ തലമുറയോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം ജീവിക്കാൻ മറന്നപ്പോൾ രോഗിയായിജനസേവനത്തിനിടെ സ്വയം ജീവിക്കാൻ മറന്നുപോയതാണ് തന്നെ ഒരു രോഗിയാക്കിയതെന്ന് ഡോ. എം.കെ മുനീർ മുൻപ് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു. മുപ്പതാം വയസിലാണ് അദ്ദേഹത്തെ പ്രമേഹരോഗം പിടികൂടിയത്. പാരമ്പര്യമായി കിട്ടിയതാണ് ഈ രോഗം. പിതാവ് സി.എച്ച് മുഹമ്മദ് കോയ, മാതാവ്, സഹോദരി, അമ്മാവൻ എന്നിവരൊക്കെ പ്രമേഹബാധിതരായിരുന്നു. തൻ്റെ കാര്യത്തിൽ അത് ജീവിതശൈലി കൂടി ആയപ്പോൾ മൂർച്ഛിക്കുകയായിരുന്നു. പ്രമേഹരോഗത്തെ ഏറ്റവും കൂടുതൽ വഷളാക്കുന്നത് ജീവിതശൈലിയാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയതുകൊണ്ടാണ് തനിക്ക് ജീവിതശൈലിയെ ക്രമീകരിക്കാൻ പറ്റാതെ പോയത്.
എത്ര വിചാരിച്ചാലും ജനസേവനത്തിനും രാഷ്ട്രീയത്തിനും ഇറങ്ങുമ്പോൾ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. അവിടെ ശൈലി തന്നെ മാറിപ്പോവുകയാണ്. ഭക്ഷണക്രമം തെറ്റുന്നതും ഉറക്കം കുറയുന്നതും ഈ രോഗത്തെ വഷളാക്കും. ജീവിതത്തിൻ്റെ താളം തെറ്റിപ്പോയതോടെ ചികിത്സയ്ക്കും അതിനെ പിടിച്ചുനിർത്താൻ കഴിഞ്ഞില്ല. പ്രമേഹം പിടിപെട്ടാൽ അത് ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നതാണ് യാഥാർഥ്യം. കഠിനമായ ജീവിതചര്യയിലൂടെ അതിനെ നിയന്ത്രിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. ഒരു രാഷ്ട്രീയക്കാരൻ അല്ലായിരുന്നെങ്കിൽ തനിക്കും അതിന് സാധിക്കുമായിരുന്നു എന്ന് എം.കെ മുനീർ അഭിപ്രായപ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR